പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കുമൊടുവിൽ എച്ച്5എൻ1 (ഹൈലി പാത്തോജെനിക് ഏവിയൻ ഇൻഫ്ലുവൻസ) പക്ഷിപ്പനിക്കെതിരേ തദ്ദേശീയമായി വാക്സിൻ വികസിപ്പിച്ച് ഇന്ത്യ.
ഭോപ്പാലിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു (ഐസിഎആർ) കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലെ ശാസ്ത്രജ്ഞരാണു തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാക്സിൻ വികസിപ്പിച്ചത്. രാജ്യത്തെ പക്ഷിവളർത്തൽ മേഖലയ്ക്കു വലിയ ആശ്വാസം പകരുന്നതാണ് ഈ നേട്ടം.
രാജ്യത്തു വ്യാപകമായി കാണപ്പെടുന്നതും അതീവ മാരകവുമായ എച്ച്5എൻ1 വൈറസിനെതിരേ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ വാക്സിൻ. അടുത്തിടെ പക്ഷികളിൽനിന്നു സസ്തനികളിലേക്കും മനുഷ്യരിലേക്കും ഈ വൈറസ് പടർന്നത് ആശങ്ക വർധിപ്പിച്ചിരുന്നു.
2006നും 2021നുമിടയിൽ രാജ്യത്തെ 24 സംസ്ഥാനങ്ങളിലായി 341 തവണ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വൈറസ് വകഭേദത്തിനെതിരേ ഫലപ്രദമായ തദ്ദേശീയ വാക്സിൻ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണു പുതിയ ഗവേഷണനേട്ടം ശ്രദ്ധേയമാകുന്നത്.
പ്രത്യേക വാണിജ്യനാമം നൽകിയിട്ടില്ലാത്ത വാക്സിനെ ഗവേഷകർ "ഇനാക്ടിവേറ്റഡ് എച്ച്5എൻ1 വാക്സിൻ'എന്നാണു വിശേഷിപ്പിക്കുന്നത്. നിർവീര്യമാക്കിയ വൈറസിനെ അടിസ്ഥാനമാക്കിയുള്ള ഈ വാക്സിൻ പക്ഷികളിൽ രോഗപ്രതിരോധശേഷി സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
രോഗബാധയേറ്റ പക്ഷികളിൽ ഉയർന്ന മരണനിരക്കിനു കാരണമാകുന്ന പക്ഷിപ്പനി, കൂട്ടത്തോടെ പക്ഷികൾ ചത്തൊടുങ്ങുന്നതിനും വ്യാപാര നിയന്ത്രണങ്ങൾക്കും ഇടയാക്കുന്നതിലൂടെ കർഷകർക്കു വലിയ സാമ്പത്തികനഷ്ടമാണുണ്ടാകു ന്നത്. രോഗം വ്യാപകമായാൽ രാജ്യത്തെ 20 ശതമാനത്തിലധികം വളർത്തുപക്ഷികൾക്ക് ഭീഷണിയാകുമെന്നും ജിഡിപി വളർച്ചയിൽ 1.5 ശതമാനം വരെ ഇടിവുണ്ടാക്കാമെന്നും നേരത്തേ കണക്കുകൾ പുറത്തുവന്നിരുന്നു.
2006ലെ പക്ഷിപ്പനി വ്യാപനംമൂലം രാജ്യത്തിനു നേരിട്ടും അല്ലാതെയും 2,200 കോടി മുതൽ 3,000 കോടി രൂപ വരെ നഷ്ടമുണ്ടായതായാണു കണക്ക്. വെറ്ററിനറി ബയോളജിക്കൽസ് മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വളർത്തുപക്ഷികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുതിയ വാക്സിൻ വികസനം നിർണായക ചുവടുവയ്പാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Tags : H5N1 bird flu India vaccine Develops Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash