കോഴിക്കോട്: താമരശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസം ഉണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
പാമ്പിനെ മാറ്റുന്നതിനായി പാമ്പിന്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് ആസാദിനെ പാന്പ് കടിച്ചത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിന്റെ എതിർവശത്തേക്ക് നീങ്ങി.
Tags : young man bitten python thamarassery hospitalised