ചങ്ങനാശേരി മര്‍ത്ത് മറിയം ബസിലിക്കയുടെ കൂദാശയോടനുബന്ധിച്ചു നടത്തിയ സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി വി. ഡി. സതീശന് ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശേരി: കേരളത്തിന്റെ വിസ്മയമായ പാറേല്‍ പള്ളി നൂറ്റാണ്ടുകള്‍ നിലനില്ക്കാന് പോകുന്ന അദ്ഭുതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പാറേല്‍ പള്ളിയില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നു കണ്ടപ്പോള്‍ അദ്ഭുതത്തോടെയാണ് പള്ളി വീക്ഷിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറേല്‍ ഇടവകയ്ക്കോ ചങ്ങനാശേരി അതിരൂപതയ്ക്കോ വേണ്ടി മാത്രമുള്ള നിര്മിതിയല്ലിത്. ലോകത്തിനു മുമ്പില്‍ ഷോകേസ് ചെയ്യാനുള്ളതാണ്. ബിഷപ് അനുമതി നല്കിയാല് പാറേല്‍ പള്ളിയെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കാമെന്നും വി.ഡി. സതീശന് പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മൂലക്കല്ല് റോമില്‍ കൊണ്ടുപോയി ഫ്രാന്‍സിസ് മാര്പാപ്പയെകൊണ്ട് ആശീര്‍വദിച്ചു കൊണ്ടുവന്നതാണ്. യഥാര്‍ഥത്തില്‍ ഈ ദേവാലയത്തിന്റെ മൂലക്കല്ല് ക്രിസ്തുവിന്റെ മൂലക്കല്ലാണ്. അതിരൂപതയിലെ 82,000 കുടുംബങ്ങള്‍ ദേവാലയ നിര്‍മാണത്തില്‍ സഹകരിച്ചു എന്നത് വലിയ കാര്യമാണ്. ഇതിനു നേതൃത്വം നല്കിയ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എല്ലാ ഇടയലേഖനവും ഞാന്‍ വായിച്ചതാണ്. ക്രിസ്തു ജീവിക്കുന്നു എന്ന 2019ലെ പ്രബോധനരേഖ വായിച്ചപ്പോൾ കണ്ണു നിറഞ്ഞുപോയി. വലിയ ആത്മവിശ്വാസമാണ് ഈ പ്രബോധനരേഖ നല്‍കുന്നതെന്ന് വി.ഡി. സതീശന് പറഞ്ഞു.
പ്രതിസന്ധികളുണ്ടാകുമ്പോള്‍ പിന്തിരിഞ്ഞ് ഓടാതെ, തളര്‍ന്നു വീഴാതെ മുന്നോട്ടു പോകാനുള്ള ഉറപ്പും ധൈര്യവുമാണ് ദൈവവചനം നമുക്ക് പകര്‍ന്നു തരുന്നത്. നാം പ്രത്യാശയുള്ളവരായിരിക്കണമെന്നാണ് ദൈവവചനത്തിലൂടെ ദൈവം നമുക്ക് നല്കുന്ന ഉറപ്പ്. നാലു ചുവരും മേല്‍ക്കൂരയും ഉണ്ടെങ്കില്‍ കെട്ടിടമുണ്ടാക്കാം. എന്നാല്‍, ദേവാലയം ഉണ്ടാക്കാന്‍ പറ്റില്ല. അവിടെ വന്ന് വിശ്വാസികള്‍ തീക്ഷ്ണമായി പ്രാര്ഥിക്കുമ്പോഴാണ് ചൈതന്യം ഉണ്ടാകുന്നത്.
കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പം മുതലേ ആത്മീയത പകര്‍ന്നുനല്‍കിയാല്‍ അവര്‍ വഴിതെറ്റിപ്പോകില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, കുടുംബബന്ധങ്ങളിലെ സുദൃഡത ഉറപ്പാക്കുന്നതില്‍ ആത്മീയതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഓര്‍മിപ്പിച്ചു. ഏതു പ്രതിസന്ധി വന്നാലും ദൈവം നമ്മോടൊപ്പമുണ്ടെന്ന ആത്മവിശ്വാസം പ്രതിസന്ധിയെ അതിമനോഹരമായി മറികടക്കാനും ഏതു പ്രതികൂല കാലാവസ്ഥയെയും അനുകൂല കാലാവസ്ഥയാക്കി മാറ്റാനും സഹായിക്കും.
വിദ്വേഷത്തിന്റെയും മതപരമായ സ്പര്ധയുടെയും കാലത്ത് ആവശ്യമില്ലാതെ മനുഷ്യന് സംഘര്‍ഷത്തിലേക്ക് പോകുമ്പോള്‍ ദൈവസ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, ചേര്‍ത്തുനിര്‍ത്തലിന്റെ സന്ദേശമാണ് നാം പകരേണ്ടത്. ഈ സാംസ്കാരിക സമ്മേളനത്തെ മനോഹരമാക്കുന്നതും സമ്മേളനം നല്കുന്ന സന്ദേശവും ഇതാണ്. ദേവാലയ കൂദാശയുടെ സാംസ്കാരിക സമ്മേളനം ശരിക്കും അര്ഥവത്തായിരിക്കുകയാണ്.
ദൈവവിശ്വാസം മനുഷ്യരെ ഭിന്നിപ്പിക്കാനുള്ളതല്ല, അതു സാഹോദര്യത്തിന്റെതാണ്, സ്നേഹത്തിന്റെതാണ്. ഒരുപാട് പേര്‍ക്ക് ആശ്വാസവും തണലും അത്താണിയും ലോകത്തിന്റെ കൗതുകവുമായി പാറേല്‍ പള്ളി മാറട്ടേയെന്നും വി.ഡി. സതീശന് ആശംസിച്ചു.
Tags : Parel Church marvel V.D. Satheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash