x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ വിട്ടുവന്നാൽ രാത്രിവരെ ക്ലാസുകൾ, പിന്നാലെ 'എക്സ്ട്രാ' പഠനവും; ഒന്നാംക്ലാസുകാരിയുടെ 'ഷെഡ്യൂൾ' കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ഡെന്നിസ് ജേക്കബ്
Published: November 25, 2026 02:16 PM IST | Updated: November 25, 2026 02:16 PM IST

Image for representation

കോട്ടയം: ഒരു തമിഴ് സംവാദ റിയാലിറ്റി ഷോയിൽ ഒരമ്മ തന്‍റെ കുഞ്ഞിന്‍റെ ദിനചര്യ വിവരിച്ചപ്പോൾ കേട്ടിരുന്ന അവതാരകന്‍റെ കണ്ണുതള്ളിപ്പോയി.

അമ്മ പറയുന്നത് ഇങ്ങനെയാണ്...

“കുട്ടി സ്കൂൾ കഴിഞ്ഞ് വൈകുന്നേരം 4:50ന് വീട്ടിലെത്തും. ചായയോ ജ്യൂസോ കൊടുത്ത ശേഷം അഞ്ചു മണിക്ക് അമ്പലത്തിലെ ഭജന പാട്ട് പഠിക്കാൻ വിടും. അത് കഴിഞ്ഞ് ഉടനെ കർണാട്ടിക് സംഗീതം പഠിപ്പിക്കാൻ വിടും. അതും കഴിഞ്ഞ് റൂബിക്സ് ക്യൂബ് ക്ലാസിന് വിടും. അതുകഴിഞ്ഞ് അബാക്കസ് ക്ലാസിനും. എല്ലാംകഴിഞ്ഞ് രാത്രി ഒമ്പതുമണിക്ക് വീട്ടിലെത്തും. പിന്നെ ഹോംവർക്ക് ചെയ്യും. എനിക്ക് എന്തെങ്കിലും എക്സ്ട്രാ പഠിപ്പിക്കണമെന്ന് തോന്നിയാൽ അതും പഠിപ്പിക്കും.”

ഇതെല്ലാം കേട്ട് അമ്പരന്ന അവതാരകൻ വീണ്ടും വീണ്ടും ചോദിക്കുന്നു:
“ഇതെല്ലാം ഒരേ ദിവസമാണോ? ദിവസവും ഇത്രയും ക്ലാസുകളോ?”

അതെ എന്നായിരുന്നു അമ്മയുടെ മറുപടി.

എല്ലാം കഴിഞ്ഞ് എപ്പോഴാണ് ഉറങ്ങുന്നതെന്ന് അവതാരകന്‍റെ ചോദ്യം.

രാത്രി 11 എന്ന് അമ്മ.

കുട്ടി ചെറുതായതുകൊണ്ട് അധികം ഹോംവർക്ക് ഒന്നും ഉണ്ടാകില്ലെന്ന് അമ്മ പറയുന്നുണ്ട്. അത് കേട്ട അവതാരകൻ അത്ഭുതത്തോടെ ചോദിക്കുന്നു:

“ചെറിയ കുട്ടിയാണെന്ന ബോധമുണ്ടല്ലോ, അല്ലേ?”

അവതാരകന്‍റെ ചോദ്യം ഇന്നത്തെ പല രക്ഷിതാക്കളുടെയും കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്.

നിഷ്കളങ്കതയ്ക്ക് മേൽ വീഴുന്ന ഭാരം

ഈ വാക്കുകൾ കേൾക്കുമ്പോൾ ആ കുഞ്ഞിന്‍റെ മുഖത്തേക്ക് ഒന്ന് നോക്കാതിരിക്കാനാവില്ല. മുതിർന്നവരുടെ തിരക്കുകളും ആഗ്രഹങ്ങളും ഒരു നിമിഷം പോലും ശ്വാസം വിടാൻ അനുവദിക്കാതെ ആ കുഞ്ഞിന്‍റെ ചുമലിലേക്ക് എടുത്തുവെക്കുമ്പോൾ, അവളുടെ നിഷ്കളങ്കമായ മുഖത്ത് തെളിയുന്ന ഭാവങ്ങൾ കാണുമ്പോൾ ആർക്കും വല്ലാത്തൊരു വിഷമം തോന്നും.

ആ കുഞ്ഞിന്‍റെ മനസിൽ എന്തൊക്കെയായിരിക്കും കടന്നുപോകുന്നത്? "എനിക്ക് എപ്പോഴാണ് ഒന്ന് ഓടിക്കളിക്കാൻ കഴിയുക? എനിക്ക് എപ്പോഴാണ് ഒന്ന് വെറുതെ ഇരിക്കാൻ കഴിയുക?" എന്ന ചോദ്യമായിരിക്കില്ലേ അവളുടെ ഉള്ളിൽ?

സ്നേഹമാണോ, അതോ പൂർത്തിയാകാത്ത സ്വപ്നങ്ങളോ?

മക്കളോടുള്ള സ്നേഹം കൂടുമ്പോൾ ചിലപ്പോഴെങ്കിലും നമ്മൾ അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ മറന്നുപോകാറുണ്ട്. പലപ്പോഴും കുട്ടികളെ വളർത്തുന്ന രീതിയിൽ നമുക്ക് പിഴവുകൾ സംഭവിക്കുന്നത്, നമുക്ക് എത്തിപ്പിടിക്കാൻ കഴിയാതെ പോയ കാര്യങ്ങൾ മക്കളിലൂടെ നേടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ്.

നമുക്ക് പഠിക്കാൻ കഴിയാത്ത കലകളും ഭാഷകളും കായിക ഇനങ്ങളും അവർ പഠിക്കട്ടെ എന്ന ആഗ്രഹം, സമൂഹത്തിൽ മറ്റുള്ളവരുടെ മക്കളേക്കാൾ മുൻപന്തിയിൽ നിൽക്കണമെന്ന മത്സരബുദ്ധി, എല്ലാം നേരത്തെ പഠിപ്പിച്ചാൽ ഭാവിയിൽ എളുപ്പമാകും എന്ന മുൻവിധികൾ.

ഇതിലൊക്കെ കുടുങ്ങി, നമുക്ക് എന്താകാൻ കഴിഞ്ഞില്ല എന്നതിലുപരി, അവർക്ക് എന്താകാനാണ് ആഗ്രഹം എന്ന കാര്യം നമ്മൾ വിസ്മരിക്കുന്നു. ഇത്രയധികം ക്ലാസുകളും തിരക്കുകളും ആ കുഞ്ഞിന് താങ്ങാൻ കഴിയുമോ? അവൾക്ക് അതിൽ താത്പര്യമുണ്ടോ? അവളുടെ പ്രായത്തിന് ഇതൊക്കെ ആവശ്യമാണോ? ഇതൊന്നും പലപ്പോഴും ചോദിക്കപ്പെടാറില്ല.

കഴിവുകൾ വളർത്താം, പക്ഷേ ബാല്യം നഷ്ടപ്പെടുത്തരുത്

കുട്ടികൾക്ക് പുതിയ കഴിവുകൾ പരിചയപ്പെടുത്തിക്കൊടുക്കുന്നതിലോ അവരെ പ്രോത്സാഹിപ്പിക്കുന്നതിലോ തെറ്റില്ല. സംഗീതവും കലകളും കായികവിനോദങ്ങളുമെല്ലാം കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായകമാണ്. എന്നാൽ, അവയൊന്നും ഒരു നിർബന്ധിത ഫാക്ടറി ഉൽപ്പാദനം പോലെയാകരുത്.

കുട്ടിക്കാലം എന്നത് വെറുമൊരു 'ട്രെയിനിംഗ് പീരിയഡ്' അല്ല. പഠിക്കാനും വളരാനും മാത്രമല്ല, മഴ നനയാനും, മണ്ണിൽ കളിക്കാനും, പൊട്ടിച്ചിരിക്കാനും, ഒന്നും ചെയ്യാതെ വെറുതെയിരിക്കാനും കൂടിയുള്ളതാണ് ബാല്യം. വെറുതെയിരിക്കുന്ന സമയങ്ങളിലാണ് കുട്ടികളുടെ ഭാവനയും സർഗാത്മകതയും യഥാർഥത്തിൽ വിരിയുന്നത്.

ഇന്നത്തെ തിരക്കേറിയ ലോകത്ത് കുട്ടികൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്മാനം വിലകൂടിയ ക്ലാസുകളോ സർട്ടിഫിക്കറ്റുകളോ അല്ല; മറിച്ച്, ഒരു കുട്ടിയായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും സമയവുമാണ്. അവരുടെ ചിരികളും കളികളും നിലനിർത്തിക്കൊണ്ട്, അവരുടെ ഇഷ്ടങ്ങൾ കൂടി ചേർത്തുവെച്ച് നമുക്ക് അവരെ വളർത്താം. കാരണം, നഷ്ടപ്പെട്ടുപോയാൽ ഒരിക്കലും തിരിച്ചുകിട്ടാത്തതാണ് ഓരോ ബാല്യവും.

Tags : Parenting Mother Child School SocialMedia

Recent News

Corehub Up