District News
കടുത്തുരുത്തി: കടുത്തുരുത്തി കൃഷിഭവന് പരിധിയിലെ മധുരവേലി പടിഞ്ഞാറെപ്പുറം പാടശേഖരത്തിലെ 250 ഏക്കറിൽ 70 കൃഷിക്കാര്‍ കെയ്തുകൂട്ടിയ നെല്ല് സംഭരിക്കാന്‍ നടപടിയാകാത്തതില്‍ വ്യാപക പ്രതിഷേധം.
പാടത്തും വരമ്പത്തുമായി കുട്ടിയിരിക്കുന്ന 350 ടണ്ണോളം നെല്ലാണ് കര്‍ഷകര്‍ പടുത ഉപയോഗിച്ചു മൂടി സംരക്ഷിക്കുന്നത്. അധികൃതരുടെ അവഗണന അവസാനിപ്പിച്ചു നെല്‍കര്‍ഷകരോട് നീതിപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് കര്‍ഷകമോര്‍ച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ.എന്‍. വാസന് ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തിനുള്ളില്‍ നെല്ല് സംഭരിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി ശക്തമായ സമരത്തിന് കര്‍ഷകമോര്‍ച്ച നേതൃത്വം നല്‍കും.
പാഡി ഓഫീസറും മില്ലുകാരുടെ ഏജന്‍സികളും തമ്മില്‍ ഒത്തുകളിച്ച് നെല്ലിന് ആവശ്യത്തില്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ട് കര്‍ഷകരെ വഞ്ചിക്കുന്ന നടപടി അനുവദിക്കാനാവില്ല.
ഇത്തരം കര്‍ഷകദ്രോഹ നിലപാട് സ്വീകരിക്കുന്ന മില്ലുകളെ കരിന്പട്ടികയില്പ്പെടുത്താന് സര്‍ക്കാര്‍ തയാറകണം. വിവിധ സ്ഥലങ്ങളിലായി കൂട്ടിയിട്ട നെല്ല് ബിജെപി സംസ്ഥാന സമിതിയംഗം കെ. ഗുപ്തന്, ഷണ്മുഖദാസ് കോരിക്കല്‍, രമേശന് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
District News
ചമ്പക്കുളം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുൻപേ സംഭരിച്ച നെല്ലിന്റെ വിലയ്ക്കായി കർഷകർ കാത്തിരിപ്പ് തുടരുന്നു. നെടുമുടി കൃഷിഭവന് കീഴിലുള്ള പുളിക്കക്കാവ് പാടശേഖരത്തിലെ ഒരുപറ്റം കർഷകരാണ് നവംബർ അവസാന ആഴ്ചയിൽ നല്കിയ നെല്ലിന്റെ വിലയ്ക്കായി ആഴ്ചകളായി ബാങ്കുകളിൽ കയറി ഇറങ്ങുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ള കർഷകർക്കാണ് ഇതുവരെയും നെൽവില ലഭിച്ചില്ല എന്ന പരാതി ഉള്ളത്. ഇതോടൊപ്പം സംഭരിച്ച നെല്ലിന്റെ വില കാനറ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ട്. എന്നാൽ നെല്ല് സംഭരണം നടത്തി ഒന്നരമാസം കഴിഞ്ഞിട്ടും നെല്ല് വില കിട്ടാതെ ബുദ്ധിമുട്ടിലാണ് പല കർഷകരും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് ഏകദേശം രണ്ടുമാസത്തോളം സംഭരിച്ച കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ നെല്ലിന്റെ വില ഒരാഴ്ച കൊണ്ട് തന്നെ കർഷകരുടെ ആക്കൗണ്ടുകളിൽ എത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നെല്ലുവില വിതരണം പഴയ പടി ആയി എന്നതാണ് അവസ്ഥ. ഓരോ കൃഷിക്കും വായ്പഎടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് നെല്ലുവില യഥാസമയം ലഭ്യമാകാത്തതിനാൽ വലിയ കട ബാധ്യതയാണ് ഉണ്ടാവുന്നത്.
നെല്ല്സംഭരണം നടത്തി ഒരാഴ്ചക്കകം കർഷകർക്ക് നെല്ല് വില ലഭ്യമാക്കാൻ സാധിക്കുന്നില്ലെങ്കിൽ നെല്ല് വിലയ്ക്ക് സർക്കാർ കുടിശികക്ക് ഈടാക്കുന്ന പലിശ നിരക്കിൽ കർഷകർക്ക് പലിശ നല്‍കണം എന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.
കർഷകൻ എടുക്കുന്ന വായ്പകൾക്ക് കണക്ക് പറഞ്ഞ് പലിശ ഈടാക്കുമ്പോൾ കർഷകന്റെ പണം ആഴ്ചകളും മാസങ്ങളും യാതൊരു പലിശയും ഇല്ലാതെ കിടക്കുന്നത് കർഷകരോട് ചെയ്യുന്ന വലിയ ദ്രോഹം തന്നെയാണ്.
ഒരു പാടശേഖരത്തിലെ 200 ഏക്കർ നിലത്തിൽ നിന്നും ഏക്കർ ഒന്നിന് 20 ക്വിന്റൽ നെല്ല് എന്ന കണക്കിൽ സംഭരിച്ചാൽ 4000 ക്വീന്റൽ നെല്ലിന്റെ വിലയായ 12000000 (ഒരു കോടി ഇരുപത് ലക്ഷം രൂപ) രൂപയാണ് കർഷകർക്ക് ലഭിക്കേണ്ടത്. സാധാരണ 8% പലിശ കണക്കാക്കിയാൽ പോലും ഓരോപാടശേഖരത്തിലെ കർഷകർക്കും പ്രതിമാസം ഒരു ലക്ഷത്തോളം രൂപയാണ് സംഭവിക്കുന്ന നഷ്ടം.
കുട്ടനാട്ടിൽ ആയിരക്കണക്കിന് ഏക്കർ വിസ്തൃതിയുള്ള പാടശേഖരങ്ങളിലെ കർഷകർക്ക് ഒരു വർഷം നെല്ല് സംഭരണം നടത്തി യഥാസമയം വില നല്‍കാത്തതിന്റെ പേരിൽ വരുന്ന നഷ്ടത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ ആഴ്ചയിലും കോടികളാണ് എന്നതാണ് യാഥാർഥ്യം. ഈ സത്യം മനസിലാകാത്ത സാധാരണക്കാരായ കർഷകർ തങ്ങൾക്ക് അർഹമായത് നഷ്ടപ്പെടുത്തിക്കൊണ്ടാണ് നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്ക് വേണ്ടി നെൽകൃഷി ചെയ്യുന്നത് എന്ന ബോധ്യം പൊതു സമൂഹത്തിന് ഉണ്ടാവേണ്ടിയിരിക്കുന്നു.
നെല്ല് സംഭരണം നടത്തി ഒരാഴ്ചയ്ക്കകം നെല്ലു വില ലഭ്യമായില്ലെങ്കിൽ തുക അക്കൗണ്ടിൽ എത്തും വരെയുള്ള ദിവസങ്ങൾക്ക് അർഹമായ പലിശ കർഷകർക്ക് ലഭ്യമാക്കണം എന്നതാണ് കുട്ടനാടൻ കർഷകരുടെ ആവശ്യം. അതോടൊപ്പം ബാങ്കുകൾ മാറുന്നതനുസരിച്ച് അക്കൗണ്ടിൽ നെല്ല് വില എത്തുന്നത് താമസിക്കും എന്ന വിചിത്ര രീതിക്കും മാറ്റം ഉണ്ടാകണം.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിച്ച മുഴുവൻ നെല്ലിനും കിലോഗ്രാമിന് 30 രൂപ വീതം നൽകാൻ മന്ത്രിസഭാ തീരുമാനം. 2025 ഒക്ടോബർ 20 മുതൽ സംഭരിച്ച നെല്ലിനാണ് മുൻകാല പ്രാബല്യത്തോടെ ഉയർന്ന വില നൽകുക.
നേരത്തേ നവംബർ ഒന്നു മുതൽ സപ്ലൈകോ വഴി സംഭരിച്ച നെല്ലിന് കിലോയ്ക്ക് 30 രൂപ വീതം നൽകാനായിരുന്നു തീരുമാനം. ഇങ്ങനെ നെല്ല് സംഭരിച്ചാൽ 2025- 26 ലെ ഒന്നാം സീസണിൽ സപ്ലൈകോ വഴി സംഭരിക്കുന്ന നെല്ലിന് കർഷകർക്ക് രണ്ടു തരം വില നൽകേണ്ടി വരുമെന്ന വിമർശനം ഉയർന്നു.
നവംബർ ഒന്നിന് മുൻപ് സംഭരിച്ച നെല്ലിന് കുറഞ്ഞ താങ്ങുവിലയും ശേഷം സംഭരിച്ച നെല്ലിന് ഉയർന്ന താങ്ങുവിലയും നൽകേണ്ട സാഹചര്യം വരും. ഇതു മറികടക്കാനാണ് ഒക്ടോബർ 20 മുതൽ മുൻകാല പ്രാബല്യം നൽകി ഭേദഗതി വരുത്തിയത്.
District News
വടക്കഞ്ചേരി: വണ്ടാഴി പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2025-26 പദ്ധതിയുടെ ഭാഗമായി കിലോയ്ക്ക് 26 രൂപ നിരക്കിൽ ഉമ നെൽവിത്ത് വിതരണം ചെയ്തു.
വണ്ടാഴി കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് നിർവഹിച്ചു. 15 ടൺ നെൽ വിത്താണ് രണ്ടാം വിളകൃഷിക്കായി കാർഷിക സർവകലാശാലയിൽ നിന്നും എത്തിച്ചിരുന്നത്.
District News
മാഞ്ഞൂര്‍: പാണ്ടന്‍കരി-രാമന്‍കരി പാടശേഖരത്തില്‍ മടവീഴ്ച. കർഷകര്‍ പ്രതിസന്ധിയില്‍. മാഞ്ഞൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് പാണ്ടന്‍കരി-രാമന്‍കരി പാടശേഖരം. കളമ്പുകാട്-നീണ്ടൂര്‍ തോട്ടില്‍ ചെറുകോട്ടില്‍ കടവിനു സമീപമാണ് ഇന്നലെ രാവിലെ പത്തോടെ മടവീണത്.
പുഞ്ചകൃഷിക്കായി പാടശേഖരം ഒരുക്കിയിട്ടിരിക്കുകയായിരുന്നു. നവംബര്‍ ഒന്നിനാണ് വിതയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. മടവീഴ്യുണ്ടായതോടെ വിത ആരംഭിക്കുന്നത് പ്രതിസന്ധിയിലായി.
സമയത്ത് വിത ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൊയ്ത്തിന്റെ സമയത്തും മറ്റു പ്രതിസന്ധികളുണ്ടാകും. മടവീഴ്ച പരിഹരിക്കുന്നതിന് അടിയന്തരമായി കൃഷിവകുപ്പ് സഹായം നല്‍കണമെന്ന് പാണ്ടന്‍കരി-രാമന്‍കരി പാടശേഖരസമിതി സെക്രട്ടറി അബ്രാഹം സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
District News
ചെമ്പ്: ചെമ്പ് പഞ്ചായത്ത് ഒൻപതാം വാർഡിൽ തേരാറ്റുപുഴ ഭാഗത്ത് സ്വകാര്യവ്യക്തി പാടം അനധികൃതമായിമണ്ണിട്ട് നികത്തിയതിനെത്തുടർന്ന് പത്തു കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലായി.
മിച്ചഭൂമി പതിച്ചു കിട്ടിയ പത്തു കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ചെറിയ മഴ പെയ്താൽപോലും വീടും പരിസരവും വെള്ളത്തിൽ മുങ്ങുകയാണ്. കൃഷിഭവൻ,പഞ്ചായത്ത്, വില്ലേജ് അധികൃതരുടെ അനുമതിയില്ലാതെയാണ് പാടം നികത്തിയതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
വെള്ളക്കെട്ട് നീക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ മേഖലാ സെക്രട്ടറി കെ.ജി. അശോക് കുമാർ ആവശ്യപ്പെട്ടു.