Kerala
തിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപിക ചൂരൽകൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. കവലയൂർ ഗവ. എച്ച്എസ്എസിലെ സാന്ദ്രയ്ക്കാണ് അധ്യാപികയുടെ മർദനമേറ്റത്.
കോണത്തുവീട്ടിൽ സുനിൽ-സന്ധ്യ ദമ്പതികളുടെ മകളാണ് സാന്ദ്ര. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഇംഗ്ലീഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗത്തിൽ എഴുതിത്തീർത്തില്ലെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ക്രൂരത.
കൈവിരലുകളിൽ അസാധാരണമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വിരലിന് ഗുരുതരമായി ചതവേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മർദനമേറ്റതിനു പിന്നാലെ കുട്ടിക്ക് കടുത്ത പനി പിടിപെട്ടതായും പിതാവ് അറിയിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, പോലീസ്, പഞ്ചായത്ത് എന്നിവർക്ക് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
അതേസമയം, ക്ലാസിൽ ബഹളം വച്ചതിനെ തുടർന്ന് എല്ലാ കുട്ടികളെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിച്ച കൂട്ടത്തിൽ സാന്ദ്രയ്ക്കും അടി കൊള്ളുകയായിരുന്നുവെന്നാണ് സ്കൂൾ ഹെഡ്മിസ്ട്രസ് എ.പി. ശ്രീകലയുടെ വിശദീകരണം. സംഭവിച്ച കാര്യങ്ങൾ കൃത്യമായി പരിശോധിക്കുമെന്നും, ഇന്ന് ഇതുസംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂളിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നും ഹെഡ്മിസ്ട്രസ് അറിയിച്ചു
National
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കം പരസ്യങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരേയുള്ള സർക്കാർ നടപടി മാതൃകന്പനിയായ മെറ്റയുടെ പ്രതികരണം അറിഞ്ഞതിനുശേഷം മാത്രമെന്ന് കേന്ദ്ര ഐടി സെക്രട്ടറി എസ്.കൃഷ്ണൻ.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പണമടച്ചുള്ള പരസ്യങ്ങൾ ഇന്ത്യയിൽ ഇൻസ്റ്റഗ്രാം പ്രദർശിപ്പിക്കുന്നുണ്ടെന്ന ബിബിസിയുടെ അന്വേഷണാത്മക റിപ്പോർട്ട് ദിവസങ്ങൾക്കുമുമ്പ് പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രം മെറ്റയ്ക്ക് നോട്ടീസ് അയച്ചത്.
കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും നീക്കം ചെയ്യുവാനും ഐടി മന്ത്രാലയം ഇൻസ്റ്റഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു.
നോട്ടീസിനു പിന്നാലെ കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ പരസ്യം ചെയ്യുന്ന 1,60,000 ഉള്ളടക്കങ്ങൾ ഇന്ത്യയിൽ നീക്കം ചെയ്തിരുന്നുവെന്ന് മെറ്റ കഴിഞ്ഞദിവസം ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
Kerala
കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരന് അര്‍ഷിതിന്റെ കൊലപാതകത്തില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്നാണ് കോടതിയുടെ ചോദ്യം.
കുട്ടിയെ അമ്മ അഖിലയും രണ്ടാനച്ഛന് അഷ്കറും ചേര്‍ന്ന് പീഡിപ്പിക്കുന്ന വിവരം മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചിരുന്നു. ആ പരാതിയില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നാണ് കോടതി ചോദിക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് എടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. മേയ് 23നാണ് രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് ഒന്നര വയസുകാരന് കൊല്ലപ്പെട്ടത്.
കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന താത്കാലിക ജീവനക്കാരനെ മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് ആഴ്ചകള്‍ക്ക് മുമ്പ് മേയ് മൂന്നിന് ആയിരുന്നു കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് സഹായം തേടിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് ഇത് നിസാരമായി തള്ളിക്കളയുകയായിരുന്നു.
കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്നും ഭാവിയില്‍ കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പ്രതി അഷ്കര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് മുമ്പും കുട്ടി നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Special News
ഒടിഞ്ഞ രണ്ടു കൈകളിലും പ്ലാസ്റ്ററുമായി അമ്മയുടെ ഒക്കത്തിരിക്കുന്ന ആ ഒന്നര വയസുകാരനെ കുറിച്ചെഴുതാൻ ഇപ്പോഴാണ് മനസ് കുറച്ചെങ്കിലും പാകപ്പെട്ടത്. അവന്റെ കുഞ്ഞുമുഖം ഓർക്കുമ്പോൾ ഉള്ളിലെങ്കിലും വിതുമ്പിപ്പോകാത്ത മനുഷ്യരുണ്ടാവില്ല.
ഒരു കുഞ്ഞു മനസിനും ശരീരത്തിനും താങ്ങാൻ പറ്റുന്നതിലുമെത്രയോ മുറിവുകളും വേദനയും തന്റെ ചെറിയ ജീവിതകാലത്തു പേറി അതിക്രൂരമായി കൊല്ലപ്പെട്ടു, അർഷിദ് എന്ന കുഞ്ഞ്! അവനെ തല്ലിയും മുറിവേൽപ്പിച്ചും തൊലി പൊളിച്ചും പൊള്ളിച്ചും ഒടുവിൽ മർദിച്ചും കൊന്ന അമ്മയുടെ പങ്കാളി കുറ്റം സമ്മതിക്കുകയും അവനെ അമ്മയുടെ മുന്നിൽ വച്ചുതന്നെ കഴിഞ്ഞ മൂന്നുമാസമായി വായിൽ തുണി തിരുകി നിരന്തരം പീഡിപ്പിച്ചിരുന്നതായി മൊഴി നൽകുകയും ചെയ്തു.
മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരമൊരു പിഞ്ചു കുഞ്ഞിന്റെ കൊലപാതകം ഇതെത്രാമത്തെയാണ്? ഇനി വീണ്ടും എത്ര ജീവനുകൾ പൊലിയേണ്ടി വരും ഇതിനൊരറുതിയുണ്ടാവാൻ?
ശിശുഹത്യകൾ തുടർക്കഥ
ഈ വർഷം തുടക്കത്തിലാണ്, നെയ്യാറ്റിൻകരയിൽ കുഞ്ഞ് കരഞ്ഞ് ഉറക്കം നഷ്ടപ്പെട്ടെന്ന കാരണത്തിൽ സ്വന്തം പിതാവ് തന്റെ ഒരു വയസുള്ള കുഞ്ഞിനെ മർദിച്ചു കൊന്നത്. കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മുഖത്തു പുതപ്പ് വലിച്ചിട്ടു ശ്വാസം മുട്ടിക്കുമായിരുന്നെന്നും അമ്മ മൊഴി നൽകി. തൊടുപുഴയിൽ ഒരു ആറു വയസുകാരനെ രണ്ടാനച്ഛൻ മൃഗീയമായി പീഡിപ്പിച്ചു കൊന്നതും കോഴിക്കോട് മറ്റൊരാറു വയസുകാരിയെ രണ്ടാനമ്മ പട്ടിണിക്കിട്ടു കൊന്നതും വാളയാറ് രണ്ടു പെൺകുഞ്ഞുങ്ങൾ നിരന്തരമായ ലൈംഗിക പീഡനങ്ങൾക്കു ശേഷം കയറിൽ തൂങ്ങി നിന്നതും നമ്മൾ മറന്നിട്ടില്ല.
അമ്മമാരും അച്ഛന്മാരും അവരുടെ പങ്കാളികളും കൊന്നു കളഞ്ഞ കുഞ്ഞുങ്ങളിലാരും പെട്ടെന്നൊരു അബദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരല്ല. അവർ നിരന്തരം മർദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായിരുന്നെന്നും അതു വീട്ടിനകത്തോ പുറത്തോ ഉള്ള മറ്റുള്ളവർക്കും അറിയാമായിരുന്നെന്നും അവരുടെ മരണ ശേഷം മാത്രം മൊഴികൾ പുറത്തു വന്നു. പോസ്റ്റുമോർട്ടം ടേബിളിൽ വിറങ്ങലിച്ചു കിടന്നിരുന്ന അവരുടെ കുഞ്ഞുശരീരങ്ങൾ അവരനുഭവിച്ച ക്രൂരതകൾ ലോകത്തിനു വെളിവാക്കി.
പ്രതികളായവരുടെ ആദ്യത്തെ കുറ്റകൃത്യവുമല്ല ഇവ. പലരും ലഹരിക്കടിമകളും മറ്റു കുടുംബാംഗങ്ങളെ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ അമ്മമാരെ, ഉപദ്രവിച്ചിരുന്നതായും കാണാം. നെടുമങ്ങാട് ഒന്നര വയസുകാരനെ കൊല ചെയ്ത അമ്മയുടെ പങ്കാളി തന്റെ ആദ്യ ഭാര്യയെ മുൻപ് സമാനതകളില്ലാത്ത വിധം ക്രൂരമായി ദേഹോപദ്രവമേൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി ഇരുപത്തിമൂന്നു വയസ് മാത്രമുള്ള ആ പെൺകുട്ടി ചലനശക്തി നഷ്ടപ്പെട്ട് കിടപ്പിലായി. കുടുംബം നൽകിയ പരാതികളിലൊന്നും പോലീസ് നടപടികളെടുത്തില്ലെന്ന് അവർ പരിതപിക്കുന്നു.
അയാളുടെ രണ്ടാമത്തെ പങ്കാളിയാകട്ടെ, ബന്ധം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. പരാതികളില്ലാതെ അതു തേഞ്ഞു മാഞ്ഞു പോയി. പുറമേ, പ്രതി പലരിൽ നിന്നു പണം തട്ടിയതായി കേസുകളുണ്ടെന്നും വാർത്തകൾ പുറത്തു വരുന്നു. അതായത്, ക്രൂരമായ ദേഹോപദ്രവം, കൊലപാതക ശ്രമം, മറ്റു ക്രിമിനൽ പ്രവർത്തികൾ എന്നിവ ഇതേ പ്രതി മുൻപും നടത്തുകയും അതിൽനിന്നെല്ലാം സുഖമായി രക്ഷപ്പെട്ടു പോരുകയും ചെയ്തത് ഒന്നര വയസുള്ള ഈ കുഞ്ഞെന്ന ‘ബാധ്യത’ ഇല്ലാതെയാക്കാൻ അയാൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കുഞ്ഞിന്റേത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയുള്ള അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തത് ഇതുമായി കൂട്ടി വായിക്കാം.
എവിടെ തുടങ്ങണം?
നിയമ, നീതി നിർവഹണ സംവിധാനങ്ങൾക്കപ്പുറം എന്തുകൊണ്ട് ഇത്തരം അക്രമപ്രവണതകളെ മുളയിലേ നുള്ളാൻ നമുക്കു കഴിയുന്നില്ല? അച്ഛൻ അമ്മയെ ദേഹോപദ്രവമേൽപ്പിക്കുന്നതു കണ്ടു വളരുന്ന ആൺമക്കൾ അതേ പാത പിന്തുടരാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും, ഗാർഹികപീഡനം ഒരു കുടുംബപ്രശ്നമായി നിസാരവത്കരിക്കപ്പെടുന്നു.
ചെറുപ്പത്തിൽ ആൺമക്കൾ കൂടെ പഠിക്കുന്ന, കൂടെ കളിക്കുന്ന കൂട്ടുകാരെയും ഇളയ സഹോദരങ്ങളെയും ഉപദ്രവിക്കുമ്പോൾ, ഉപദേശിക്കുന്നതിനും നേർവഴി നടത്തുന്നതിനും പകരം, ‘അവൻ ഒരു വഴക്കാളിയാണ്’, ‘ദേഷ്യക്കാരനാണ്’, ‘പ്രായത്തിന്റെ ചോരത്തിളപ്പാണ്’ എന്ന് പറഞ്ഞ് ലഘൂകരിക്കുകയും കൗമാരത്തിലും യൗവനത്തിലും അത് ‘ആണത്ത’ത്തിന്റെ പ്രതീകമായി വാഴ്ത്തുകയും തല്ലുകൊള്ളുന്ന പെണ്മക്കളോടു സഹിക്കാനും കുട്ടികൾക്കു ജന്മം നൽകാനും പറയുകയും ചെയ്യുന്നത്, ദേഹോപദ്രവത്തിനും പീഡനത്തിനുമുള്ള മൗനസമ്മതം നൽകലാണ്.
അങ്ങനെ, ശിക്ഷയും ചികിത്സയും ആവശ്യമുള്ള ഇത്തരം സ്വഭാവവൈകല്യങ്ങളെ ഹീറോയിസവും അതിലേർപ്പെടുന്ന ‘ഷമ്മി’കളെ ‘ഹീറോ’യുമാക്കുന്നത് നമ്മളിൽ തന്നെയൊരു വലിയ വിഭാഗമാണ്. ഇക്കാലത്തും പ്രതികരിക്കാതെ നിശബ്ദം സഹിക്കുകയോ ഇത്തരം ക്രൂരതകൾക്ക് കൂട്ടു നിൽക്കുകയോ ചെയ്യുന്ന സ്ത്രീകൾ ഇതിന്റെ മറ്റൊരു വശമാണ്. അവർ ഇരകളാണെന്ന്, ഇരകൾ മാത്രമാണെന്ന് വാദിക്കേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. 'മാതൃത്വം ദിവ്യമാണ്' എന്ന സങ്കൽപ്പത്തിൽ നിന്നല്ല, പകരം 'പേരന്റിംഗ് ഒരു കൂട്ടുത്തരവാദിത്തമാണ്' എന്ന യാഥാർഥ്യത്തിൽനിന്നാണ് നമ്മൾ ഈ വീഴ്ചകളെ വിലയിരുത്തേണ്ടത്.
സ്വന്തം പ്രവൃത്തികളുടെ, നിഷ്ക്രിയത്വത്തിന്റെ പരിണിത ഫലം ഏറ്റെടുക്കാൻ അവരും ബാധ്യസ്ഥരാണ്; പ്രത്യേകിച്ച് കുടുംബത്തിനുള്ളിൽ കുഞ്ഞുങ്ങൾ പീഡനത്തിനിരയായാൽ! തെറ്റുകുറ്റങ്ങളിൽ അകൗണ്ടബിൾ ആവുകയും അവ തിരുത്തുകയും ചെയ്യാതെ സാമൂഹിക മാറ്റങ്ങൾ ഉണ്ടാകില്ല.
എത്രയോ സമാനമായ ദുരന്തങ്ങൾ ചുറ്റുമുണ്ടായിട്ടും അവയിൽനിന്നൊന്നും പഠിക്കാത്ത, മുൻകരുതലെടുക്കാനാവാത്ത സ്ത്രീകൾ വലിയ ചോദ്യചിഹ്നമാണ്. ആത്മാഭിമാനം വീണ്ടെടുക്കാനോ ജീവിതത്തെ മുറുക്കെപ്പിടിക്കാനോ സ്വന്തം കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കാനോ പോലും കെൽപ്പോ താത്പര്യമോ ഇല്ലാതെ ഒരു പീഡകന്റെ പങ്കാളിയായി മാത്രം നിലനിന്നു പോകാൻ ഇങ്ങനെ കുറേ പേർ വ്യഗ്രത കാണിക്കുമ്പോൾ സാമൂഹിക അപചയത്തിന്റെ ദുഷിച്ച വൃത്തം പൂർത്തിയാകുന്നു! തല്ലിയൊടിക്കപ്പെട്ട രണ്ടു കൈകളുമായി നിൽക്കുന്ന കുഞ്ഞിനൊപ്പം ചിരിച്ചു സ്റ്റാറ്റസിടുന്ന ഒരമ്മ അതിന്റെ ന്യൂജെൻ പ്രതീകമാകുന്നു.
Kerala
കോഴിക്കോട്: കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. അന്തിക്കുന്നുമ്മല്‍ തോട്ടത്തില്‍കണ്ടി സുധീഷിന്റെ ഭാര്യ രമ്യ(35) ആണ് മരിച്ചത്. കാല്‍വഴുതിവീണ അഞ്ച് വയസുകാരി മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
തോട്ടത്താംകണ്ടി ഭാഗത്ത് അലക്കുന്നതിനായി പോയതായിരുന്നു രമ്യ. ഈ സമയം മകളും ഒപ്പം പോയി. ഇതിനിടെ കുട്ടി കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രമ്യ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ രമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തെരച്ചില്‍ തുടരുകയാണ്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഒന്നരവയസുകാരൻ അർഷാദിനെ അമ്മയുടെ ഒത്താശയോടെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ പങ്ക് അന്വേഷിച്ച് പോലീസ്.
കുഞ്ഞിനെ അഷ്കര്‍ ക്രൂരമായി മര്‍ദിക്കുന്നത് അഖില നോക്കിനിന്നിരുന്നതായി പോലീസ് പറഞ്ഞു. വടികൊണ്ട് അടിക്കുന്നതും മര്‍ദിക്കുന്നതും അഖില കണ്ടിരുന്നു. കുഞ്ഞ് ക്രൂരമര്‍ദനവും പീഡനവും നേരിട്ടിട്ടും അഖില പ്രതികരിച്ചിരുന്നില്ല.
കുഞ്ഞിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു അഷ്കറിന്റെ ലക്ഷ്യമെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അഖില ഇതിന് കൂട്ടുനിന്നിരുന്നോ എന്നതടക്കം പോലീസ് അന്വേഷിക്കും. കുഞ്ഞ് മരിക്കുന്ന ദിവസം അഖില എവിടെയായിരുന്നു എന്നതടക്കം പോലീസിന്റെ അന്വേഷണപരിധിയില്‍ ഉണ്ട്.
സംഭവദിവസം തമിഴ്നാട്ടില്‍ ഡാന്‍സ് പരിപാടിക്ക് പോയിരുന്നു എന്നായിരുന്നു അഖിലയുടെ മൊഴി. ഇക്കാര്യങ്ങളടക്കം പോലീസ് വിശദമായി അന്വേഷിക്കും.
Editorial
ഒന്നര വയസുള്ള കുഞ്ഞായിരുന്നു. കൊലപാതകികൾ അമ്മയും രണ്ടാനച്ഛനും! ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചപ്പോൾ അവന്റെ പിടച്ചിൽ കണ്ട അമ്മ താനില്ലാത്തപ്പോൾ കൊന്നാൽ മതിയെന്നു പറഞ്ഞ് നാട്ടിൽനിന്നു മാറിനിന്നു സൗകര്യമൊരുക്കി. മനഃസാക്ഷിക്കുത്തെന്നു പറയരുത്, പിടയുന്ന കുഞ്ഞിന്റെ അന്ത്യനോട്ടം സുഖജീവിതത്തെ വേട്ടയാടിയാലോ! നിശ്ചയിച്ചുറപ്പിച്ച പ്രകാരം ആ പുരുഷവേഷധാരി കൃത്യം നിർവഹിച്ചു. 51 മുറിവുകളുണ്ടായിരുന്ന, കുഞ്ഞിക്കൈകളിൽ പ്ലാസ്റ്ററുണ്ടായിരുന്ന, ചോറിന്റെ വറ്റുകൾ തൊണ്ടയിൽ കുരുങ്ങിയ, വിശപ്പാറാത്ത, ഭീതിയൊളിപ്പിച്ച കണ്ണുകളടഞ്ഞ ആ കുഞ്ഞുദേഹം മോർച്ചറി മഞ്ചലിൽ കിടത്തിയപ്പോൾ ഒരു ചുളുങ്ങിയ തലയണയോളമേ ഉണ്ടായിരുന്നുള്ളൂ. ഇല്ല, ഇതുപോലൊരു സംഭവം വേറെയുണ്ടാകില്ല.
തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലാണ് സംഭവം. ആദ്യവിവാഹത്തിലെ കുഞ്ഞ് അർഷിതിനെ അമ്മ അഖിലയുടെ സമ്മതത്തോടെയാണ് രണ്ടാം ഭർത്താവ് അഷ്കർ കൊന്നതെന്നാണ് പുറത്തുവന്ന വാർത്ത. മൂന്നു മാസമായി കൊല്ലണമെന്ന ഉദ്ദേശത്തോടെ കുഞ്ഞിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിച്ചു. അവശനായ കുഞ്ഞിന്റെ പിടച്ചിൽ കണ്ട അഖില, താനില്ലാത്തപ്പോൾ കൊല്ലാൻ പറഞ്ഞേൽപ്പിച്ച് നൃത്തപരിപാടിക്കെന്നു പറഞ്ഞ് മാറിനിന്നുകൊടുത്തു. തങ്ങൾ നടത്തിയ പീഡനങ്ങൾ അഷ്കർതന്നെ പോലീസിനോടു പറഞ്ഞു. വിശന്നു കരഞ്ഞാൽ തീവച്ചു പൊള്ളിക്കും. കത്തുന്ന സിഗരറ്റിനു കുത്തും. വാശിപിടിച്ചാൽ തൊഴിക്കും. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിനാണ് കൈകൾ തല്ലിയൊടിച്ചത്. വായിൽ തുണി തിരുകിയശേഷമായിരുന്നു മർദനം.
വെള്ളിയാഴ്ചയാണ് കൊല്ലാൻ തീരുമാനിച്ചത്. അഖിലയെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിക്കുകയും ചെയ്തു. തൊണ്ടയിൽ ആഹാരം കുടുങ്ങിയെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഉച്ചയ്ക്ക് അർഷിതിന് ആഹാരം കൊടുത്തശേഷം അതിറക്കുന്നതിനു മുന്‍പ് കഴുത്തിൽ അമർത്തിപ്പിടിച്ചു. പലതവണ ഇതാവർത്തിച്ചിട്ടും കുഞ്ഞ് മരിച്ചില്ല. അതോടെ തല പിടിച്ചു ഭിത്തിയിലിടിപ്പിച്ചു. കുഴഞ്ഞുവീണ കുഞ്ഞിന്റെ വായിലേക്ക് ഭക്ഷണം തിരുകി കഴിക്കാൻ ആവശ്യപ്പെട്ടു. അതോടെ കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദിക്കുന്ന ഒച്ച കേട്ട് അയൽക്കാരിൽ ചിലരെത്തി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്നു പറഞ്ഞെങ്കിലും ഡോക്ടർമാർ അർഷിതിന്റെ മുറിവുകൾ കണ്ടെത്തി കൊലപാതകമാണെന്ന സൂചന പോലീസിനെ അറിയിക്കുകയായിരുന്നു.
കേരളം കണ്ണു തുടച്ച് തേങ്ങലടക്കാൻ പണിപ്പെടുന്പോൾ സർക്കാർ, മോർച്ചറിയിൽനിന്നു പുറത്തിറങ്ങി നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കു പോകണം. ചില ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പ്രതി കൊല്ലാൻ ശ്രമിച്ചതിനെത്തുടർന്നു തലയ്ക്കു പരിക്കേറ്റു രോഗിയായ ആദ്യഭാര്യയുടെ വീട്ടുകാർ ഉൾപ്പെടെ നൽകിയ പല പരാതികളും തള്ളിക്കളഞ്ഞ കാക്കിക്കാർ അവിടെയുണ്ടത്രേ. അഷ്കറിനൊപ്പം കഴിഞ്ഞ മറ്റൊരു പെൺകുട്ടി ജീവനൊടുക്കിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. അർഷിതിന്റെ അച്ഛൻ, അഖിലയുടെ ആദ്യ ഭർത്താവ് അഖിൽ, ജീവനൊടുക്കിയത് എന്തിനെന്നതും അന്വേഷിക്കണം.
പോലീസ് പ്രതിക്ക് ഒത്താശ ചെയ്തെന്നതു ശരിയാണെങ്കിൽ പ്രതികൾ രണ്ടിലൊതുങ്ങരുത്. വേലി വിളവു തിന്നരുത്. ആഭ്യന്തരവകുപ്പ് വളമിട്ടുകൊടുക്കരുത്. കാരണം, ഈ കുറ്റകൃത്യം സമാനതകളില്ലാത്തതാണ്. ലോകത്ത് ഏറ്റവും പീഡനമേറ്റു മരിച്ചവരിലൊരാളുടെ കുഞ്ഞുടലാണ് മോർച്ചറിയെയും പൊള്ളിച്ചുകളഞ്ഞത്. കൊലയാളിക്കെതിരേയുള്ള പരാതികൾ പോലീസ് ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ആ നരാധമന് ഈയവസരം കിട്ടുമായിരുന്നില്ല. കുറ്റവാളികളുടെ പോലീസ് ബന്ധമല്ല, പോലീസിന്റെ കുറ്റവാളിബന്ധമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന കീർത്തിയിൽനിന്ന് ആട്ടിപ്പായിച്ചുകൊണ്ടിരിക്കുന്നത്.
കേട്ടവരെല്ലാം അർഷിത് സഹിച്ച വേദനകൾ ശരീരത്തിലും മനസിലും അനുഭവിക്കുകയാണ്. ഏതാണ്ടെല്ലാ മലയാളികളും കുഞ്ഞുങ്ങളെ പ്രാണനേക്കാൾ സ്നേഹിക്കുന്നവരാണ്. പക്ഷേ, എല്ലാവരുമല്ല. ചില വീടുകളിൽ അടക്കിപ്പിടിച്ച നിലവിളികളുണ്ട്. ചില മാതാപിതാക്കളുടെയും മക്കളുടെയുമുൾപ്പെടെ ദേഹത്ത് ഉണങ്ങാത്ത മുറിവുകളുണ്ട്. മദ്യ-മയക്കുമരുന്നടിമകൾ, സ്വഭാവവൈകല്യമുള്ളവർ, സ്നേഹമില്ലാത്തവർ... വീട്ടുകാരാഗൃഹങ്ങളുടെ വാതിലുകൾ ചവിട്ടിത്തുറക്കണം. നാമൊത്തിരി ‘പുരോഗതി’ നേടി. തൊട്ടടുത്ത വീട്ടിൽ നടക്കുന്നതുപോലും പലർക്കുമറിയില്ല. അറിഞ്ഞാലും സ്വന്തം വീടിനു പുറത്തുള്ള ‘പൊല്ലാപ്പുകൾ’ ഏറ്റെടുക്കാറില്ല. മതാധികാരികളിൽ പലരും ഇതൊന്നുമറിയാതെ ലോകം നന്നാക്കലിൽ വ്യാപൃതരായി. തദ്ദേശ ജനപ്രതിനിധികൾ ജാഗ്രതയുള്ളവരാകണം.
കർശനമായ അതിർത്തികളുള്ള പരമാധികാര രാജ്യങ്ങളായി ഓരോ വീടും മാറിയതിനാൽ ആഭ്യന്തരവകുപ്പിന്റെ മുൻഗണനകൾ മാറ്റിയെഴുതണം. ചില വീടുകളിൽ ക്രൂരതകൾ അരങ്ങേറുന്നുണ്ട്. ചത്തതിനൊത്തു ജീവിക്കുന്ന അർഷിതുമാരെ മോർച്ചറിയിലേക്കല്ല, ഈ സമൂഹത്തിന്റെ മാറിലേക്കാണ് മാറ്റിക്കിടത്തേണ്ടത്.
National
ചെന്നൈ: പത്തു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തില്‍ പോലീസുകാർ ചിരിച്ചുകളിച്ചതിൽ വ്യാപക വിമർശനം. കോയമ്പത്തൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ലജ്ജാകരമായ പെരുമാറ്റം.
വെസ്റ്റ് സോൺ ഐജി ആർ.വി.രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡിഐജി പി.സാമിനാഥൻ, കോയമ്പത്തൂർ എസ്പി അല്ലട്ടിപ്പള്ളി പവൻകുമാർ റെഡ്ഡി തുടങ്ങിയവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് വിവാദ സംഭവമുണ്ടായത്. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷമായ വിമർശനമുയർന്നു.
തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം വിളിച്ചുചേർത്ത പോലീസ് ഉദ്യോഗസ്ഥർ ഇങ്ങനെ ചിരിച്ചുകളിച്ചിരിക്കുന്നതിനെയാണ് പലരും കുറ്റപ്പെടുത്തിയത്. സംഭവം വിവാദമായെങ്കിലും ഐജിയോ മറ്റു പോലീസ് ഉദ്യോഗസ്ഥരോ വിശദീകരണമൊന്നും നൽകിയിട്ടില്ല.
Kerala
കൊച്ചി: ഹോട്ടൽമുറിയിൽ യുവദമ്പതിമാർക്കൊപ്പം അവശനിലയിൽ ഒന്നര വയസുകാരൻ. നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ഹോട്ടൽമുറിയിൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.
തുടർന്ന് ശിശുക്ഷേസമിതി കുട്ടിയെ ഏറ്റെടുത്തു. ആദ്യം കാക്കനാടുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റിയ കുഞ്ഞിനെ അമ്മയുടെ നാടായ പാലക്കാട്ടുള്ള ശിശുക്ഷേമ സമിതിക്ക് കൈമാറി. ദമ്പതിമാർ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പോലീസ് നിഗമനം.
എന്നാൽ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പിറ്റേന്ന് രാവിലെ 24കാരനായ അച്ഛൻ ശിശുക്ഷേമസമിതി ഓഫീസിലെത്തി ബഹളംവച്ചു. 21കാരി അമ്മയും ഒപ്പമുണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പം കുട്ടി സുരക്ഷിതമല്ലെന്ന് പോലീസ് റിപ്പോർട്ടുള്ളതിനാൽ കുട്ടിയെ വിട്ടുനൽകിയില്ല. തുടർന്ന് അമ്മയുടെ നാടായ പാലക്കാട് സിഡബ്ല്യുസിയിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് എറണാകുളം സിഡബ്ല്യുസി ചെയർപേഴ്സൺ ഉല്ലാസ് മധു വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയോടെ എറണാകുളം ജില്ലാ സിഡബ്ല്യുപിസി അധികൃതർ പാലക്കാടെത്തി കുട്ടിയെ കൈമാറി. കുട്ടിയുടെ മറ്റു ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുട്ടിയെ സുരക്ഷിതമായി കൈമാറാമെന്ന് കണ്ടെത്തിയാൽ മാത്രമേ കൈമാറുന്ന നടപടികൾ സ്വീകരിക്കാനാവൂ എന്നും പാലക്കാട് സിഡബ്ല്യുസി അറിയിച്ചു. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. വിവാഹ സർട്ടിഫിക്കറ്റും ഇവരുടെ പക്കലില്ല.
Kerala
ദേശമംഗലം (തൃശൂർ): തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസുകാരനു ഗുരുതര പരിക്കേറ്റു. ദേശമംഗലം ഈസ്റ്റ് പല്ലൂർ നന്പ്രം പൂവാരത്തുടി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ലാസിലിനാണ് സാരമായി പരിക്കേറ്റത്.
വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന ബാലനെ ഓടിയെത്തിയ നായ കവിളിലും കൈയിലും കടിക്കുകയായിരുന്നു. കവിളിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു 12.45നാണ് സംഭവം.
കുട്ടിയെ ഉടനെ ദേശമംഗലം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തൃശൂർ: വാണിയംപാറയിൽ വീട്ടിലെ ശുചിമുറിയിൽ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിന്റെ മകൻ ആദം എന്ന രണ്ടര വയസുകാരനാണ് പാമ്പ് കടിയേറ്റത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ശംഖുവരയൻ എന്ന ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. കുട്ടിയെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാത്ത് റൂമിന്റെ വെന്റിലേഷൻ വഴി പാമ്പ് കയറിയെന്നാണ് സംശയം. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് കൊടകരയിൽ എട്ട് വയസുകാരൻ ആൽജോ പാമ്പ് കടിയേറ്റ് മരിച്ചത്. കാവുങ്ങൽ സ്വദേശി സിൽജോയുടെ മകനാണ്. ആൽജോയുടെ സഹോദരൻ അനോഷ് ആശുപത്രിയിൽ തുടരുകയാണ്.
കുട്ടിക്ക് ഭക്ഷ്യവിഷബാധയെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ഡോക്ടർമാർക്ക് സംശയം തോന്നുകയും കുടുംബത്തോട് വീട് പരിശോധിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്.
Kerala
പാലക്കാട്: ശ്വാസനാളത്തിൽ പാൽ കുടുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആസാമിൽ നിന്നെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഫീഡിംഗ് റൂമിൽ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം നഷ്ടമാകുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് ഝലാരിയ ഗ്രാമത്തിലെ കുഴൽക്കിണറിൽ രണ്ടര വയസുകാരൻ ഭഗീരഥ് അകപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിന്റെ മൂടി മാറ്റിയപ്പോൾ അബദ്ധത്തിൽ അകപ്പെടുകയായിരുന്നു.
തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയെന്ന് അധികൃതർ പറഞ്ഞു
Kerala
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കൂടാതെ ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. എങ്ങനെയാണ് ഈ പ്രദേശത്ത് രോഗം പടര്‍ന്നത് എന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം എന്നിവയാണ് ഷിഗല്ലരോഗ ലക്ഷണങ്ങൾ. വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കാനുള്ള സാധ്യതയും ഉണ്ട്.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മൂന്ന് വയസുകാരനായ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണുവാണ് (33) മരിച്ചത്.
അയൽവാസിയായ യുവാവ് പിന്നീട് കുട്ടിയെ കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വിഷ്ണുവിന്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പുറത്തെടുത്തത്.
Kerala
കൊച്ചി: ചികിത്സാപ്പിഴവില്‍ വിദ്യാര്‍ഥിനിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ പാലക്കാട് പല്ലശന സ്വദേശിനിയായ ഒമ്പതു വയസുകാരിക്ക് 21 വയസാകും വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. കുട്ടിയുടെ വൈകല്യം ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും കോടതി നിര്‍ദേശിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ വിനോദിനി എന്ന കുട്ടിക്കുണ്ടായ ദുരനുഭവം ചികിത്സാപ്പിഴവിന്റെ ഭാഗമായിത്തന്നെ സംഭവിച്ചതാണെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം. വീഴ്ചയ്ക്ക് ഉത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും കണ്ടെത്തി അച്ചടക്ക, നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.
കുട്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സയ്ക്കും കൃത്രിമക്കൈ വച്ചുപിടിപ്പിക്കാനുമായി രണ്ടു ലക്ഷം രൂപ അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇതില്‍ ഡോ. സര്‍ഫറാസിനെ തിരിച്ചെടുക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും ഇതിനെതിരേ അപ്പീല്‍ നല്‍കാനാണു തീരുമാനം. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ഹര്ജിക്കാരന് നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണം നടത്തി ഉചിത നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു.
National
ന്യൂഡൽഹി: കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള കോടതികളിൽ വിചാരണ കാത്തുകിടക്കുന്നത് 2800ലധികം കേസുകൾ.
748 കേസുകളോടെ തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നതെന്ന് ഒരു സുപ്രീംകോടതി ഉത്തരവിനെ പ്രതിപാദിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ജാർഖണ്ഡ് (386), ഡൽഹി ( 269), രാജസ്ഥാൻ (256), ആസാം (191), കേരളം (118), ഉത്തർപ്രദേശ് (112), മഹാരാഷ്ട്ര (107), കർണാടക (67) എന്നിങ്ങനെയാണ് കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകൾ കെട്ടിക്കിടക്കുന്ന മറ്റു സംസ്ഥാനങ്ങൾ.
Kerala
തിരുവനന്തപുരം: രണ്ടര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. അരുൺ വാര്യർ. ഇഞ്ചക്ഷൻ മൂലമല്ല കുട്ടിയുടെ ആരോഗ്യനില വഷളായതെന്ന് ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കുട്ടിക്ക് കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിക്ക് അഡ്രിനാലിൻ നൽകി. നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് നേരിയ പൾസ് ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആവർത്തിക്കുകയാണ് കുട്ടിയുടെ കുടുംബം. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.
ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഐഷ ഫാത്തിമയുടെ പോസ്റ്റ്മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
Kerala
കാട്ടാക്കട: സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രണ്ടര വയസുകാരി മരിച്ചതായി പരാതി. പൂവച്ചൽ പുനലാൽ ചക്കിപാറ സ്വദേശി സിദ്ധിഖ്, ഫാസിലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്.
ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിന് കുത്തിവയ്പിനെ തുടർന്നുണ്ടായ അസ്വസ്ഥതയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്. രാവിലെ വീണ്ടും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. ആശുപത്രിയിൽ എത്തിച്ച് ആവിപിടിച്ച ശേഷം രണ്ടു കുത്തിവയ്പ്പെടുത്തു. ഇതിന് പിന്നാലെ കുഞ്ഞിന് ബോധം നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂ. കുട്ടിയുടെ ബന്ധുക്കളുടെ മൊഴി കണക്കിലെടുത്ത് പോലീസ് കേസെടുത്തു.
NRI
സാൻ അന്റോണിയോ: 12 വയസുള്ള മകനെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിച്ച് നടക്കാനയച്ച സംഭവത്തിൽ അമ്മ അറസ്റ്റ്. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് ബെക്സർ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം ലൂസിയയെ ബെക്സർ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് ബോണ്ട് കെട്ടിവച്ച ശേഷം വ്യാഴാഴ്ച പുലർച്ചെ വിട്ടയച്ചു. റോഡരികിലെ കള്ളിമുൾച്ചെടികളും മറ്റും കാരണം വാഹനങ്ങൾത്ത് സമീപത്ത് കൂടി കുട്ടി നടക്കുന്നത് കണ്ട വഴിയാത്രക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്.
സംഭവത്തിന് തലേദിവസം രാത്രി മാതാവ് മദ്യപിച്ചിരുന്നതായും ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ കുട്ടിയാണ് ഇവരെ ഉണർത്തിയത്. തുടർന്ന് സ്കൂളിലേക്ക് നടന്നുപോകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ പോലും ഉണ്ടായിരുന്നില്ല. കുട്ടി സ്കൂളിലേക്ക് നടന്നുപോയ കാര്യം തനിക്കറിയാമായിരുന്നുവെന്ന് മാതാവ് സമ്മതിച്ചിട്ടുണ്ട്.
ലൂസിയക്കെതിരേ പോലീസ് കേസെടുത്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ തോക്കുകൾ കൈവശം വയ്ക്കരുതെന്ന് കോടതി ഉത്തരവിട്ടു. നിലവിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിനെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് സ്കൂളിലെത്തി വിവരങ്ങൾ സംസാരിച്ചെന്നും അധികൃതർ അറിയിച്ചു.
National
ബംഗളൂരു: യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ടാക്സി കാറിനുള്ളിൽ ഉറങ്ങിപ്പോയ കുട്ടിയെ മറന്ന് വീട്ടുകാർ.
യാത്ര കഴിഞ്ഞ് പൊന്നപ്പ ലേഔട്ടിലുള്ള ഫ്ലാറ്റിലേക്ക് ടാക്സിയിൽ മടങ്ങി വരുകയായിരുന്നു കുടുംബം. സ്ഥലമെത്തിയപ്പോൾ തിടുക്കത്തിൽ ഇറങ്ങിപ്പോയ മാതാപിതാക്കൾ കാറിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ ശ്രദ്ധിച്ചിരുന്നില്ല.
ടാക്സി ഡ്രൈവർ മടങ്ങി അല്പസമയത്തിന് ശേഷമാണ് കുട്ടി കൂടെയില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പോലീസ് ടാക്സി ഡ്രൈവറുമായി ബന്ധപ്പെടുകയും കുട്ടി കാറിൽ ഉറങ്ങി കിടക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതിനു പിന്നിലെ കുടുംബത്തെ ഇറക്കിവിട്ട അതേ സ്ഥലത്ത് ഡ്രൈവർ കുട്ടിയെ തിരികെ എത്തിക്കുകയായിരുന്നു.
Kerala
കണ്ണൂര്‍: ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമാണ കമ്പനിയിലാണ് അപകടം നടന്നത്.
ജാർഖണ്ഡ് സ്വദേശി ബെനഡികിന്റെ മകൾ അസ്മിത ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു.
അപകടം ഉണ്ടായ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ നാലുവയസുകാരി കിണറ്റിൽ വീണു മരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളാണ് മരിച്ചത്.
ആയവനയിൽ രാവിലെ പത്തോടെയാണ് അപകടം. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് കുട്ടിയെ കിണറ്റിൽ നിന്നെടുത്തത്.എന്നാൽ അപ്പോഴേക്കും മരണംസംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Kerala
കോഴിക്കോട്: നാല് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് സംഭവം.
സംഭവത്തിൽ കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥ്ലാജിനെ വയനാട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
സുഹൃത്തിന്റെ കുഞ്ഞിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. അംഗന്‍വാടിയിൽ വച്ച് ജീവനക്കാരിയോട് വയറില്‍ വേദനിക്കുന്നതായി കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്.
പിന്നീട് ഇവര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് ഇന്‍സ്പെക്ടര്‍ ആനന്ദ്, എസ്ഐ രഞ്ജിത്ത്, എഎസ്ഐ അബ്ദുള്‍ റഷീദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മിഥ്ലാജിനെ അറസ്റ്റ് ചെയ്തത്.
Kerala
പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസുകാരിക്ക് ക്രൂരമർദനം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം.
സംഭവത്തിൽ കുട്ടിയുടെ രണ്ടാനമ്മയായ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരി ബീഹാർ സ്വദേശിനി നൂർ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാർ പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇവർ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അര്‍ബുദ ബാധിതയായ രണ്ടരവയസുകാരിയുടെ ചികിത്സയ്ക്ക് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സഹായം. വയനാട് കമ്പളക്കാട് സ്വദേശിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായമായിട്ടാണ് എം.എ. യൂസഫലി 10 ലക്ഷം രൂപ കൈമാറിയത്.
കുട്ടി ചികിത്സയില്‍ തുടരുന്ന കോഴിക്കോട് എം.വി.ആര്. കാന്‍സര്‍ സെന്ററിലെത്തി യൂസഫലിയുടെ പ്രതിനിധികളായ ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, കോഴിക്കോട് ലുലു റീജണല്‍ ഡയറക്ടര്‍ ഷെരീഫ് മാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് 10 ലക്ഷം രൂപയുടെ ചെക്ക് കുട്ടിയുടെ പിതാവിന് കൈമാറി.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ വാര്‍ത്ത യൂസഫലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 60 ലക്ഷം രൂപ വേണ്ടി വരുമെന്ന കുടുംബത്തിന്റെ അഭ്യര്‍ഥന കണ്ടതോടെയാണ് അദ്ദേഹത്തിന്റെ ഇടപെടലും എത്തിയത്.
ലുലു പ്രതിനിധികള്‍ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും ചികിത്സ സഹായത്തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
Kerala
ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊന്നതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അനയുടെ അടുത്ത് കൈക്കുഞ്ഞിനെ എത്തിച്ച് അപകടകരമായ സാഹചര്യം സൃഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പാപ്പാനും അറസ്റ്റിലായി.
