പ്രതീകാത്മക ചിത്രം
കൊച്ചി: ഇൻറോഡ്, റബർ ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മികച്ച റബർ ഉത്പാദനത്തിനും സംസ്കരണത്തിനും സഹായകമാകുന്ന ബോധവത്കരണ വീഡിയോ പരമ്പര പുറത്തിറക്കി.
ഇൻറോഡ് സ്കില്ലിംഗ് ആൻഡ് പ്രൊഡക്ഷൻ എഫിഷ്യൻസി എൻഹാൻസ്മെന്റ് ഡ്രൈവ് (ഐസ്പീഡ് ) പദ്ധതിയുടെ ഭാഗമായി 150 കോടി രൂപയുടെ സമഗ്ര നൈപുണ്യ വികസന പരിപാടി നടപ്പിലാക്കുന്നതിനു മുന്നോടിയായാണ് വീഡിയോ പരമ്പര.
മൂന്നു ലക്ഷത്തോളം റബർ കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. റബർ ടാപ്പിംഗ്, റെയിൻ ഗാർഡിംഗ്, ഗ്രേഡിംഗ്, ഷീറ്റ് നിർമാണം, ശാസ്ത്രീയ സ്മോക്ക് ഹൗസുകൾ എന്നിവ പ്രതിപാദിക്കുന്ന വീഡിയോ പരമ്പര റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ പുറത്തിറക്കി. റബർ പ്രൊഡക്ഷൻ കമ്മീഷണർ ഡോ. സിജു ടി. നായർ, റബർ ബോർഡ് ഉദ്യോഗസ്ഥർ, വ്യവസായ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളം, ആസാമീസ്, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലാണു വീഡിയോകൾ തയാറാക്കിയിരിക്കുന്നത്. റബർ ബോർഡിന്റെയും റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സാങ്കേതികസഹായത്തോടെ അനിമേഷനും തത്സമയ ദൃശ്യങ്ങളും സമന്വയിപ്പിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്.
Tags : Awareness VideoSeries RubberFarmers Business