പ്രതീകാത്മക ചിത്രം
കൊടുവായൂർ: പാലക്കാട് കൊടുവായൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ സ്റ്റിയറിംഗ് ഇളകി ഊരിപ്പോയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെ കൊടുവായൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലായിരുന്നു സംഭവം. സ്കൂളിൽ കലോത്സവം നടക്കുന്നതിനാൽ റോഡിൽ വിദ്യാർഥികളും നാട്ടുകാരും തിങ്ങിനിറഞ്ഞു നിൽക്കുന്ന സമയത്തായിരുന്നു അപകടം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
പല്ലശനയിൽ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസിനാണ് യാത്രാമധ്യേ സാങ്കേതിക തകരാർ സംഭവിച്ചത്. സ്കൂളിന് മുന്നിലെ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് സ്റ്റിയറിംഗിന് ഇളക്കം അനുഭവപ്പെട്ടതും തൊട്ടുപിന്നാലെ ഊരിപ്പോയതും.
ബസ് സ്റ്റോപ്പിൽ നിന്നും എടുത്തതേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വേഗത വളരെ കുറവായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ഒട്ടും പരിഭ്രമിക്കാതെ മനഃസാന്നിധ്യത്തോടെ ബ്രേക്ക് ചവിട്ടി വാഹനം സുരക്ഷിതമായി റോഡരികിൽ നിർത്തി. ഇതോടെ സ്കൂൾ പരിസരത്തുണ്ടായിരുന്ന വിദ്യാർഥികളും ബസിലെ യാത്രക്കാരും തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നാലെ യാത്രക്കാരെ എല്ലാവരെയും സുരക്ഷിതമായി ബസിൽ നിന്നും പുറത്തിറക്കി. തുടർന്ന് യാത്ര മുടങ്ങിയവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി കെഎസ്ആർടിസിയുടെ മറ്റൊരു ബസിൽ യാത്രാസൗകര്യം ഒരുക്കി നൽകിയതായും അധികൃതർ അറിയിച്ചു.
Tags : KSRTC priyadharshini bus Steering