കുട്ടിയുടെ പിതാവായ കൊട്ടിയം സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച രാത്രി എറണാകുളത്തുള്ള ഭാര്യവീട്ടിൽ നിന്ന് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജിനെ (39) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദൻ എന്ന കൊമ്പന്റെ അടുത്തായിരുന്നു കുട്ടിയുമായി പാപ്പാൻമാരുടെ തീക്കളി. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചോറൂണ് ചടങ്ങിന് കൊണ്ടുവന്ന കുഞ്ഞിനെ രണ്ടാം പാപ്പാനും കുഞ്ഞിന്റെ പിതാവുമായ അഭിലാഷ് ആനയ്ക്കരികിൽ കൊണ്ടുവരികയായിരുന്നു.
തുടർന്ന് ജിതിൻ രാജും അഭിലാഷും ചേർന്ന് യാതൊരു സുരക്ഷയും ഇല്ലാതെ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെയും കാലുകൾക്കിടയിലൂടെയും കൊണ്ടുപോകുകയും ഒടുവിൽ കുഞ്ഞ് ആനയുടെ കാൽചുവട്ടിലേക്ക് വഴുതിവീഴുകയും ചെയ്ത സംഭവമാണ് കേസിന് ആധാരം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് ഇരുവർക്കുമെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബാലനീതി വകുപ്പും മൃഗങ്ങളെ വളരെ അലക്ഷ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടി താഴെ വീണുവെങ്കിലും ആന പ്രകോപിതനാവുകയോ മറ്റും ചെയ്യാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. ഇതിനോടകം നാലു പേരെ കൊലപ്പെടുത്തിയ ആനയാണ് സ്കന്ദൻ. നാലുമാസം മുമ്പാണ് ആന പാപ്പാനെ കുത്തി കൊലപ്പെടുത്തുന്നത്.
കഴിഞ്ഞ ഓണത്തിന് ശേഷം ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്. ജിതിൻ രാജ് എന്ന പാപ്പാൻ ഈ ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. ഈ ആനയെ നോക്കുന്നതിനായി സ്ഥിരമായി ഒരു പാപ്പാനും തയാറായിരുന്നതല്ല.
കൂടാതെ ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ നിന്നും ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുള്ളതാണ്. ആനയുടെ അടുത്തേക്ക് പോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുള്ളതാണ്.
പൊതുജനങ്ങൾ ആനയെ തളച്ചിരിക്കുന്ന ഭാഗത്തേക്ക് പോകുകയോ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി വീഴുന്ന സംഭവത്തിന് തൊട്ടുമുമ്പ് പാപ്പാന്മാർ ആനയെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
National
ബംഗളൂരു: ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഐടി ഹബ്ബായ വൈറ്റ്ഫീൽഡിലാണ് സംഭവം.
തിങ്കളാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവും പശ്ചിമബംഗാൾ സ്വദേശിയുമായ തൊഴിലാളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈറ്റ്ഫീൽഡിനു സമീപം പട്ടന്ദൂർ അഗ്രഹാരയിലുള്ള ഓടയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ കുട്ടി കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടതാണെന്നും പീഡനശ്രമങ്ങളൊന്നുംതന്നെ നടന്നിട്ടില്ലെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി.
ജനുവരി രണ്ടിനാണ് അതിദാരുണമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സിക്കന്ദരാബാദിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരണംസംഭവിച്ചു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍, ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 70(2), 103(1) എന്നിവ പ്രകാരവും പോക്സോ നിയമത്തിലെ 5(എം), 6 എന്നീ സെക്ഷന്‍ പ്രകാരവും പോലീസ് കേസെടുത്തു.
പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിലെ തമാസക്കാരായ രാജു, വീരു കശ്യപ് എന്നിവരാണ് പ്രതികളെന്നും പിതാവ് പരാതിയില്‍ പറയുന്നു.
മകള്‍ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് കെട്ടിടത്തിന് പിന്നിലെ വയലില്‍ മരിച്ചു കിടക്കുന്നതായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ചേര്‍ന്ന് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി സംശയിക്കുന്നുന്നതായും പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂന്ന് ടീമുകള്‍ രൂപീകരിച്ചു. നിര്‍മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് പിന്നീട് വിവരം ലഭിച്ചു.
തുടര്‍ന്ന് സിക്കന്ദരാബാദ് പോലീസ് സംഘം പ്രദേശം വളഞ്ഞു. പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ത്തതായും പോലീസ് തിരിച്ചടിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏറ്റുമുട്ടലില്‍ രാജുവിന്റെയും വീരു കശ്യപിന്റെയും കാലുകള്‍ക്ക് പരിക്കേറ്റു. ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Kerala
മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്ലം നൂഹ് ആണ് മരിച്ചത്.
വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
National
ബെംഗളൂരു: കർണാടകയിൽ ഏഴ് വയസുകാരന്റെ ഉള്ളംകൈ പൊള്ളിക്കുകയും കണ്ണിൽ കുരുമുളകുപൊടി വിതറുകയും ചെയ്ത അച്ഛനെതിരെ പോലീസ് കേസെടുത്തു. കന്നഡ ജില്ലയിലെ കുംട സ്വദേശി വിജയ നായിക്കിനെതിരെയാണ് കേസെടുത്തത്.
ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം തനിക്കൊപ്പം കഴിയുന്ന രണ്ട് കുട്ടികളിൽ ഒരാളെയാണ് വിജയ നായിക് ക്രൂരമായി ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് കൈയിൽ വച്ച് പൊള്ളിച്ചു. കുഞ്ഞ് കണ്ണുകളിൽ കുരുമുളക് പൊടി തേച്ചു. സ്കൂളിൽ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു.
സ്കൂൾ അധികൃതർ കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് ഡോക്ടർമാർ ചികിത്സ നൽകുകയാണ്. കൺപോളകൾ വീങ്ങിയ നിലയിലാണ്. അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന വിജയ് നായിക്കിന് കോടതിയാണ് കുട്ടികളുടെ സംരക്ഷണ ചുമതല കൈമാറിയിരുന്നത്. ഇതിനിടെ ഏതാനും ദിവസം മുന്‍പ് മറ്റൊരു സ്ത്രീയെ ഇയാൾ വീട്ടിലേക്ക് കൊണ്ടുവന്നതോടെ സ്വന്തം അമ്മയെ കാണണമെന്ന് വാശിപിടിച്ച കുട്ടിയെയാണ് ഇയാൾ അതിക്രൂരമായി ഉപദ്രവിച്ചത്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറിന് ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. അമ്മ പുലിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചല്ല.
അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.
പുള്ളിപ്പുലിയെ കുടുക്കാൻ ദൽഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകൾ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമ ട്രാംബക്പൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്നയാളാണ്.
Kerala
പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥിയെ കാണാനില്ല. നാല് വയസുകാരൻ യദുകൃഷ്ണനെയാണ് കാണാതായത്.
അപകടത്തിൽ ഒരു കുട്ടി മരിച്ചിരുന്നു. ആദിലക്ഷ്മി (8) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ ആറ് കുട്ടികളാണ് ഉണ്ടായിരുന്നത്. കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കുട്ടികളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
ഓട്ടോ മറിഞ്ഞ ഉടനെ നാട്ടുകാർ ഉൾപ്പെടെ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പല വാഹനങ്ങളിലായാണ് വിദ്യാർഥികളെ വിവിധ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിലാണ് യദുകൃഷ്ണനെ കാണാതായ വിവരം പുറത്തറിയുന്നത്. ഇതോടെ എംഎൽഎ ഉൾപ്പെടെ ഇടപെട്ട് വിണ്ടും മേഖലയിൽ കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചു.
അപകടത്തിൽ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പാമ്പിനെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിയുകയായിരുന്നു.
വൈകുന്നേരം കുട്ടികളുമായി വീടുകളിലേക്ക് തിരികെ പോകുകയായിരുന്നു. സ്ഥിരം പോകുന്ന ഓട്ടോറിക്ഷയിലായിരുന്നില്ല ഇന്ന് കുട്ടികള്‍ പോയത്. പകരമുള്ള ഓട്ടോയാണ് അയച്ചത്. 40 അടി താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്.
National
റായ്പുർ: ചത്തീസ്ഗഡിൽ ഹോംവർക്ക് ചെയ്യാത്തതിന് നാലു വയസുകാരനെ മരത്തിൽ കെട്ടിത്തൂക്കി. സൂരജ് പുരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
ഹോംവർക്ക് പൂർത്തിയാക്കാത്തതിനാണ് എൽകെജി വിദ്യാർഥിയെ രണ്ട് അധ്യാപകർ ചേർന്ന് മരത്തിൽ കെട്ടിത്തൂക്കിയത്. സംഭവത്തിൽ രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി സ്കൂൾ മാനേജർ അറിയിച്ചു.
പരാതിയിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ ഒരു കയര്‍ ഉപയോഗിച്ച് കെട്ടി മരത്തിന്റെ കൊമ്പിൽ കെട്ടിത്തൂക്കുകയായിരുന്നു. സ്കൂള്‍ പരിസരത്ത് തന്നെയുള്ള ഒരു മരത്തിലാണ് കുട്ടിയെ കെട്ടിത്തൂക്കിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടതും അധ്യാപകരെ സസ്പെന്റ് ചെയ്തതും.
സംഭവം നടക്കുമ്പോൾ പരിസരത്ത് ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങൾ പകര്‍ത്തിയതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. യുവാവ് ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ രണ്ട് അധ്യാപികമാരും ശ്രമിക്കുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.
Kerala
കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ മരട് കാട്ടിത്തറ സ്വദേശിയായ 30 കാരിയെ ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് പൊളളലേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മൂത്ത കുട്ടിയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും കുട്ടികളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.
Kerala
കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്റ്റിൽ. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയായ യുവതിയാണ് പിടിയിലായത്.
കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്. അമ്മ തന്നെ സ്ഥിരമായി ഉപദ്രവിക്കുമെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞിരുന്നു.
Kerala
മലപ്പുറം: 14 കാരിയുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടം സ്വദേശിയായ വിദ്യാർഥിനിയുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തിലാണ് മാതാപിതാക്കൾ ഉൾപ്പടെ പത്തു പേർക്കെതിരെ പോലീസ് കേസെടുത്തത്.
ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പെൺകുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഉടൻതന്നെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തില്‍ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മീഷന് അറിയിച്ചു.
National
ലക്നോ: മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ സീമയും കാമുകൻ യതേന്ദ്രയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മറ്റൊരാളെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സമീപവാസിയായ വീട്ടമ്മ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ നരോറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സീമയും കാമുകൻ യതേന്ദ്രയും പിടിയിലായത്. മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടി തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും കാമുകനും സ്റ്റേഷനിൽ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
National
ഭോപ്പാല്‍: ജോലി നഷ്ടമാകുമെന്ന ഭയത്താല്‍ മൂന്ന് ദിവസം പ്രായമായ ആണ് കുഞ്ഞിനെ കാട്ടില്‍ ഉപേക്ഷിച്ച് ദമ്പതികള്‍.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഒരുരാത്രി മുഴുവനും കാട്ടില്‍ കഴിഞ്ഞ കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അധ്യപകനായ ബബ്ലു ഡന്ഡോലിയയും രാജ്കുമാരിയും നാലാമത്തെ കുഞ്ഞിനെയാണ് ഉപേക്ഷിച്ചത്.
സംസ്ഥാനത്ത് കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നിബന്ധനകള്‍ നിലനില്‍ക്കുന്നുണ്ട്. എണ്ണം കൂടിയാല്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇതു ഭയന്നാണ് കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചത്. ഗര്‍ഭം ധരിച്ചതുപോലും ഇരുവരും മറ്റുള്ളവരില്‍ നിന്നും മറച്ചുവെച്ചു. ഇവര്‍ക്ക് മറ്റുമൂന്ന് കുട്ടുകള്‍ കൂടിയുണ്ട്.
സെപ്റ്റംബര്‍ 23-നാണ് രാജ്കുമാരി കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ വച്ചായിരുന്നു പ്രസവം. ഉടനെതന്നെ കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ഗ്രാമവാസികളാണ് കുട്ടിയുടെ കരച്ചില് ആദ്യം കേട്ടത്.
പ്രഭാത സവാരിക്കെത്തിയ നന്ദന്‍വാടി ഗ്രാമത്തിലെ സംഘം കരച്ചില് കേട്ട് നോക്കുമ്പോള്‍ കല്ലിനടിയിലായി കുഞ്ഞു കൈകളാണ് കണ്ടത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശരീരത്തില്‍ ഉറുമ്പ് കടിച്ചതിന്റെയുള്പ്പെടെ പാടുകളുണ്ട്. ശരീരത്തില്‍ താപനില കുറഞ്ഞതിന്റെ ലക്ഷണങ്ങളുണ്ടെന്നും കുട്ടി ഇതിനെയെല്ലാം അതിജീവിച്ചത് അത്ഭുതമാണെന്നും ചിന്ദ്വാര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
ദമ്പതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 93 പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരെ ചുമത്തുമെന്നാണ് വിവരം.
Kerala
കണ്ണൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് കുഞ്ഞുമായി പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ വാട്സ്ആപ്പ് സന്ദേശം പുറത്ത്. തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ഭര്തൃമാതാവുമാണെന്ന കുറിപ്പാണ് റീമയുടെ വാട്സ്ആപ്പില്‍ നിന്നു കണ്ടെത്തിയത്.
ശനിയാഴ്ച വൈകുന്നേരം 6.02ന് സ്വന്തം വാട്സ്ആപ്പിലേക്ക് തന്നെയാണ് സന്ദേശം അയച്ചതായി കാണുന്നത്. പോലീസും ഈ സന്ദേശം പരിശോധിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സ്കൂട്ടിയില്‍ കുട്ടിയുമായി വന്ന റീമ പുഴയിലേക്ക് ചാടിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വയസുള്ള കുഞ്ഞിന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
പിണങ്ങി കഴിയുകയായിരുന്നു റീമയോട് ഇരിണാവ് സ്വദേശിയായ ഭര്‍ത്താവ് കമല്‍രാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നു ചര്‍ച്ച നടക്കാനിരിക്കെയാണ് യുവതി ജീവനൊടുക്കിയത്.