പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: ശബരിമലയില്‍ പമ്പയാറ്റില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചാല്‍ ഉടനടി 5,000 രൂപ വരെ പിഴ ഈടാക്കുമെന്ന എഡിഎം ഉത്തരവിന് അംഗീകാരം നല്കി ഹൈക്കോടതി. ഉപേക്ഷിച്ച വസ്ത്രങ്ങളുടെ സംസ്കരണത്തിനു സ്വീകരിച്ച ക്രമീകരണങ്ങളില്‍ ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിശദീകരണവും തേടി.
മാലിന്യ സംസ്കരണത്തിലെ വീഴ്ച പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളും അറിയിക്കണം. പമ്പയിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും മണ്ഡല മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനിടെ കോടതി നിര്‍ദേശം നല്കി.
പമ്പാതീരത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങളില്‍ ഗുരുതര പോരായ്മകളുണ്ടെന്നും പ്ലാസ്റ്റിക്കും പെറ്റ് ബോട്ടിലുകളും തരംതിരിക്കാത്ത മാലിന്യങ്ങളും ഇന്‍സിനറേറ്ററില്‍ ഇടാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ ദേവസ്വം ബോര്‍ഡിനു നല്‍കിയിട്ടുണ്ടെന്നും മലീനീകരണ നിയന്ത്രണ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പമ്പ, ആറാട്ടുകടവ് തീരങ്ങളില്‍ മാലിന്യം കുന്നുകൂടാതിരിക്കാന്‍ സ്ഥിരം ശുചീകരണ തൊഴിലാളികളെ നിയമിക്കണം. തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിനു കൈമാറാന്‍ കൃത്യമായ സംവിധാനം വേണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇതിനായി കുത്തകക്കാരനെ നിയോഗിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയം ഡിസംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.
Tags : Fine Pamba River clothes abandoning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash