പി.ടി. ഉഷ
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തിൽ നിലവിലെ അധ്യക്ഷ പി.ടി. ഉഷ നാമനിർദേശ പത്രിക സമർപ്പിച്ചില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.
ലണ്ടൻ ഒളിംപിക്സിൽ മെഡൽ നേടിയ ഗഗൻ നാരംഗും ആർച്ചറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വിരേന്ദർ സച്ച്ദേവയും ഇന്നലെ നാമനിർദേശം സമർപ്പിച്ചു. മുൻ സെക്രട്ടറി ജനറലും ഫെൻസിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറിയുമായ രാജീവ് മേത്ത തിങ്കളാഴ്ചയും പത്രിക നൽകി. ഇതോടെ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി.
സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിംഗ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിൽ ആദ്യ നാലു സ്ഥാനങ്ങളിൽ ഇടംനേടാനാകാതെ അഞ്ചാം സ്ഥാനത്തായതോടെ ഉഷയുടെ മത്സരസാധ്യത മങ്ങിയിരുന്നു. എന്നാൽ ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വനിതാ പ്രതിനിധിയായി നാമനിർദേശം ചെയ്യപ്പെട്ടതോടെ അവർക്ക് മത്സരിക്കാൻ വഴിയൊരുങ്ങി.
ഏക സ്ഥാനാർഥിയായ അഞ്ജു ബോബി ജോർജ് വനിതാ വൈസ് പ്രസിഡന്റാകും. ഡിസംബർ അഞ്ചിനാണ് ഐഒഎയുടെ 13 സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. എന്നാൽ മുൻ വർഷത്തെപോലെ സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ കായിക മന്ത്രാലയവും രാഷ്ട്രീയ കേന്ദ്രങ്ങളും ശ്രമിക്കുന്നതിനാൽ, പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഡിസംബർ രണ്ടുവരെ ചർച്ചകൾ തുടരും.
Tags : P.T. Usha IOA president Post Contest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash