പ്രതീകാത്മക ചിത്രം
കണ്ണൂർ: ചില ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചാൽ വൃക്കരോഗം ബാധിക്കുമെന്ന ഡോക്ടർമാരുടെ പഠനവിവരം അവഗണിച്ചതായി റിപ്പോർട്ട്.
കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധരായ ഡോ. രഞ്ജിത് നാരായണൻ, ഡോ. സജീഷ് ശിവദാസ്, ഡോ. അനില ഏബ്രഹാം കുര്യൻ എന്നിവർ നിരന്തരപഠനം നടത്തുകയും ചില ഫെയർനസ് ഉപയോഗിച്ചതുകൊണ്ടു മാത്രം കുറേ യുവരോഗികളിൽ വൃക്കരോഗം ഉണ്ടായതായി 2023 ൽ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജി (ഐഎസ്എൻ) യുടെ അമേരിക്കയിലെ ന്യൂജഴ്സിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കിഡ്നി ഇന്റർനാഷണൽ എന്ന ജേണലിൽ 2024ൽ പ്രസിദ്ധീകരിച്ചിരുന്നു.
കിഡ്നി കെയർ കേരളയുടെ ഉപദേഷ്ടാവുകൂടിയായ ഡോ. സജീഷ് ശിവദാസ് ഇക്കാര്യം അറിയിച്ചതിനെത്തുടർന്ന് 2024 മുതൽ സംഘടന പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഗൗരവം ഉൾക്കൊള്ളാൻ യുവതലമുറയും ആരോഗ്യവകുപ്പും തയാറായില്ലെന്നു കിഡ്നി കെയർ കേരള ചെയർമാൻ പി.പി. കൃഷ്ണൻ പറഞ്ഞു.
ഈ വിഷയവും കൂടി ഉൾപ്പെടുത്തി വൃക്കരോഗ കാരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപക ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചാൽ വൃക്കരോഗത്തിന്റെ തോത് ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നും കിഡ്നി കെയർ കേരള ചൂണ്ടിക്കാട്ടി.
ഇത്തരം ക്രീമുകളുടെ ഉപയോഗം തടയുന്നതിന് അവയിലടങ്ങിയിരിക്കുന്ന അപകടകരമായ ഘടകങ്ങളെക്കുറിച്ച് ഡോക്ടർമാരെ ധരിപ്പിക്കണമെന്നും ഇവയുടെ ലഭ്യത കുറയ്ക്കുന്നതിനു നിയന്ത്രണ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടതും ആരോഗ്യ അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരേണ്ടതും അത്യന്താപേക്ഷിതമാണെന്നും മുന്പേ ചൂണ്ടിക്കാണിച്ചിരുന്നു.
രോഗം കണ്ടെത്തുന്ന സമയത്ത് പ്രകടമാകുന്ന ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായതും ചർമം വെളുപ്പിക്കുന്ന ക്രീമുകളും ‘നെഫ്രോട്ടിക് സിൻഡ്രോം’ എന്ന വൃക്കരോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡോക്ടർമാർക്കു വേണ്ടത്ര അറിവില്ലാത്തതുംമൂലം രോഗിയുടെ ആരോഗ്യചരിത്രം ചോദിച്ചറിയുന്നതിൽ വരുന്ന വീഴ്ചകളുമാകാം ഈ പ്രശ്നം വലിയ തോതിൽ ഇതുവരെ തിരിച്ചറിയപ്പെടാതെ പോയതിന്റെ കാരണമെന്നും റിപ്പോർട്ടിൽ ഡോക്ടർമാർ പറയുന്നുണ്ട്.
Tags : Kidney disease fairness creams Allegations Experts Report Ignored Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash