ആർച്ച്ബിഷപ് ജീൻ അബ്ദോ അർബാക്
ഹോംസ് (സിറിയ): സിറിയയിലെ ഹോംസിൽ ആയുധധാരികളായ അക്രമികൾ ആർച്ച്ബിഷപ്പിന്റെ വസതിയിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ കൈവിലങ്ങണിയിച്ചും കണ്ണുകെട്ടിയും വായ് മൂടിക്കെട്ടിയും കവർച്ച നടത്തി.
ഹോംസിലെ മെൽക്കൈറ്റ് ക ത്തോലിക്ക ആർച്ച്ബിഷപ് ജീൻ അബ്ദോ അർബാക്കിനുനേരേയാണ് ആക്രമണമുണ്ടായത്. കഴുത്തിലണിഞ്ഞിരുന്ന കുരിശ് ബലമായി പൊട്ടിച്ചെടുത്ത അക്രമികൾ മോചനദ്രവ്യവും ആവശ്യപ്പെട്ടു.
കഴിഞ്ഞ ശനിയാഴ്ച ഹോംസിലെ ഓൾഡ് സിറ്റിയിലുള്ള അദ്ദേഹത്തിന്റെ വസതിയോടു ചേർന്നുള്ള ഓഫീസിലായിരുന്നു സംഭവം. ഓഫിസ് കൊള്ളയടിച്ച അക്രമികൾ കന്യകാമറിയത്തിന്റെ തിരുസ്വരൂപം ഉൾപ്പടെയുള്ളവയും കവർന്നു.
സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് മെൽക്കൈറ്റ് പാത്രിയർക്കീസ് യൂസഫ്, അന്ത്യോഖ്യൻ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് ജോൺ പത്താമൻ, സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ എന്നിവർ സംയുക്ത പ്രസ്താവന പുറത്തിറക്കി.
സിറിയയിൽ ക്രൈസ്തവർക്കുനേരേയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും അടുത്തകാലത്തായി വർധിച്ചുവരുന്നതായി അവർ ആരോപിച്ചു. അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് രാജ്യത്തെ ക്രൈസ്തവരുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നതെന്നും അവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
നേരത്തേ, ഹോംസിലെ തെരുവിലൂടെ നടന്നുപോകുകയായിരുന്ന സുറിയാനി കത്തോലിക്ക ആർച്ച് പ്രീസ്റ്റ് മൈക്കിൾ നാമനുനേരേയും സമാനമായ ആക്രമണമുണ്ടാകുകയും അദ്ദേഹത്തിന്റെ കഴുത്തിലെ കുരിശ് അക്രമികൾ പൊട്ടിച്ചെടുക്കുകയും ചെയ്തിരുന്നു.
Tags : Archbishop Robbery Church leadership Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash