കുമരകം: പടിഞ്ഞാറെ പള്ളിക്കായലിലെ നെല്ല് ക്വിന്റലിന് 12 കിലോ കിഴിവിൽ ഇന്നുമുതൽ സംഭരിച്ചു തുടങ്ങും. കൊയ്തുകൂട്ടിയിട്ട് 20 ദിവസങ്ങൾ കഴിഞ്ഞിട്ടും സംഭരണം നടത്തിയിരുന്നില്ല. ഇന്നലെ കർഷകർ പാഡി മാർക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചതിനെത്തുടർന്നാണ് ധാരണയായത്.
പാടത്തിന്റെ പുറംബണ്ടിൽ ദിവസങ്ങളായി സൂക്ഷിച്ചിരുന്ന നെല്ല് 17 കിലോ കിഴിവ് നൽകിയാലേ സംഭരിക്കൂവെന്ന നിലപാടിലാണ് മില്ലുടമകളെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
അയൽപാടങ്ങളിലെ നെല്ല് മൂന്നു മുതൽ ആറു കിലോവരെ കിഴിവിലാണ് സംഭരിച്ചതെന്നു കർഷകർ ചൂണ്ടിക്കാട്ടി. നെല്ല് സംഭരണം വൈകിയതിനെത്തുടർന്ന് മനസില്ലാമനസോടെയാണ് 12 കിലോ കിഴിവ് നൽകാൻ കർഷകർ തീരുമാനിച്ചത്.
നെല്ലു സംഭരണത്തിൽ കർഷകരെ സഹായിക്കേണ്ട പാഡി മാർക്കറ്റിംഗ് ഓഫീസർ കർഷകവിരുദ്ധ നിലപാട് സ്വീകരിക്കുന്നതാണ് തങ്ങൾ ചൂഷണത്തിന് വിധേയരാകാൻ കാരണമെന്ന് അവർ ആരോപിച്ചു.
17 ശതമാനംവരെ ഈർപ്പമുള്ള നെല്ല് കിഴിവില്ലാതെ സംഭരിക്കണമെന്നാണ് സർക്കാർ നിർദേശം. പള്ളിക്കായലിലെ നെല്ലിന്റെ ഈർപ്പം കേവലം 14.5 ശതമാനം മാത്രമാണ്. ഭാരമില്ലാത്ത പതിരിന്റെ പേരിലാണ് ഭീമമായ കിഴിവു ചോദിക്കുന്നതെന്ന് കർഷകർ പറയുന്നു.
പള്ളിക്കായലിലെ 30 കർഷകരോട് എന്തിനാണീ ക്രൂരതയെന്നാണ് 56 ഏക്കറുള്ള പാടശേഖരത്തിന്റെ സെക്രട്ടറി ജെയ്സൺ തോമസ് കണ്ടങ്കരിയും പ്രസിഡന്റ് കെ.വി. മാത്യു കുമ്പളന്ത്രയും ചോദിക്കുന്നത്.