പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നെൽകൃഷിയിലും കുരുമുളക് കൃഷിയിലും വൻ ഇടിവ്. തുടർച്ചയായ വർഷങ്ങളിൽ നെൽകൃഷിയിൽ വലിയ കുറവ് രേഖപ്പെടുത്തുന്ന സ്ഥിതിയിൽ മാറ്റമില്ലെന്നതാണ് 2024-25 വർഷത്തെ കാർഷിക സ്ഥിതിവിവര റിപ്പോർട്ട് വ്യക്തമാക്കുന്നത്.
1961-62ൽ 7.53 ലക്ഷം ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്ന സ്ഥാനത്ത് 2024-25ൽ 1.76 ലക്ഷം ഹെക്ടറായി കുറഞ്ഞു. അതിഭീമമായ കുറവാണ് നെൽ കൃഷിഭൂമിയിൽ ഉണ്ടായിട്ടുള്ളത്. 1975-76ൽ 8.76 ലക്ഷം ഹെക്ടറായി ഉയർന്ന നെൽകൃഷി എന്നാൽ പിന്നീട് ക്രമാനുഗതമായി കുറഞ്ഞ് 2005-06ൽ 2.76 ലക്ഷം ഹെക്ടറിലേക്ക് താന്നു.
2017-18 മുതൽ 2020-21 വരെ കൃഷിഭൂമിയിൽ നേരിയ വർധനയുണ്ടായി. എന്നാൽ 2021-22 മുതൽ വീണ്ടും കുറവ് തുടരുകയാണ്. 2024-25ൽ സംസ്ഥാനത്തെ നെൽകൃഷി വിസ്തൃതി 1,76,523.429 ഹെക്ടറായി കുറഞ്ഞു. തൊട്ടു മുൻ വർഷത്തേക്കാൾ 3,755.055 ഹെക്ടറിന്റെ കുറവാണിത്.
സംസ്ഥാനത്തെ 14 ജില്ലകളിലും കുരുമുളക് കൃഷി ചെയ്യുന്നുണ്ടെങ്കിലും 2024-25ൽ കുരുമുളക് കൃഷി വിസ്തൃതി 69,891.07 ഹെക്ടറായി കുറഞ്ഞു. തൊട്ടു മുൻവർഷം 72,669.27 ഹെക്ടറായിരുന്നു. സംസ്ഥാനത്ത് സുഗന്ധവ്യഞ്ജന കൃഷിക്കായി ഉപയോഗിക്കുന്ന ആകെ ഭൂമിയുടെ 28.54 ശതമാനവും കുരുമുളകിനാണ്. കുരുമുളക് കൃഷിയിൽ ഇടുക്കി ജില്ലയാണ് മുന്നിൽ.
നെല്ല്, കുരുമുളക് കൃഷികൾ പിന്നിലേക്ക് പോയപ്പോൾ പ്ലാവ്, മാവ് എന്നിവ കൃഷി ചെയ്യുന്ന ഭൂമിയുടെ അളവിൽ വർധന ഉണ്ടായിട്ടുണ്ട്. 2023-24ൽ 92,181.4 ഹെക്ടർ പ്രദേശത്തായിരുന്നു പ്ലാവുകൾ നട്ടിരുന്നതെങ്കിൽ 24-25ൽ അത് 94,248.65 ഹെക്ടറായി ഉയർന്നു. ഈ കൃഷിഭൂമിയിൽ 18.35 ശതമാനവും ഇടുക്കി ജില്ലയിലാണ്. 9.93 ശതമാനവുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 9.92 ശതമാനവുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.
മാവ് കൃഷിയുടെ കാര്യത്തിലും സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023-24 ൽ 80,331.41 ഹെക്ടറായിരുന്ന മാവ് കൃഷി വിസ്തൃതി 2024-25ൽ 81,629.2 ഹെക്ടറായി വർധിച്ചു. മാവ് കൃഷിയിൽ പാലക്കാട് ജില്ലയാണ് മുന്നിൽ. സംസ്ഥാനത്തെ ആകെ മാവ് കൃഷിയുടെ 12.24 ശതമാനവും പാലക്കാടാണ്. 11.57 ശതമാനവുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 10.85 ശതമാനവുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമുണ്ട്.
നെൽകൃഷിയിലും കുരുമുളക് കൃഷിയിലും ഇടിവ് തുടരുമ്പോൾ ചക്ക, മാവ് കൃഷികളിലെ വർധന സംസ്ഥാനത്തിന്റെ കാർഷിക വിളക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
നിലവിലെ സാഹചര്യത്തിൽ നെൽപ്പാടങ്ങൾ അന്യംനിന്നുപോകാതിരിക്കാൻ നെൽവയലുകൾ സംരക്ഷിക്കുന്നതിനും നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ നടപടികൾ അനിവാര്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Tags : Paddy Black pepper cultivation Plummeting