മുഹമ്മദ് അസ്ഹറുദീൻ
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിനു നാലാം ജയം. എലൈറ്റ് ഗ്രൂപ്പ് സിയിലെ ആറാം മത്സരത്തില്‍ ആസാമിനെതിരേ 45 പന്ത് ബാക്കിവച്ച് കേരളം ഒമ്പതു വിക്കറ്റ് ജയം സ്വന്തമാക്കി.
37 പന്തില്‍ ഒമ്പതു സിക്സും ആറു ഫോറും അടക്കം 93 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദീനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: ആസാം 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 165. കേരളം 12.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 166.
ടോസ് നേടിയ ആസാം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 38 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡെനിഷ് ദാസാണ് ആസാമിന്റെ ടോപ് സ്കോറര്‍. രോഹിത് സെന്‍ 29 റണ്‍സ് സ്വന്തമാക്കി. ആകാഷ് സെന്‍ഗുപ്ത 21 റണ്‍സുമായി പുറത്താകാതെ നിന്നു.
166 റണ്‍സ് ലക്ഷ്യവുമായി ക്രീസിലെത്തിയ കേരളത്തിനായി ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദീനും രോഹന് കുന്നുമ്മലും 8.1 ഓവറില്‍ 123 റണ്‍സ് അടിച്ചുകൂട്ടി. 26 പന്തില്‍ അഞ്ചു സിക്സും മൂന്നു ഫോറും അടക്കം 53 റണ്‍സ് നേടിയ രോഹന് കുന്നുമ്മലിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിനു നഷ്ടപ്പെട്ടത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് 13 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.
Tags : Syed Mushtaq Ali Trophy Azhar Cricket T20Cricket Sports