കൊല്ലപ്പെട്ട വർഷ തുർക്ക
മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയ വനമേഖലയിൽ ഇൻഡിഗോ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹേതര ബന്ധവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കേസിൽ സുഹൃത്തിന്റെ ഭാര്യ ഉൾപ്പെടെ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
പൂന വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന വർഷ തുർക്കറാണ് (23) കൊല്ലപ്പെട്ടത്. ദീപാവലി ആഘോഷങ്ങൾക്കായി രണ്ടര വയസുകാരിയായ മകൾക്കൊപ്പം മധ്യപ്രദേശിലെ ബാലാഘട്ടിലുള്ള സ്വന്തം വീട്ടിലെത്തിയതായിരുന്നു വർഷ. നവംബർ 14-ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഗോണ്ടിയയിലെ ബോണ്ടറാനിയിലേക്ക് സുഹൃത്തായ നിതേഷ് അഗർവാളിനെ (42) കാണാനായി പോയതായിരുന്നു ഇവർ.
പത്ത് വർഷത്തിലേറെയായി സുഹൃത്തുക്കളായിരുന്ന വർഷയും റിയൽ എസ്റ്റേറ്റ് വ്യവസായിയായ നിതേഷും മഹാരാഷ്ട്ര-മധ്യപ്രദേശ് അതിർത്തിയിലെ വെയ്ൻഗംഗ നദിക്കരയിലുള്ള വിജനമായ വനമേഖലയിലേക്ക് യാത്ര പോയി. ഇതിനിടെ ബോണ്ടറാനി വനത്തിൽ വച്ച് മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം വർഷയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് നിതേഷ് ഒപ്പമുണ്ടായിരുന്നു.
നിതേഷും വർഷയും തമ്മിലുള്ള ബന്ധം കുടുംബജീവിതം തകർക്കുമെന്നും വിവാഹമോചനത്തിലേക്ക് നയിക്കുമെന്നും ഭയന്ന നിതേഷിന്റെ ഭാര്യ മോണ അഗർവാളാണ് (41) കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് പറയുന്നു. കൊലപാതകത്തിനായി 13 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയതായാണ് പൊലിസിന്റെ കണ്ടെത്തൽ.
അയൽവാസിയായ കുനാൽ കുംഭാൽക്കറെ (31) മോണ ആദ്യം സമീപിക്കുകയും തുടർന്ന് കുനാൽ ഷാരൂഖ് പഠാൻ എന്ന ഗുണ്ടാസംഘാംഗവുമായി ബന്ധപ്പെട്ട് 13 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയുമായിരുന്നു. തുടർന്ന് സഞ്ജയ്നഗർ മുറി സ്വദേശികളായ ഇമ്രാൻ കരീം ഷെയ്ഖ് (26), നയ്ലാൻ ഷെയ്ഖ്, കൃഷ് റൗട്ട് എന്നീ മൂന്ന് യുവാക്കളെ കൃത്യം നിർവഹിക്കാൻ ഏൽപ്പിച്ചു.
മോണയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന നിതേഷിന്റെ കാറിലെ ഐകണക്ട് എന്ന ആപ്പിന്റെ ഐഡിയും പാസ്വേഡും ഉപയോഗിച്ചാണ് പ്രതികൾ വാഹനത്തിന്റെ തത്സമയ ജിപിഎസ് ലൊക്കേഷൻ കണ്ടെത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. കാർ വനത്തിന് സമീപം നിർത്തിയപ്പോൾ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വർഷയെ ആക്രമിക്കുകയായിരുന്നു.
ബോണ്ടറാനി വനമേഖല, തിരോഡ, ഖൈർലഞ്ചി, വരശിവ്നി, ഗോണ്ടിയ എന്നിവിടങ്ങളിലെ മുന്നൂറോളം സിസിടിവി കാമറകൾ പരിശോധിച്ചും മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പ്രതികളിലേക്ക് പൊലിസ് എത്തിയത്. നവംബർ 19-ന് കസ്റ്റഡിയിലെടുത്ത ഇമ്രാൻ ഷെയ്ഖ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മോണയെയും കുനാലിനെയും പൊലിസ് പിടികൂടി. ഇവർക്കൊപ്പം ഷാരൂഖ് പഠാനെയും അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ നയ്ലാനും കൃഷിനുമായി പൊലിസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.