വർഷ തുർക്കർ
മുംബൈ: ദീപാവലി ആഘോഷിക്കാനായി നാട്ടിലെത്തിയ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരിയെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൂന വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന വർഷ തുർക്കറാണ് (35) കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിക്ക് സമീപം ഗോണ്ടിയ ജില്ലയിലെ ബോണ്ട്രാനി വനമേഖലയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ദീപാവലി ആഘോഷങ്ങൾക്കായി സ്വന്തം നാട്ടിലെത്തിയതായിരുന്നു വർഷ. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് വർഷ സുഹൃത്തായ നിതേഷ് അഗർവാളിനൊപ്പം വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ നിതേഷ് തന്നെയാണ് വർഷയ്ക്ക് അപകടം പറ്റിയ വിവരം കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചറിയിച്ചത്.
തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വർഷയെ രക്തത്തിൽ കുളിച്ച നിലയിലാണ് വനത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതർ തങ്ങളെ ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നുവെന്നാണ് നിതേഷ് അഗർവാൾ പൊലിസിന് മൊഴി നൽകിയിട്ടുള്ളത്. തങ്ങളെ തടഞ്ഞുനിർത്തിയ മൂന്നംഗ സംഘം കവർച്ചയ്ക്കു ശ്രമിക്കുകയും ഇതിനിടെ വർഷയുടെ വയറ്റിൽ കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. എന്നാൽ, ഈ ആക്രമണത്തിൽ നിതേഷിന് യാതൊരുവിധ പരിക്കുകളും പറ്റിയിട്ടില്ലെന്നത് പൊലിസിൽ സംശയമുണർത്തിയിട്ടുണ്ട്. മരിച്ച വർഷയുടെ സ്വർണമാല നഷ്ടപ്പെടാതെ ശരീരത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നതാണ് പൊലിസിനെ കുഴപ്പിക്കുന്നത്.
നിലവിൽ കസ്റ്റഡിയിലുള്ള നിതേഷിനെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിയുടെ കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ അതോ ആസൂത്രിതമായ കൊലപാതകമാണോ എന്ന കോണിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Tags : IndigoEmployee Dead Forest Friend