പ്രതീകാത്മക ചിത്രം - എഐ
ചെന്നൈ: പിൻസീറ്റിൽ 12 വയസുകാരി ഉറങ്ങിക്കിടക്കുന്നതിനിടെ കാർ മോഷ്ടിച്ചുകൊണ്ടുപോയി. ചെന്നൈയ്ക്കു സമീപം ഗൂഡുവാഞ്ചേരിയിലുണ്ടായ സംഭവത്തിൽ 230 കിലോമീറ്റർ അകലെ മയിലാടുതുറൈ ജില്ലയിലെ സീർക്കാഴിയിൽനിന്ന് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കടലൂർ സ്വദേശി രാജ് മോഹനെ (46) തിരുപ്പൂർ ജില്ലയിലെ പല്ലടത്തുനിന്ന് പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഗൂഡുവാഞ്ചേരിക്കു സമീപം വല്ലാഞ്ചേരിയിൽ കുട്ടിയുടെ മാതാപിതാക്കൾ നടത്തുന്ന ഭക്ഷണശാലയ്ക്കുപുറത്താണ് കാർ നിർത്തിയിട്ടിരുന്നത്. മകൾ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നതിനാൽ എൻജിനും എസിയും പ്രവർത്തിപ്പിച്ചുകൊണ്ടുതന്നെ മാതാപിതാക്കൾ കടയ്ക്കുള്ളിലേക്കു പോയി. തിരികെയെത്തിയപ്പോഴാണ് മകളെയും കാറിനെയും കാണാനില്ലെന്ന വിവരം അറിഞ്ഞത്.
ഉടൻ പൊലിസിൽ പരാതി നൽകി. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പുലർച്ചെ മൂന്നോടെ ഉറക്കമുണർന്ന കുട്ടി കാർ ഓടിക്കുന്നത് അപരിചിതനായ ഒരാളാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പുലർച്ചെ 4.30ഓടെ സീർക്കാഴി പുതിയ ബസ്സ്റ്റാൻഡിനു സമീപം പ്രതി കാർ നിർത്തിയ തക്കത്തിന് കുട്ടി വാഹനത്തിൽനിന്ന് ഇറങ്ങിയോടി.
വഴിയിൽ കണ്ട ബസ് കണ്ടക്ടറോടും ഓട്ടോറിക്ഷ ഡ്രൈവർമാരോടും തട്ടിക്കൊണ്ടുപോകപ്പെട്ടതാണെന്ന് അറിയിച്ചു. ഇതോടെ നാട്ടുകാരും ഡ്രൈവർമാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി സീർക്കാഴി വനിതാ പൊലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പൊലിസ് മാതാപിതാക്കളെ വിവരമറിയിച്ച് കുട്ടിയെ സുരക്ഷിതമായി കൈമാറി.
കുട്ടി രക്ഷപ്പെട്ടതിനു പിന്നാലെ പ്രതി കാർ കടലൂരിനു സമീപം ഉപേക്ഷിച്ച് ബസിൽ കയറി പല്ലടത്തേക്കു കടന്നുകളയുകയായിരുന്നു. മൊബൈൽ ടവർ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ ചൊവ്വാഴ്ച പല്ലടത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
Tags : Car stolen sleeping Girl Child Rescued Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash