പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: യുപിഎസ്ടി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ നിയമന നടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. ആവശ്യങ്ങളിൽ സമയബന്ധിതമായി തീരുമാനമുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഉദ്യോഗാർഥികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. റാങ്ക് പട്ടിക നിലവിൽവന്ന് ഒരു വർഷം പിന്നിട്ടിട്ടും ഒമ്പത് ജില്ലകളിൽ ഒന്നാം റാങ്കുകാർക്കുപോലും നിയമനം ലഭിച്ചിട്ടില്ല.
ജൂലൈ 29ന് സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച 17 ദിവസത്തെ അനിശ്ചിതകാല സമരം മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് അവസാനിപ്പിച്ചത്. 45 ദിവസത്തിനകം നടപടിയുണ്ടാകുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. ഇതോടെയാണ് വീണ്ടും സമരരംഗത്തിറങ്ങിയതെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. ഒഴിവുകൾ നികത്തി നിയമന നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രധാന ആവശ്യം.
അഞ്ചാം ക്ലാസിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയും ആറിലും ഏഴിലും 1:30 ആയും നിശ്ചയിച്ച് ഡിവിഷൻ ഫാൾ പരിഹരിക്കണം. വിരമിക്കൽ, സ്ഥാനക്കയറ്റ ഒഴിവുകൾ നിലവിലെ പട്ടികയിൽനിന്ന് നികത്തണം. പട്ടികയുടെ കാലാവധി ഒന്നര വർഷം നീട്ടുക, പുതിയ യുപിഎസ്ടി മലയാളം മീഡിയം വിജ്ഞാപനം മാറ്റിവയ്ക്കുക, എച്ച്ടിവി, എംആർഎസ് ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളിലും നടപടിയുണ്ടാകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. എം. അഖിലാഷ്, അഞ്ജന, ദേവിക കൃഷ്ണ, സുരയ്യ, നവമി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Protest UPST Candidates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash