പ്രതീകാത്മക ചിത്രം
മുംബൈ: ഇന്നലെ തുടക്കത്തിലുണ്ടായ നേരിയ ഇടിവിനുശേഷം ഓഹരിവിപണി ഉച്ചയ്ക്കുശേഷം ശക്തമായ കുതിപ്പ് നടത്തി. ബുധനാഴ്ച നിക്ഷേപകർ ലാഭമെടുപ്പിലേക്കു കടന്നതിനെത്തുടർന്ന് പ്രധാന സൂചികകളായ സെൻസെക്സും നിഫ്റ്റി 50യും നഷ്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്. എന്നാൽ, ഈ നഷ്ടമെല്ലാം നികത്തി പ്രധാന സൂചികകൾ ഇന്നലെ ഒരു ശതമാനത്തിനു മുകളിലെത്തിയാണ് വ്യാപാരം പൂർത്തിയാക്കിയത്.
സെൻസെക്സ് 83,000 എന്ന നിലവാരം തിരിച്ചുപിടിച്ചപ്പോൾ, നിഫ്റ്റി 50 സൂചിക 25,500ന് മുകളിൽ ക്ലോസ് ചെയ്തു. ഒന്‍പത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഈ രണ്ട് സൂചികകളും വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകരുടെ വരവ്, ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ്, ആഗോള സൂചികകൾ കാണിച്ച മികവ് എന്നിവ ഇന്ത്യൻ വിപണിക്ക് കരുത്തായി. കൂടാതെ ബാങ്കിംഗ്, ഓട്ടോ മൊബൈൽ, കണ്‍സ്യൂമർ ഡ്യൂറബിൾ ഓഹരികൾ എന്നിവയിൽ ഉയർന്ന വാങ്ങലുകളും വിപണിയെ ഉയർത്തി.
സെൻസെക്സ് 990 പോയിന്റ് ഉയർന്ന് 83,022ലും നിഫ്റ്റി 286 പോയിന്റ് നേട്ടത്തിൽ 25,514ലും വ്യാപാരം പൂർത്തിയാക്കി. സെൻസെക്സ് ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയായ 81,698.63ൽനിന്ന് 1,323 പോയിന്റുകൾ തിരിച്ചുകയറിയപ്പോൾ, നിഫ്റ്റി താഴ്ന്ന നിലയായ 25,104.80ൽനിന്ന് 410 പോയിന്റുകൾ തിരിച്ചു കയറി. വിപണിയിലുണ്ടായ കുതിപ്പിൽ ബിഎസ്ഇയിൽ ലിസ്റ്റ് ചെയത് എല്ലാ കന്പനികളുടെയും വിപണിമൂല്യത്തിലേക്ക് ഏകദേശം ആറു ലക്ഷം കോടി രൂപയുടെ വർധനയുണ്ടാക്കി. ഇതോടെ ആകെ വിപണിമൂല്യം 512 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുകയും ചെയ്തു.
തിളങ്ങി ഓട്ടോ, കണ്‍സ്യൂമർ ഡ്യൂറബിൾസ്
വിശാല വിപണിയിലും മികവ് പ്രകടമായി. ഓട്ടോ സൂചിക നാലു ശതമാനത്തിലധികം കുതിച്ച് മേഖലാ സൂചികകളിലെ നേട്ടങ്ങൾക്കു നേതൃത്വം നൽകി. കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചിക മൂന്നു ശതമാനത്തിലധികം ഉയർന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു.
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുമെന്ന സാധ്യതകൾ ശക്തമായതിനെത്തുടർന്ന് ചെന്പ്, അലുമിനിയം, മറ്റ് ലോഹങ്ങൾ എന്നിവയുടെ വില കുത്തനെ ഇടിഞ്ഞ് മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കുമെന്ന പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.
വിദേശ നിക്ഷേപകരുടെ വാങ്ങൽ
എൻഎസ്ഇയിൽനിന്നുള്ള കണക്കുകൾ പ്രകാരം ബുധനാഴ്ചയും 5867 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതോടെ വിദേശ നിക്ഷേപകർ തുടർച്ചയായ 13-ാം വ്യാപാര ദിനത്തിലും ഇന്ത്യൻ ഓഹരിവിപണിയിൽ വാങ്ങലുകാരായി തുടർന്നു. നവംബറിൽ എഫ്ഐഐകളുടെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി രൂപ കടന്നു. ഒരു മാസത്തിനുള്ളിൽ ഇതാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്.
മാറ്റമില്ലാതെ ക്രൂഡ് ഓയിൽ വില
എണ്ണവില ബാരലിന് ഏകദേശം 92 ഡോളറിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നു. അതേസമയം, ഷെൻജെനിൽ നടക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തി. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ത്രികക്ഷി യോഗം നടക്കുന്നത്; വ്യാപാരം, യുക്രെയ്ൻ യുദ്ധം, ഇറാൻ, സാങ്കേതികവിദ്യ എന്നിവ ചർച്ചകളിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിഫ്റ്റി ബാങ്ക് സൂചിക ചരിത്രത്തിൽ ആദ്യമായി 63,000 എന്ന നാഴികക്കല്ല് പിന്നിട്ടു. പൊതുമേഖല, സ്വകാര്യ ബാങ്കിംഗ് ഓഹരികളിലുണ്ടായ ശക്തമായ വാങ്ങൽ വിശാല വിപണിയേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബാങ്കിംഗ് സൂചികയെ സഹായിച്ചു.
ഇന്നലെ 1024.35 പോയിന്റ് (1.65%) കുതിച്ച് 63,063ൽ എത്തി. 17-ാം തീയതി കുറിച്ച 62,273.25ന്റെ റിക്കാർഡാണ് ഇന്നലെ തകർന്നത്.
നിഫ്റ്റി ബാങ്ക് സൂചികയിലെ 14 ഓഹരികളും നേട്ടത്തിലാണ് വ്യാപാരം പൂർത്തിയാക്കിയത്.