നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധം.
2026 ജനുവരി-ഒക്ടോബർ കാലയളവ് സംഘർഷഭരിതമായിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, സാമൂഹിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്കു വഴിവച്ച നിരവധി സംഭവങ്ങൾ പത്തുമാസത്തിനിടെ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ അട്ടിമറികൾ, ക്രിക്കറ്റ് ലോകകപ്പ് വിജയം, തെരഞ്ഞെടുപ്പു പട്ടികയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കങ്ങൾ, പരീക്ഷാക്രമക്കേടുകൾക്കെതിരെയുള്ള സമരങ്ങൾ, സാമ്പത്തിക വെല്ലുവിളികൾ എന്നിവയും ഈ കാലയളവിലെ പ്രധാന സംഭവങ്ങളാണ്.
ജനുവരി 27
ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ധാരണയിലെത്തിയതാണ് ഈ വർഷത്തിന്റെ തുടക്കത്തിലെ പ്രധാന നേട്ടം. ടെക്സ്റ്റൈൽസ്, ലെതർ, കെമിക്കൽസ്, ഓട്ടോമൊബൈൽസ്, മെഷിനറി, രത്നങ്ങൾ-ആഭരണങ്ങൾ തുടങ്ങിയ മേഖലകളിലെ തീരുവ കുറയ്ക്കുക അല്ലെങ്കിൽ ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷ, പ്രതിരോധം, കുടിയേറ്റം എന്നിവയിലും സഹകരണം ശക്തമാക്കുന്ന കരാർ പൂർണമായി നിലവിൽ വരുന്നതിന് ഇനിയും നടപടികൾ പൂർത്തീകരിക്കാനുണ്ട്.
ജനുവരി 28
പുനെ ജില്ലയിലെ ബാരാമതിക്ക് സമീപം ചാർട്ടേഡ് വിമാനം തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റു നാലു പേർക്കും ജീവൻ നഷ്ടമായി. തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പോകുമ്പോണ് അപകടമുണ്ടായത്. മഹാരാഷ്ട്ര ഭരണസഖ്യത്തിനും എൻസിപി വിഭാഗത്തിനും ഇതു വലിയ പ്രതിന്ധിയായി.
ഫെബ്രുവരി 18-19
ഇന്ത്യ ആതിഥേയത്വം വഹിച്ച എഐ ഇംപാക്ട് ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, സാങ്കേതിക കമ്പനികൾ എന്നിവർ പങ്കെടുത്തു. ന്യൂഡൽഹിയിലായിരുന്നു ഉച്ചകോടി. 92 രാജ്യങ്ങളും അന്താരാഷ്ട്ര സ്ഥാപനങ്ങളും അംഗീകരിച്ച 'ന്യൂഡൽഹി ഡിക്ലറേഷൻ ഓൺ എഐ ഇംപാക്ട്' പ്രമേയത്തോടെയായിരുന്നു ലോകം ഉറ്റുനോക്കിയ ഉച്ചകോടിയുടെ സമാപനം.

മാർച്ച്-ജൂൺ
യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിൽ ഉടലെടുത്ത പ്രതിസന്ധികളും ഇന്ത്യയുടെ ഊർജ സുരക്ഷയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. ക്രൂഡ് ഓയിൽ വിതരണത്തിലും കപ്പൽ ഗതാഗതത്തിലും തടസങ്ങൾ നേരിട്ടതോടെ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യൻ കമ്പനികൾ വർധിപ്പിച്ചു. ഇന്ധനവില ഉയർന്നതു രൂപയുടെ മൂല്യത്തെയും പണപ്പെരുപ്പത്തെയും ബാധിച്ചതിനെത്തുടർന്ന് ആർബിഐയും സർക്കാരും സ്ഥിരത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ഏപ്രിൽ ഒന്ന്
സെൻസസ് 2027 നടപടികൾക്ക് തുടക്കമായി. 2011-ന് ശേഷമുള്ള ആദ്യ ജനസംഖ്യാ കണക്കെടുപ്പാണിത്. സെൻസസിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചരിത്രത്തിലാദ്യമായാണ് ഡിജിറ്റൽ വിവരശേഖരണം നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ ജാതി സെൻസസും ഉൾപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

ഏപ്രിൽ-മെയ്
രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറികൾ അരങ്ങേറി. അസം, കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ നിർണായക മാറ്റങ്ങൾക്കാണു വഴിതുറന്നത്. പശ്ചിമ ബംഗാളിൽ 294-ൽ 206 സീറ്റുകൾ നേടി ബിജെപി തൃണമൂൽ കോൺഗ്രസിന്റെ ദീർഘകാല ഭരണത്തിന് അന്ത്യം കുറിച്ചു. തമിഴ്നാട്ടിൽ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം 107 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തുടർന്ന്, വിജയ് മുഖ്യമന്ത്രിയാകുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ അസമിൽ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തി.
മെയ്-ജൂലൈ
നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾക്കു തിരികൊളുത്തി. മേയ് മൂന്നിനു നടന്ന പരീക്ഷ റദ്ദാക്കി. ജൂണിൽ പുനഃപരീക്ഷ നടത്തുകയും ചെയ്തു. പ്രതിഷേധങ്ങൾ ശക്തമായതിനെത്തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനു രാജിവച്ച് ഒഴിയേണ്ട സാഹചര്യവുമുണ്ടായി. പരീക്ഷാ പരിഷ്കാരങ്ങൾക്കായി പ്രധാനമന്ത്രി ടാസ്ക് ഫോഴ്സിനെ പ്രഖ്യാപിച്ചു.
മേയിൽ കോടതി നടത്തിയ പരാമർശത്തിനെതിരേ, ആക്ഷേപഹാസ്യ പ്രതികരണമായി ഉയർന്നുവന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) ദിവസങ്ങൾക്കുള്ളിൽ യുവാക്കളുടെ വലിയ സംഘടനയായി വളർന്നു. രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങൾ ഉയർന്നു. പ്രതിപക്ഷ പാർട്ടികളെപ്പോലും അമ്പരിപ്പിക്കുന്നതായിരുന്നു സിജെപിയുടെ മുന്നേറ്റം. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ അമ്പതു ദിവസത്തിലേറെ നീണ്ടുനിന്ന സമരങ്ങൾക്ക് സിജെപി നേതൃത്വം നൽകി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും യുവാക്കൾ ഡൽഹിയിലേക്കെത്തി എന്നതും ശ്രദ്ധേയമായി.
സെപ്റ്റംബർ-ഒക്ടോബർ
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടിക പുനഃപരിശോധന വലിയ രാഷ്ട്രീയ പോർവിളികൾക്കു വഴിതുറന്നു. അർഹരായ വോട്ടർമാരെ ഒഴിവാക്കാനുള്ള നീക്കമാണിതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാൽ, ഇരട്ടിപ്പും മരിച്ചവരുടെ പേരുകളും ഒഴിവാക്കുകയാണു ലക്ഷ്യമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതേത്തുടർന്ന് സിജെപിയുടെയും വിവിധ പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പ്രതിപക്ഷം സുപ്രീം കോടതിയിലേക്കു മാർച്ച് നടത്തി. നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനിയിൽ ഇന്ത്യ സഖ്യം കൂറ്റൻ റാലിയും സംഘടിപ്പിക്കുകയുണ്ടായി.

കായികം, കാലാവസ്ഥ
അഹമ്മദാബാദിൽ നടന്ന അവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം നേടി (മാർച്ച് 8). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 255/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ന്യൂസിലൻഡിനെ 19 ഓവറിൽ 159 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. സഞ്ജു സാംസണിന്റെ ബാറ്റിംഗും ജസ്പ്രീത് ബുംറയുടെ നാല് വിക്കറ്റ് പ്രകടനവും കളിയിൽ നിർണായകമായി.
കനത്ത മഴയിൽ ഡൽഹി, മഹാരാഷ്ട്ര, കേരളം, കർണാടക എന്നിവിടങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായി (ജൂലൈ-ഓഗസ്റ്റ്). വൻ നാശമാണു സംഭവിച്ചത്. കേരളത്തിലും കർണാടകയിലും ജീവഹാനിയുണ്ടായി. നിരവധി കുടുംബങ്ങൾ ദുരന്തത്തിനിരയായി.
ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി (സെപ്റ്റംബർ 19 - ഒക്ടോബർ 4). 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ ആകെ 85 മെഡലുകൾ ഇന്ത്യൻ താരങ്ങൾ നേടി. അത്ലറ്റിക്സ്, ഷൂട്ടിംഗ്, അമ്പെയ്ത്ത്, ഹോക്കി എന്നിവയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ, വനിത-പുരുഷ ഹോക്കിയിൽ സ്വർണം നേടി. സോഫ്റ്റ് ടെന്നീസ്, മിക്സഡ് മാർഷ്യൽ ആർട്സ് എന്നിവയിലും ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കാൻ രാജ്യത്തിനു സാധിച്ചു.
Tags : IndianPolitics CJP NEET AIImpactSummit YearinReview2026 VoterListControversy