Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വീര്യം കുറഞ്ഞ മദ്യം എന്ന കാറ്റഗറി കൊണ്ടുവന്നത് ഇടതു സർക്കാരാണ്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്തത്. മദ്യനയം തീരുമാനിക്കുന്നത് യുഡിഎഫാണ്.
വീര്യം കുറഞ്ഞ മദ്യം വിൽക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചാൽ ഇപ്പോൾ നിശ്ചയിച്ച നികുതിയായിരിക്കും. വിൽക്കേണ്ട എന്നാണ് രാഷ്ട്രീയ തീരുമാനമെങ്കിൽ വിൽക്കില്ല. അത് രാഷ്ട്രീയ തീരുമാനമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ബക്കാർഡി ഇന്ത്യ ലിമിറ്റഡ് അനുമതിക്ക് അപേക്ഷ സമർപ്പിച്ചിരുന്നെന്നും വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും ഇടതു സർക്കാരിന്റെ കാലത്തെ എക്സൈസ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയിട്ടുണ്ട്. ബക്കാർഡി ആവശ്യപ്പെട്ടതു പ്രകാരം നികുതി നിശ്ചയിക്കാനുള്ള നടപടിക്രമങ്ങളും കഴിഞ്ഞ സർക്കാർ ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ആയതിനാൽ നടപ്പാക്കിയില്ല എന്നു മാത്രം.
മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതികൂടി പരിശോധിച്ചശേഷം യുഡിഎഫ് സർക്കാർ കൂടിയ നികുതിയാണ് നിശ്ചയിച്ചത്. 2018-19ൽ 40 ശതമാനം മുതൽ 60 ശതമാനം വരെ വീര്യമുള്ള ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കറിന് 78 ശതമാനം നികുതിയാണ് മുൻ സർക്കാർ നിശ്ചയിച്ചത്. 2022-23ൽ അത് 115 ശതമാനമാക്കി. കമ്പനികളിൽനിന്നു പണം വാങ്ങിയിട്ടാണോ ഇതു ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മദ്യത്തിന്റെ വ്യാപനം അരുതെന്നാണ് പ്രതിപക്ഷം ഇപ്പോൾ ഉപദേശിക്കുന്നത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രി ആകുമ്പോൾ 28 ബാറാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 900ത്തിലധികം ബാറാണുള്ളത്. മദ്യത്തിന്റെ വ്യാപനം കുറയ്ക്കാനാണോ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്നും സതീശൻ ചോദിച്ചു.
കരിമണൽ വിഷയത്തിൽ യു ടേണ്‍ ഉണ്ടാകില്ല. സ്വകാര്യവത്കരിക്കും എന്ന് ബജറ്റിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ആ വാക്കിൽ ഉറച്ചുനിൽക്കുന്നു.
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ കോൾ ഇന്ത്യ ലിമിറ്റഡും കെഎംഎംഎലും കെൽട്രോണും ടൈറ്റാനിയവും എൻഎഫ്ടിഡിസിയും ചേർന്നുള്ള കണ്സോർഷ്യമാണുള്ളത്. അവിടെ ഖനനമില്ല. വാല്യൂ അഡിഷനാണ് നടത്തുന്നത്. ആ ക്രിട്ടിക്കൽ മിനറൽ കൊറിഡോർ ഉണ്ടാക്കുക തന്നെ ചെയ്യും.
സ്വകാര്യവത്കരണമെന്നത് ഇല്ലാക്കഥയാണ്. നിയോ കേരള മോഡൽ ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വ്യവസായ സേവന മേഖലകളെ ശക്തിപ്പെടുത്തി നിക്ഷേപം ആകർഷിക്കും.
Kerala
തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
കഴിഞ്ഞ ഇടതു സർക്കാർ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു തുടങ്ങിയതാണു സ്ത്രീ സുരക്ഷാ പെൻഷൻ. ഈ പദ്ധതി തുടരുന്നതിൽ യുഡിഎഫ് സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ മന്ത്രി എം. ലിജു ഇന്ന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തും. നിയമസഭ നടക്കുന്നതിനിടയിൽ വെച്ചായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.
ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് എക്സൈസ് വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന തർക്കവിഷയം. ധനവകുപ്പ് മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മറ്റ് കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം യുഡിഎഫിനുള്ളിൽ തന്നെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് തുറന്ന കത്തെഴുതി. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമാണെന്നും സുധീരൻ വ്യക്തമാക്കി.
Movies
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിന് പൃഥ്വിരാജിന്റെ കൈയടി. മലയാള സിനിമയ്ക്കു നൽകിയ പരിഗണനകൾക്ക് നന്ദി പറഞ്ഞ നടൻ അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനം ആണിതെന്നും വ്യക്തമാക്കി.
‘‘മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു.
ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നൽകിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.’’പൃഥ്വിരാജിന്റെ വാക്കുകൾ.
നേരത്തേ സർക്കാരിന്റെ പ്രഖ്യാപനത്തെ മോഹൻലാലും ആന്റോ ജോസഫും സ്വാഗതം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കന്നി ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒൻപതു മുതലാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അവതരണം. യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ഇന്ദിരാ ഗാരന്റിയുമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളെന്നാണു സൂചന.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക അടക്കമുള്ള പ്രഖ്യാപനങ്ങളുമുണ്ടാകും. എന്നാൽ, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നതു ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകില്ലെന്നാണു വിവരം.
കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാൽ സന്പൂർണ ബജറ്റ് അവതരിപ്പിച്ചിരുന്നു. ഇതിൽനിന്ന് എന്തെല്ലാം മാറ്റങ്ങൾ ഇന്നു വി.ഡി. സതീശൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഉണ്ടാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. ആര്. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ.
സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്ന സതീശൻ സർക്കാരിന്റെ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് കിഫ്ബിയുടെ പുനസംഘടന. റവന്യു മോഡലായി കിഫ്ബിയെ മാറ്റുന്നതിനൊപ്പം പൂർണമായും ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനും നടപടി ഉണ്ടാകുമെന്നാണ് സൂചന.
Kerala
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒരു മാസം. ഒരു മാസം എന്നത് സർക്കാരിനെ വിലയിരുത്താനുള്ള പരിമിതമായ സമയമാണെങ്കിലും വൻ ജനപിന്തുണയോടെ 102 സീറ്റുമായി ഭരണത്തിലെത്തിയ സർക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ എന്തെല്ലാം; ഒപ്പം കോട്ടങ്ങളും..?
◄നേട്ടങ്ങൾ
►വാഗ്ദാനങ്ങൾ പാലിക്കാനുള്ള ശ്രമം
ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കുമെന്ന തോന്നൽ സൃഷ്ടിക്കാൻ സാധിച്ചു. അധികാരമേറ്റ ആദ്യ കാബിനറ്റിൽതന്നെ ആശമാരുടെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അതോടൊപ്പം അങ്കണവാടി ജീവനക്കാർ, പ്രീപ്രൈമറി ടീച്ചർമാർ, പാചകത്തൊഴിലാളികൾ എന്നിവർക്കും 1000 രൂപയുടെ വർധന. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്കു നല്കിയ അഞ്ച് ഇന്ദിരാ ഗാരന്റികളിൽ ഒന്നായ സ്ത്രീകളുടെ സൗജന്യയാത്ര ഇതിനകം നടപ്പിലാക്കി. ഓർഡിനറി ബസുകളിൽ എല്ലാ വിഭാഗം സ്ത്രീകളുടെയും യാത്ര സൗജന്യമാക്കി.
►ഓപ്പറേഷൻ തൂഫാൻ
ലഹരി മാഫിയയ്ക്കെതിരേ ആഭ്യന്തരവകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്’ ഏറെ ഫലപ്രദമായി മുന്നോട്ടു പോകുന്നു. മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിന്റെ ഭാഗമായ ഇതിനോടകം നാനൂറോളം കേസുകൾ എടുത്തു.
►ഭൂമിതർക്കത്തിന് പരിഹാരം
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് പിറ്റേദിവസം തന്നെ എറണാകുളം പാര്യത്തുകാവിലെ ഭൂപ്രശ്നം രൂക്ഷമായിരുന്നു. നിർബന്ധിത കുടിയൊഴിപ്പിക്കലിനായുള്ള പോലീസ് നടപടിയും ജനങ്ങളുടെ പ്രതിഷേധവുമൊക്കെ പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഈ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. തർക്കഭൂമിയുടെ ഒരുഭാഗത്തുതന്നെ ഉന്നതിയിലെ താമസക്കാർക്ക് സർക്കാർ അഞ്ചുസെന്റ് വീടും ഭൂമിയും നല്കാൻ തീരുമാനമായി.
►രാഷ്ട്രീയ തീരുമാനങ്ങൾ
എൽഡിഎഫ് ഭരണകാലത്ത് അകാരണമായി പോലീസ് മർദനമേറ്റ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളെടുത്തു. ആലപ്പുഴയിൽ കെഎസ് യു പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദിച്ച നടപടികൾ ഉൾപ്പെടെയുള്ള സമാനമായ കേസുകളിൽ അന്വേഷണവും നടപടിയും.
വടകരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തുണ്ടായ കാഫീർ സ്ക്രീൻഷോട്ട് വിവാദത്തിൽ എസ്ഐടി രൂപീകരിച്ച് പുനരന്വേഷണം ആരംഭിച്ചു. ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി.
►ധവളപത്രം
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കി. സംസ്ഥാനത്തിന്റെ പൊതുകടവും ബാധ്യതകളും ധനസ്ഥിതിയും സംബന്ധിച്ച് സുതാര്യത സൃഷ്ടിച്ചു.
Kerala
തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു ശേഷം തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. രാത്രിയാത്രയുമായി ബന്ധപ്പെട്ട പ്രശ്നത്തിനു പരിഹാരം കാണാൻ കർണാടക മുഖ്യമന്ത്രിയെ കാണാമെന്ന് അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ ഉൾപ്പെടെ വെള്ളം പങ്കിടലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയുമായും ചർച്ച നടക്കും. ബജറ്റ് അവതരണ ജോലികളാണ് ഇത്തരത്തിലുള്ള ചർച്ചകൾ വൈകാൻ കാരണമാകുന്നത്. ഒരുപാട് പരിമിതികൾക്കിടയിലാണ് നാളത്തെ ബജറ്റ് അവതരണത്തിനുള്ള തയാറെടുപ്പു നടത്തുന്നത്.
കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ 35,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതിൽ 20,500 കോടി രൂപ ഇല്ല. കാണാനില്ലാത്ത തുകയുടെ ഇന്ദ്രജാലം വച്ചാകണം ബജറ്റ് തയാറാക്കേണ്ടത്. കഴിഞ്ഞ സർക്കാരിൽനിന്നു വ്യത്യസ്തമായ ബജറ്റാകും അവതരിപ്പിക്കുക- മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബജറ്റ് പ്രസംഗം ഇപ്പോൾ പറയാൻ പറ്റുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Movies
അന്തരിച്ച പ്രിയ സുഹുത്തും നടനുമായ സലിം കുമാറിന്റെ വേർപാടിൽ വിതുന്പുന്ന ഓർമകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂരിൽ നടന്ന സലിം കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരാർഥത്തിൽ ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് താനെന്നു വികാരഭരിതനായി അദ്ദേഹം പറഞ്ഞു.
2011-ൽ മന്ത്രിയാകാൻ കഴിയാതെ വന്നപ്പോൾ സലീം കുമാർ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞിരുന്നുവെന്നും, എന്നാൽ പിന്നീട് താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കഴിഞ്ഞതോടെ തന്റെ ജീവിതലക്ഷ്യം പൂർത്തിയായെന്ന് സലീം കുമാർ പറഞ്ഞതായും മുഖ്യമന്ത്രി ഓർത്തെടുത്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ, "നമ്മളെല്ലാവരും നമ്മുടെ ഹൃദയത്തിൽ ഇടം കൊടുത്തിട്ടുള്ള സലീം കുമാറിന്റെ വേർപാടിൽ അതുമായി ബന്ധപ്പെട്ട ഒരു അനുസ്മരണ സമ്മേളനത്തിലാണ് നമ്മളെല്ലാം ഒത്തുചേർന്നിരിക്കുന്നത്. നമുക്ക് അദ്ദേഹം രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേർപാടാണ് പെട്ടെന്നുണ്ടായത്. സത്യത്തിൽ നമ്മുടെ കുടുംബത്തിൽ നിന്ന് ഒരാൾ പോയ ഒരു അനുഭവമാണ് എല്ലാവർക്കും, അദ്ദേഹത്തെ അറിയാവുന്നവർക്ക് എല്ലാവർക്കും ഉണ്ടായത്. അടുപ്പമുള്ളവർക്കെല്ലാം അദ്ദേഹം കുടുംബത്തിൽ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു; സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളായിരുന്നു.
സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ വന്നാൽ പോലും ആ ട്രോളുകളിൽ വരുന്ന 80 ശതമാനവും സലീം കുമാറിന്റെ ഒരു മുഖം കാണിച്ചുകൊണ്ടിട്ടുള്ള ട്രോളുകൾ ആയിരിക്കും; കാരണം അത്രമാത്രം ആളുകളെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ജീവിത അവസ്ഥകളെ കുറിച്ച്, ജീവിതത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളെ കുറിച്ച്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സലീം കുമാർ ഇവിടെ പറഞ്ഞതുപോലെ എല്ലാവരെയും ചിരിപ്പിക്കുകയായിരുന്നു.
എന്നാൽ തനിക്ക് ചിരിപ്പിക്കാൻ മാത്രമല്ല, തനിക്ക് ഗൗരവത്തോടുകൂടിയ ഒരു കഥാപാത്രത്തെ, ദേശീയ രംഗത്ത് ശ്രദ്ധേയമാകുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് 'