രാജേഷ്
കാസര്‍ഗോഡ്: പക്ഷാഘാതം ബാധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ സ്ത്രീക്കൊപ്പം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി വിധി വന്ന് ഒമ്പതു ദിവസത്തിന് ശേഷം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.
പിലിക്കോട് മടിവയലിലെ വി.രാജേഷ് എന്ന ഉണ്ട രാജേഷ് (39) ആണ് മരിച്ചത്. മദ്യപാനം നിര്‍ത്തിയതുമൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും ന്യുമോണിയയ്ക്കു ചികിത്സയിലായിരുന്നു. പിലിക്കോട് മടിവയലിലെ പത്തനാത്ത് കുഞ്ഞമ്പുവിനെ (67) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ വേമ്പിരിച്ചി ജാനകിയെയും (55) ബന്ധുവായ രാജേഷിനെയും
കാസര്‍ഗോഡ് അഡീ. സെഷന്‍സ് കോടതി-രണ്ട് നവംബര്‍ ഒമ്പതിനാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കേസിലെ രണ്ടാം പ്രതിയാണ് രാജേഷ്. ശിക്ഷാവിധിക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയ രാജേഷ് അവിടെ ഏകദേശം 50 മിനിറ്റ് മാത്രമാണ് ചെലവഴിച്ചത്. അസുഖബാധിതനായതിനെത്തുടര്‍ന്ന് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പിറ്റേദിവസം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയാണ് മരണപ്പെടുന്നത്.
2021 ജൂലൈ 21ന് രാത്രി പത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോവിഡ് ബാധയെത്തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് ശാരീരിക അവശതകള്‍ അനുഭവിച്ചിരുന്ന കുഞ്ഞമ്പു വീട്ടിലെ ഹാള്‍ മുറിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഇയാളെ പരിചരിച്ചുവന്നിരുന്ന ഭാര്യ ജാനകിക്ക് ഇതിലുണ്ടായ ബുദ്ധിമുട്ടുകളും ഭര്‍ത്താവുമായുള്ള നിരന്തരമായ അഭിപ്രായവ്യത്യാസങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷന് കണ്ടെത്തിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായിരുന്ന ജാനകിയുടെ സഹോദരിപുത്രന് അനില്‍ വിചാരണവേളയില്‍ ജീവനൊടുക്കിയിരുന്നു. ബാലകൃഷ്ണന്-യശോദ ദമ്പതികളുടെ മകനാണ് രാജേഷ്. ഭാര്യയും രണ്ടു മക്കളമുണ്ട്.
Tags : accused died murder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash