അജിത് ഡോവൽ (ഫയൽ ചിത്രം)
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ റോ മേധാവി സാമന്ത് ഗോയൽ എന്നിവർക്കു സമൻസ് കൈമാറുന്നതിന് ഡൽഹി കോടതികളുടെ സഹായം തേടി അമേരിക്കയിലെ ജില്ലാ കോടതി. ന്യൂയോർക്കിലെ സതേൺ ജില്ലാ കോടതിയുടേതാണു നടപടി.
കഴിഞ്ഞ 13നു പുറപ്പെടുവിച്ച ഉത്തരവിൽ യുഎസ് ജില്ലാ ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ല, ഡൽഹിയിലെ പട്യാല ഹൗസ്, ദ്വാരക, തീസ് ഹസാരി എന്നീ കോടതികളോടാണു സമൻസും മറ്റ് കോടതിരേഖകളും സ്വീകരിച്ച് ഡോവലിനും ഗോയലിനും കൈമാറാൻ അഭ്യർഥിച്ചത്. ഇന്ത്യൻ നിയമപ്രകാരവും ഹേഗ് കൺവൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരവുമാണ് ഈ അഭ്യർഥനയെന്നും സമൻസ് കൈമാറിയതിന്റെ രേഖകൾ തിരികെ നൽകണമെന്നും യുഎസ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഖലിസ്ഥാൻ പ്രസ്ഥാനത്തിലെ പങ്കിന്റെ പേരിൽ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സിക്സ് ഫോർ ജസ്റ്റീസ് ജനറൽ കൗൺസലായ പന്നൂൻ 2024ലാണ് യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
അജിത് ഡോവലിന്റെ യുഎസ് സന്ദർശനവേളകളിൽ മൂന്നു തവണ നേരിട്ടു സമൻസ് നൽകാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായും കേന്ദ്ര നിയമ-നീതിന്യായ മന്ത്രാലയം വഴിയുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായും പന്നൂൻ കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹേഗ് കൺവൻഷൻ വ്യവസ്ഥകൾ പ്രകാരം ഡൽഹിയിലെ കോടതികൾ വഴി സമൻസ് അയക്കാൻ യുഎസ് കോടതി അനുമതി നൽകിയത്.
Tags : Summons Ajit Doval Former RAW chief US court Khalistan separatist Gurpatwant Singh Pannun Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash