ശരദ് പവാര്‍
മുംബൈ: മകള്‍ സുപ്രിയ സുലെയെ മഹാരാഷ് ട്ര മുഖ്യമന്ത്രിയാക്കിയാല്‍ എന്‍ഡിഎയില്‍ ചേരാമെന്ന് ബിജെപി നേതൃത്വത്തിനു മുന്നിൽ ഉപാധി വച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മണ്ഡലപുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ പാസാക്കാന്‍ എന്‍സിപിയുടെ പിന്തുണ ബിജെപി തേടുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരാണ് ശരദ് പവാറുമായി ചര്‍ച്ച നടത്തുന്നത്. മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ പാസാക്കാനുള്ള പിന്തുണ ഉറപ്പിക്കാന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുകയാണ്. ഇരു സഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കിലേ ബില്ലുകള്‍ പാസാകൂ.
ഇരു എന്‍സിപികളെയും ലയിപ്പിക്കാനുള്ളനീക്കവും ഇതോടൊപ്പം നടക്കുന്നുണ്ട്. എന്‍സിപി (അജിത്) പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാറിനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചുവരികയാണ്. എന്നാല്‍, ലയനത്തിന് സുനേത്ര എതിരാണ്. അതേസമയം, ഇരുവിഭാഗങ്ങളിലെയും മുതിർന്ന നേതാക്കൾ ശരദ് പവാര്‍ നേതൃത്വമേറ്റെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ, ശരദ് പവാറിന്റെ മൂത്ത സഹോദരന്റെ പൗത്രനും എംഎല്‍എയുമായ രോഹിത് പവാര്‍ ലയനത്തിന് എതിരാണ്.
മുഖ്യമന്ത്രിസ്ഥാനത്തിനുള്ള അവകാശവാദം ശരദ് പവാര്‍ പക്ഷം ഉപേക്ഷിച്ചാല്‍ ധനം വകുപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കാമെന്നാണു ബിജെപിയുടെ വാഗ്ദാനം. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരേ നേരിട്ട് വിമര്‍ശനം നടത്തരുതെന്ന് എന്‍സിപി നേതാക്കള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ശരദ് പവാർപക്ഷം എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി സുപ്രിയ സുലെ ഇന്നലെ രംഗത്തെത്തി. ശരദ് പവാർ എൻഡിഎയിൽ ചേർന്നേക്കില്ലെന്നും കേന്ദ്ര സർക്കാരിനു പ്രശ്നാധിഷ്ഠിത പിന്തുണ നൽകുമെന്നും മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന എൻസിപി (അജിത്) നേതാവുമായ ഛഗൻ ഭുജ്ബൽ പറഞ്ഞു. ശരദ് പവാർ എൻഡിഎയിൽ ചേരില്ലെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. വർഗീയശക്തികൾക്കെതിരേ എന്നും പോരാടിയ ചരിത്രമാണ് ശരദ് പവാറിനുള്ളതെന്ന് റൗത്ത് ചൂണ്ടിക്കാട്ടി.
Tags : Sharad Pawar Supriya Sule Chief Minister BJP condition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NCP