പാറേൽ മര്‍ത്ത്മറിയം വലിയ പള്ളി
ചങ്ങനാശേരി: പള്ളിക്കൊപ്പം കാരുണ്യത്തിന്റെ കൈത്താങ്ങുകൂടി ചേർത്തുവച്ച് പാറേൽ മരിയൻ തീർഥാടന കേന്ദ്രം. പുതിയ ദേവാലയത്തിന്റെ കൂദാശാസ്മാരകമായി പാറേൽ ഇടവകയുടെ നേതൃത്വത്തിൽ 11 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി സ്ഥലം നൽകി വീടുകൾ നിർമിച്ചു നൽകും.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും കരിസ്മാറ്റിക് ഗ്രൂപ്പും പാറേല്‍ ചാസ് യൂണിറ്റും കൈമാറിയ സ്ഥലത്താണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. 11 കുടുംബങ്ങളുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് വീടുനിര്‍മാണത്തിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
കരുതലോടെ ഒരു ദശാബ്ദം
2015 ഓഗസ്റ്റ് 15ന് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് നിര്‍മാണം ആരംഭിച്ചതു മുതലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാറേല്‍ ഇടവക ഭവനനിര്‍മാണത്തിനും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. അന്നുമുതല്‍ പാറേല്‍ ഇടവകയില്‍നിന്നു പൂര്‍ണമായും മേജര്‍ അറ്റകുറ്റപ്പണികള്‍ വഴിയും 40 വീടുകള്‍ നിര്‍മിച്ചു നല്കി. ഇതില്‍ 10 വീടുകളുടെ നിര്‍മാണത്തിന് ഇടവകയിലെ വിന്‍സന്റ് ഡി പോള്‍ യൂണിറ്റാണ് നേതൃത്വം നല്‍കിയത്.
അതിരൂപതയില്‍നിന്ന് രാജമറ്റത്ത് 23 കുടുംബങ്ങള്‍ക്കും വായ്പൂര് അഞ്ച് കുടുംബങ്ങള്‍ക്കും ഭവനനിര്‍മാണത്തിനായി സ്ഥലം ക്രമീകരിച്ചു നല്‍കിയിരുന്നു.
പള്ളിയുടെ നിര്‍മാണത്തോടനുബന്ധിച്ചുള്ള മരിയന്‍ പില്‍ഗ്രിം സെന്റര്‍ ഭവനനിര്‍മാണ പദ്ധതിയുടെ ഫണ്ടില്‍നിന്ന് 20 വീടുകളുടെ നിര്‍മാണത്തിനും രണ്ട് വീടുകളുടെ മേജര്‍ അറ്റകുറ്റപ്പണികള്‍ക്കും സാമ്പത്തികസഹായം നല്‍കിയിരുന്നു.
മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിന്റെ നിര്‍മാണത്തോടനുബന്ധിച്ച് വിവിധ പദ്ധതികള്‍ പ്രകാരം 101 വീടുകളുടെ നിര്‍മാണത്തിനുള്ള സഹായമാണ് ഇതുവരെ നല്‍കിയത്.
തുടരുന്ന കാരുണ്യപദ്ധതികൾ
കൂദാശാസ്മാരകമായി നിർമിക്കുന്ന 11 വീടുകൾക്കു പുറമെ, അതിരൂപതയുടെ ‘കളർ എ ഹോം’ പദ്ധതിയുമായി സഹകരിച്ച് വിവിധ ഇടവകകളിലായി 25 വീടുകൾകൂടി നിർമിച്ചു നൽകാനും പാറേൽ പള്ളി ലക്ഷ്യമിടുന്നു. പള്ളിനിർമാണത്തിനൊപ്പം നിരാലംബരായ കുടുംബങ്ങളുടെ തലചായ്ക്കാനുള്ള സ്വപ്നവും യാഥാർഥ്യമാക്കുകയാണ് പാറേൽ മരിയൻ തീർഥാടന കേന്ദ്രം.
Tags : Parel Pally House Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Hundred families