ചെങ്ങന്നൂർ: പമ്പയാറ്റിൽ റെയിൽവേ പാലത്തിനു താഴെ മൃതദേഹം കണ്ടെത്തിയിട്ട് പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും ആളെ തിരിച്ചറിയാനായില്ല. ബന്ധുക്കളാരും ഇതുവരെ വിവരമന്വേഷിച്ച് എത്തിയിട്ടുമില്ല. ഇതോടെ പോലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി.
കഴിഞ്ഞ 16ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഇഴപ്പുഴ കടവിലെ മുളങ്കൂട്ടത്തിൽ തടഞ്ഞനിലയിൽ മൃതദേഹം നാട്ടുകാർ കണ്ടത്. അഞ്ചുദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തിന് 170 സെന്റിമീറ്റർ ഉയരമുണ്ട്. നീല പാന്റ്സും വെളുത്ത ഫുൾക്കൈ ഷർട്ടുമാണ് വേഷം. വസ്ത്രത്തിൽ അറ്റോമസ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ആളെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹായം പോലീസ് തേടിയിട്ടുണ്ട്. മരിച്ച വ്യക്തിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0479-2452226, 9497980268.