Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parel Pally

പാറേൽ പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു; വിശ്വാസികൾ ആഹ്ലാദത്തിൽ

ചങ്ങനാശേരി: പുതിയ പള്ളിയുടെ കൂദാശയ്ക്കു ദിവസങ്ങൾ മാത്രം ശേഷിക്കെ ചങ്ങനാശേരി പാറേൽ സെന്‍റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. പുതിയ പള്ളിയുടെ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് വത്തിക്കാനിൽനിന്നു ചരിത്ര പ്രാധാന്യമുള്ള ഈ പ്രഖ്യാപനം ഉണ്ടായത്.

ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, വലിപ്പവും സൗകര്യങ്ങളും, മതിയായ ശുശ്രൂഷകരും ക്രമീകരണങ്ങളും ഇതെല്ലാം കണക്കിലെടുത്താണ് ഒരു പള്ളിയെ കത്തോലിക്ക സഭ ബസിലിക്കയായി ഉയർത്തുന്നത്. ചങ്ങനാശേരി അതിരൂപതയിൽതന്നെ ചമ്പക്കുളം കല്ലൂർക്കാട് സെന്‍റ് മേരീസ് പള്ളിക്കു ബസിലിക്ക പദവി ലഭിച്ചിട്ടുണ്ട്.

ബസിലിക്കയായി പ്രഖ്യാപിക്കപ്പെട്ടാൽ ആ ദേവാലയത്തിന് മാർപാപ്പയോടും സഭയോടുമുള്ള ആത്മീയ ബന്ധം കൂടുതൽ ശക്തമാകും. ബസിലിക്ക പള്ളികൾക്കു പൊതുവേ ആഘോഷിക്കപ്പെടേണ്ട പ്രത്യേക തിരുനാളുകളും ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ഉണ്ടാകും. മധ്യകേരളത്തിലെതന്നെ പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമാണ് പാറേൽ സെന്‍റ് മേരീസ് പള്ളി. ഇവിടെ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ ഏറെ പ്രസിദ്ധമാണ്.

തീർഥാടകരുടെ എണ്ണം ഏറിയതോടെയാണ് പൗരാണികമായ പഴയ പള്ളിക്കു പകരം പുതിയ പള്ളി നിർമിക്കാൻ തീരുമാനിച്ചത്. 51,000-ത്തിലധികം ചതുരശ്രയടി വിസ്തീർണമുള്ള ഈ പുതിയ പള്ളി കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായി കരുതപ്പെടുന്നു. അടുത്ത നവംബർ 21നാണ് പുതിയ പള്ളിയുടെ കൂദാശ നടക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയാണ് പുതിയ പള്ളിയുടെ ശില ആശീർവദിച്ചത്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചങ്ങനാശേരിയുടെ ആധുനിക കാലത്താണ് അമലോത്ഭവ മാതാവിന്‍റെ നാമത്തിലുള്ള പാറേൽ പള്ളി രൂപം കൊള്ളുന്നത്. ഈ ദേവാലയത്തേക്കാൾ പഴക്കവും പാരമ്പര്യമുള്ള ധാരാളം മത-ആത്മീയകേന്ദ്രങ്ങൾ ഇവിടെ വേറെയുണ്ട്. പക്ഷേ, അവയ്ക്കൊന്നും കിട്ടിയതിനേക്കാൾ ഉയർന്ന ഒരു സ്ഥാനം ചങ്ങനാശേരിക്കാരുടെ ഹൃദയത്തിൽ പാറേൽ പള്ളിക്കു കിട്ടി.

മൂന്നു പ്രധാന കാരണങ്ങൾ ഇതിനു പിന്നിൽ കാണാം.  1. ജാതി മത വർഗവർണ വ്യത്യാസമില്ലാതെ ഇവിടുത്തെ മനുഷ്യർക്കിടയിലുള്ള മാതാവിനു നേർക്കുള്ള വണക്കം. 2. ഈ പള്ളിയുടെ സ്ഥാപകർ ഭാവന ചെയ്ത തീർത്ഥാന കേന്ദ്രം എന്ന സങ്കല്പം. ഒരു കരയുടെയോ സ്ഥലത്തിന്‍റെയോ ഇടവക പള്ളി എന്നതല്ല; മറിച്ച് സകല ജനങ്ങളുടെയും പ്രാർഥനാലയം എന്നതാണ് സ്ഥാപകരുടെ ലക്ഷ്യം. 3. കാർണിവൽ (ബഹള സന്തോഷം) സ്വഭാവമുള്ള പെരുനാൾ. മതാത്മകതയും ഭൗതികതയും ആത്മീയതയും ഇവിടെ ആനന്ദങ്ങൾ കണ്ടെത്തുന്നു. പുതിയ പള്ളിയുടെ കൂദാശയ്ക്ക് ഇരട്ടി മധുരം പകരുകയാണ് ബസിലിക്ക പ്രഖ്യാപനം.

Latest News

Corehub Up