ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണൻ. തമ്മിലടിക്കുന്ന മുന്നണിയും മന്ത്രിസഭയിൽ ഏറ്റുമുട്ടുന്ന മന്ത്രിമാരുമാണു സർക്കാരിനെ നയിക്കുന്നത്.
യുഡിഎഫിലെ ഭിന്നതകൾ കൂടുതൽ പുറത്തുവരുന്ന നിലയിലാണു ഘടകകക്ഷികളുടെ പ്രതികരണങ്ങൾ ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രനും മന്ത്രി ഷിബു ബേബിജോണും നടത്തിയ പ്രതികരണങ്ങൾ അതാണു വ്യക്തമാക്കുന്നതെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
ബോർഡുകളുടെയും കോർപറേഷനുകളുടെയും ചുമതലകൾ നിർണയിക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും യുഡിഎഫിനു കഴിയുന്നില്ല. മുന്നണിയിലെ പാർട്ടികൾക്കു സ്ഥാനമാനങ്ങൾ നിർണയിക്കുന്നതിലേക്കാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുമട്ടുതൊഴിലാളി ക്ഷേമനിധി പോലുള്ള സ്ഥാപനങ്ങൾ തൊഴിലാളികൾക്കു ജോലിയും കൂലിയും നേരിട്ടു നൽകുന്നതാണ്.
നിരവധി സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകളും ഭാവി സംരക്ഷണ നടപടികളും നിർണയിക്കാൻ കഴിയുന്നില്ല. ഇത് അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളോടു സ്വീകരിക്കുന്ന കടുത്ത അനീതിയാണ്.
സത്യപ്രതിജ്ഞാ ലംഘനവും കടുത്ത പ്രതികാര മനോഭാവവുമാണു മുഖ്യമന്ത്രി തുടരുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ പലതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ്. എണ്ണിയെണ്ണി പകരം ചോദിച്ചു പ്രതികാരം ചെയ്യുമെന്നാണു മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചത്.
എല്ലാ ജനവിഭാഗങ്ങളോടും നീതി പുലർത്തേണ്ട ഭരണാധികാരികൾ പ്രതികാര മനോഭാവം നിലനിർത്തുന്നതു ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഇടതുമുന്നണി കണ്‍വീനർ പറഞ്ഞു.
Tags : disgrace T.P. Ramakrishnan UDF Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash