കർഷകർക്ക് കൃത്യമായി വില നൽകണം
ആലപ്പുഴ: കൃത്യസമയത്ത് നെല്ല് സംഭരിക്കാനും കൃത്യമായി വില നൽകാനും സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനംഗം വി. ഗീത സപ്ലൈകോ എംഡിക്ക് നിർദേശം നൽകി. കർഷകരുടെയും സമൂഹത്തിന്റെയും നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ഉത്തരവിൽ പറഞ്ഞു. കൃഷിയെ തകർച്ചയുടെ വക്കിൽനിന്നു രക്ഷിക്കാൻ സർക്കാരും സപ്ലൈകോയും ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
നെല്ല് സംഭരിക്കുന്ന സർക്കാരും വില നൽകുന്ന ബാങ്കുകളും ഗൂഢാലോചന നടത്തി നെല്ലിന്റെ വിലയായി നൽകുന്ന തുക വായ്പയായി രേഖപ്പെടുത്തി കർഷകരെകൊണ്ട് പ്രോമിസറി നോട്ടിൽ ഒപ്പിടുവിക്കുന്നുവെന്ന പരാതിയിലാണ് നടപടി.
നെല്ലുസംഭരണത്തിന്റെ ചുമതല ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനാണെന്നും വിശദാംശങ്ങൾ കൃഷിവകുപ്പിൽ ലഭ്യമല്ലെന്നും കൃഷി ഓഫീസർ പറഞ്ഞു.
കേന്ദ്രസർക്കാർ നൽകുന്ന താങ്ങുവില കൃത്യസമയത്ത് നൽകാത്തതു കാരണമാണ് കർഷകർക്ക് നെല്ലിന്റെ വില നൽകുന്നതിന് സപ്ലൈകോ പിആർഎസ് വായ്പാ പദ്ധതി തുടങ്ങിയതെന്ന് സപ്ലൈകോ കമ്മീഷനെ അറിയിച്ചു. ഇതിനായി വിവിധ ബാങ്കുകളുമായി സപ്ലൈകോ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കർഷകർക്ക് നൽകുന്ന തുകയുടെ മുതലും പലിശയും സപ്ലൈകോ അടയ്ക്കും. അതിനാൽ കർഷകർക്ക് ബാധ്യതയില്ല. കർഷകർക്ക് കൃത്യസമയത്ത് സംഭരണവില നൽകാനാണ് ഇങ്ങനെയൊരു ക്രമീകരണം ഏർപ്പെടുത്തിയത്.
ആലപ്പുഴ ഐക്യ കർഷക സംഘം വൈസ് പ്രസിഡന്റ് പി.എൻ. നെടുവേലി സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Nattuvishesham Local Desk Paddy Human Rights Commission