Kerala
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്റെ വിമർശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണൻ. ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണില്ലെന്നും പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കുക എന്നുള്ളത് സംഘടനപരമായ കാര്യമാണ്. മെമ്പർഷിപ്പ് പുതുക്കലിന്റെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമേ അത് പൂർത്തീകരിക്കൂ. ബാക്കി കാര്യങ്ങൾ എം.വി ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും രാമകൃഷ്ണന് പറഞ്ഞു.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നതെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു
Kerala
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം ആരും പ്രകടിപ്പിച്ചില്ല. തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്താന്‍ നടപടിയെടുക്കും. ജനങ്ങള്‍ പറയുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വോട്ടർപട്ടിക തീവ്ര പരിഷ്കരണം കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് എസ്ഐആര്‍ നടപ്പിലാക്കുന്നത്. അർഹതപ്പെട്ട എല്ലാവർക്കും വോട്ടവകാശം ലഭിക്കണം. അർഹതപ്പെട്ട പലരും പുറത്താണ്.
മോദിയും പിണറായിയും ചേർന്നാണ് എസ്ഐആര്‍ നടപ്പാാക്കുന്നതെന്ന തെറ്റായ പ്രചാരണം യുഡിഎഫ് നടത്തി. വസ്തുതാവിരുദ്ധമായ നിലപാട് സ്വീകരിച്ച് ജനങ്ങളെ പറ്റിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം : പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതെന്താണോ അതാണു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട്. ഇതു വ്യക്തമാക്കുന്നതും സംസ്ഥാന സെക്രട്ടറി തന്നെയാണ്. അതാണ് ഇന്നലെവരെ കണ്ട രീതിയും. സിപിഎമ്മിനു പാർട്ടി സെക്രട്ടറിയല്ലാതെ മറ്റു വക്താക്കളൊന്നുമില്ല.
എന്നാൽ, ഇപ്പോൾ സംഘടനാരീതി ആകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരവകുപ്പു ഭരിക്കുന്നതു ജമാഅത്തെ ഇസ്ലാമിയായിരിക്കുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ വിവാദ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിനു കാരണമായിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ടി.പി.രാമകൃഷ്ണനും ബാലന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണെന്നു പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ബാലനെ അനുകൂലിച്ചു നിലപാടെടുത്തതോടെ വെട്ടിലായതു സിപിഎം സംസ്ഥാന നേതൃത്വമാണ്.
മാറാട് കലാപവും അതേത്തുടർന്നുണ്ടായ സംഭവങ്ങളും കഴിഞ്ഞ അധ്യായമാണെന്നും ഇപ്പോൾ അങ്ങനെയൊരു ചർച്ചയ്ക്കു പ്രസക്തിയില്ലെന്നും കഴിഞ്ഞ ദിവസം ടി.പി. രാമകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത്, മാറാട് എങ്ങനെ മറക്കാൻ കഴിയുമെന്നാണ്.
മാറാട് കഴിഞ്ഞ കാര്യമാണെങ്കിലും അതു പറയാതെ മുന്നോട്ടു പോകാൻ കഴിയില്ലന്നാണ് ഗോവിന്ദന്റെ വാദം. എ.കെ. ബാലന്റെയും ടി.പി.രാമകൃഷ്ണന്റെയും നിലപാടു ഗോവിന്ദൻ ഇതുവഴി നിരാകരിക്കുകയാണു ചെയ്തത്. അതായത്, മുഖ്യമന്ത്രി ബാലനെ അനുകൂലിച്ചു സംസാരിച്ചതിനു ശേഷം ബാലനെതിരേയുള്ള ആദ്യത്തെ നിലപാടിൽ നിന്നും ഗോവിന്ദൻ പതിവുപോലെ തടിതപ്പി. താൻ മുഖ്യമന്ത്രിക്കൊപ്പമാണെന്ന സൂചനയാണ് ഇതുവഴി അദ്ദേഹം പാർട്ടിക്കു നൽകിയത്.
ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജമാ അത്തെ ഇസ്ലാമിക്കെതിരെ എ.കെ.ബാലൻ നടത്തിയ പരാമർശം ചർച്ച ചെയ്യാൻ പോലും പാർട്ടി സെക്രട്ടറി അനുവദിച്ചില്ല. പകരം വിവാദങ്ങൾ കൂടുതൽ സൃഷ്ടിക്കേണ്ടതില്ലെന്ന നിർദേശമാണ് അദ്ദേഹം നേതാക്കൾക്കു നൽകിയത്.
പാർട്ടി സെക്രട്ടറിയുടെ ഈ നിലപാടിൽ ഭൂരിപക്ഷം സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങൾക്കും കടുത്ത വിയോജിപ്പാണുള്ളത്. ഏതു വിഷയമായാലും പാർട്ടി നിലപാടു വ്യക്തമാക്കുന്നതു സംസ്ഥാന സെക്രട്ടറിയാണ്. എന്നാൽ എ.കെ.ബാലൻ സ്ഥിരമായി മാധ്യമങ്ങളോടു സംസാരിക്കുന്നതു വിലക്കാൻ എം.വി.ഗോവിന്ദനു കഴിയുന്നില്ലെന്ന വിമർശനം നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ ഉണ്ട്.
ഇന്നലെ പാർട്ടി സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിലും എ.കെ.ബാലന്റെ പരാമർശത്തെ തള്ളിപ്പറയാൻ തയാറായില്ല. പകരം താൻ പറയുന്നതാണ് ഇപ്പോൾ പാർട്ടിയുടെ അഭിപ്രായമാണെന്നു പറഞ്ഞു ചോദ്യങ്ങളിൽ നിന്നും വഴുതി പോകുകയായിരുന്നു ഗോവിന്ദൻ.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന കമ്മിറ്റി നടത്തിയ പരിശോധനയുടെ വസ്തുതയല്ല പിന്നീടു ജില്ലാ കമ്മിറ്റികളിൽ റിപ്പോർട്ടു ചെയ്തതെന്ന വിമർശനം സിപിഎമ്മിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാമെന്ന തീരുമാനമാണു സിപിഎ മ്മിലുള്ളത്.
പാർട്ടിയുടെ ഇതുവരെയുള്ള സംഘടനാരീതി അട്ടിമറിക്കപ്പെടുന്നുവെന്ന വിമർശനവും സംസ്ഥാന നേതാക്കൾക്കിടയിൽ ഉണ്ട്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തത്കാലം കൂടുതൽ ചർച്ചകൾക്കുപോയി വിവാദങ്ങൾ ഉണ്ടാക്കേണ്ടെന്ന തീരുമാനത്തിലാണു നേതാക്കൾ.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത് അപ്രതീക്ഷിത ജനവിധിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്.
ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നത് ചെയ്യാൻ ശ്രമിച്ചെന്നും എന്തുകൊണ്ട് ഇങ്ങനെ ഒരു വിധിയുണ്ടായെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"ജനവിധി സൂക്ഷ്മമായി പരിശോധിക്കാം. നിലപാടിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തി മുന്നോട്ടു പോകും. കേരളമാകെ തെരഞ്ഞെടുപ്പ് ഫലം സമ്മിശ്രമാണ്. ബിജെപിയുടെ വരവ് നിസാരമായി കാണാൻ കഴിയില്ല. തോൽവി തോൽവി തന്നെയാണ്. തിരുവനന്തപുരത്ത് ബിജെപി അധികാരത്തിൽ വന്നത് ഗൗരവമായി പരിശോധിക്കും. സിപിഎം-ബിജെപി ഡീൽ എന്നത് വിഷയത്തിന്റെ ഗൗരവം ഇല്ലാതാക്കാനുള്ള ശ്രമമാണ്. മുസ്ലിം വിരുദ്ധ പ്രചാരണം ഞങ്ങൾ നടത്തിയിട്ടില്ല. മുസ്ലിം വിഭാഗത്തെ ചേർത്തുപിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അല്ലാതെ വരുന്ന ആരോപണങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.'-ടിപി രാമകൃഷ്ണന് പറഞ്ഞു.
Kerala
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന നടന് ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാടില്‍ അദ്ഭുതപ്പെടാനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അവസാനംവരെ സംരക്ഷിച്ച പാര്‍ട്ടിയാണു കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷിക്കാനും ഒളിവില്‍ പോകാനും കോണ്‍ഗ്രസ് ഒത്താശ ചെയ്തു. നില്ക്കക്കള്ളി ഇല്ലാതായപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്.
ഇതേ ക്രൂരമുഖമാണ് അതിജീവിതയുടെ കാര്യത്തിലും യുഡിഎഫ് എടുക്കുന്നത്. എല്‍ഡിഎഫ് എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
District News
പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കാനുള്ള സത്വര ക്രിയാത്മക പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഒന്നര കോടി രൂപ വകയിരുത്തി പാതയുടെ സാധ്യതാ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഡിപിആർ തയാറാക്കി സംസ്ഥാന സർക്കാറിന്റെ പരിഗണനക്ക് നൽകി കേന്ദ്രത്തിൽ സമർപ്പിക്കാനുള്ള വേഗത വർധിപ്പിക്കും. പുനര്‍നിര്‍മിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പേരാമ്പ്ര നിയോജക മണ്ഡലത്തിൽ മലയോര മേഖലയുടെ വികസനത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരും. ഇതിന്റെ ഭാഗമായാണ് നിർദ്ദിഷ്ട വയനാട് ബദൽ റോഡുമായി ബന്ധിപ്പിച്ച് 23 കോടി രൂപ വകയിരുത്തി കടിയങ്ങാട് മുതൽ പൂഴിത്തോട് വരെ റോഡ് നവീകരിച്ചത്. തുടർ പ്രവർത്തനത്തിന് നാല് കോടി രൂപ കൂടി വകയിരുത്തും. പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിന് മുന്തിയ പരിഗണന നൽകും.
ഇതിന്റെ ഭാഗമായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വകയിരുത്തി കടിയങ്ങാട്ട് സ്വാഗത കവാടം നിർമിക്കും. പെരുവണ്ണാമൂഴിയുമായി ബന്ധപ്പെടുത്തി മുതുകാട്ടിൽ സ്ഥാപിക്കുന്ന ടൈഗർ സഫാരി പാർക്ക് വരുന്നതോടെ ടൂറിസ്റ്റ് വികസന രംഗത്ത് വലിയ കുതിപ്പിനു വഴിയൊരുങ്ങും. ഇതിലൂടെ നാട്ടിൽ തൊഴിലവസരങ്ങളും വരുമാനവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. എല്‍എസ്ജിഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയര്‍ പി.ജി. സൂരജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള വാദ്യ ഉപകരണങ്ങളുടേയും, ആവള പിഎച്ച്സിക്ക് ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി നല്കിയ കംപ്യൂട്ടറും ലാപ്ടോപ്പും വിതരണവും എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്, കെ. കുഞ്ഞമ്മത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ. പ്രമോദ്, ശാരദ പട്ടേരികണ്ടി, സി.കെ. ശശി, കെ. സുനില്‍, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, എന്‍.ടി. ഷിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.കെ. രജിത തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: സർക്കാരിൽ വിശ്വാസമുണ്ടെന്ന എൻഎസ്എസ് പ്രസ്താവന സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. രാഷ്ട്രീയ നിലപാട് പറയാൻ എൻഎസ്എസിന് പ്രാപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ജി. സുകുമാരൻ നായർ നൽകിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എൻഎസ്എസ് ആണെന്നും രാമകൃഷ്ണൻ പറഞ്ഞു.