സന്തോഷ്
പിലാത്തറ: കൈതപ്രത്ത് ഒന്നരവർഷം മുൻപ് ഗുഡ്സ് ഓട്ടോഡ്രൈവറെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയെ റബർത്തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടവ് സ്വദേശി എൻ.കെ. സന്തോഷിനെയാണ് (40) മാതമംഗലം പുനിയങ്കോട്ടെ റബർത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2025 മാർച്ച് 20-ന് രാത്രി കൈതപ്രം വായനശാലയ്ക്ക് സമീപം നിർമാണത്തിലിരുന്ന വീടിനുള്ളിൽ വച്ച് പുനിയങ്കോട് സ്വദേശി കെ.കെ. രാധാകൃഷ്ണനെ (49) വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് സന്തോഷ്. റിമാൻഡ് തടവുകാരനായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങി മാസങ്ങളായി നാട്ടിലുണ്ടായിരുന്നു.
കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തുള്ള തോട്ടത്തിലാണ് സന്തോഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലിസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സന്തോഷും രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സഹപാഠികളായിരുന്ന ഇരുവരുടെയും സൗഹൃദത്തിൽ സംശയം തോന്നിയ രാധാകൃഷ്ണൻ മിനിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് മിനി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് രാധാകൃഷ്ണനെ വധിക്കാൻ ഇരുവരും ചേർന്ന് തീരുമാനിച്ചത്. സംഭവദിവസം രാത്രി നിർമാണത്തിലിരിക്കുന്ന വീടിന് സമീപത്തുവച്ച് സന്തോഷ് രാധാകൃഷ്ണനെ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ സന്തോഷിനെ പൊലിസ് പിടികൂടുകയും കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് സമീപത്തുനിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റത്തിന് കേസിൽ മൂന്നാം പ്രതിയായി ബിജെപി പ്രവർത്തകയായിരുന്ന മിനി നമ്പ്യാരെയും പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതിയുടെ മരണം.
Tags : Suicide AutoRickshaw Driver Shooting Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash