പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികർ മേജർ ആർച്ച്ബിഷപ് മാർ റാഫ
കൊച്ചി: പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരെ ആദരിക്കുന്നതിനായി സീറോമലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ജൂബിലി ആഘോഷം സംഘടിപ്പിച്ചു. വിവിധ രൂപതകളിൽനിന്ന് എഴുപതോളം വൈദികർ പങ്കെടുത്തു.
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ, സുവർണജൂബിലി ആഘോഷിക്കുന്ന ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ക്ലെർജി കമ്മിഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവരും ജൂബിലേറിയൻമാർക്കൊപ്പം സഹകാർമികരായിരുന്നു.
പൗരോഹിത്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിശ്വാസത്തോടും സമർപ്പണത്തോടുംകൂടി വൈദികർ സഭയ്ക്കും വിശ്വാസീസമൂഹത്തിനും നൽകിയ സേവനങ്ങളെ അഭിനന്ദിക്കുകയും ദൈവവിളിയോടുള്ള വിശ്വസ്തതയിലും ആത്മീയശുശ്രൂഷയിലും കൂടുതൽ തീക്ഷ്ണതയോടെ മുന്നേറാൻ ജൂബിലി ആഘോഷം പ്രചോദനമാകട്ടേയെന്നും മാർ റാഫേൽ തട്ടിൽ സന്ദേശത്തിൽ പറഞ്ഞു.
അനുമോദനസമ്മേളനം മേജർ ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ടോണി നീലങ്കാവിൽ, സഭാ ചാൻസലർ ഫാ. ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ, ഫാ. ഡോ. ഫിലിപ്പ് കാരക്കാട്ട്, ക്ലെർജി കമ്മിഷൻ സെക്രട്ടറി ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു. ജൂബിലി ആഘോഷത്തിന് സീറോമലബാർ സഭയുടെ ക്ലെർജി കമ്മിഷനാണു നേതൃത്വം നൽകിയത്.
Tags : Mount St. Thomas Jubilee Celebration Priestly Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash