പ്രതീകാത്മക ചിത്രം
ലണ്ടൻ: കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് 2026-ലെ വേനൽക്കാലത്ത് ഇംഗ്ലണ്ടിൽ 5,258 പേർ മരിച്ചതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ട്. 2016-ൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 2022-ൽ രേഖപ്പെടുത്തിയ 2,985 മരണങ്ങളെന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്.
ജൂൺ 21 മുതൽ 28 വരെയുള്ള ഒരാഴ്ചക്കാലയളവിലാണ് സ്ഥിതിഗതികൾ ഏറ്റവും രൂക്ഷമായത്. താപനില 38 ഡിഗ്രി സെൽഷ്യസിലേക്ക് കുതിച്ചുയർന്ന ഈ ദിവസങ്ങളിൽ മാത്രം 2,401 പേരാണ് മരിച്ചത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലത്തിനാണ് 2026-ൽ യുകെ സാക്ഷ്യം വഹിച്ചത്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഏഴ് തവണയാണ് രാജ്യത്ത് ഉഷ്ണതരംഗം ഉണ്ടായത്.
ഓഗസ്റ്റ് പകുതിയോടെ ഗ്ലൗസെസ്റ്റർഷെയറിലെ ഹാർട്ട്പുരി കോളജിൽ രേഖപ്പെടുത്തിയ 38.2 ഡിഗ്രി സെൽഷ്യസാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. ജൂണിൽ നോർഫോക്കിലെ ലിംഗഡിൽ 38.0 ഡിഗ്രിയും, മെയ് മാസത്തിൽ ക്യൂ ഗാർഡൻസിൽ 35.1 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു.
കടുത്ത ചൂടിനൊപ്പം മഴ കുറഞ്ഞതോടെ ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും വെയിൽസിലുടനീളവും രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചതും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ഉയർന്ന അന്തരീക്ഷമർദം കാരണം ചൂടുവായു ഒരു പ്രദേശത്ത് തന്നെ തങ്ങിനിൽക്കുന്ന 'ഹീറ്റ് ഡോം' പ്രതിഭാസമാണ് മെയ്, ജൂൺ മാസങ്ങളിലെ അസാധാരണ ചൂടിന് കാരണമായത്.
വേനൽക്കാലത്തെ കടുത്ത ചൂട് പൊതുജനാരോഗ്യ മേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയതെന്ന് പ്രിൻസിപ്പൽ എൻവയോൺമെന്റൽ ഹെൽത്ത് സയന്റിസ്റ്റ് ഡോ. റോസ് തോംസൺ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാൽ വരും വർഷങ്ങളിലും സമാനമായ രീതിയിലോ അതിനേക്കാൾ തീവ്രമായോ ഉഷ്ണതരംഗങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.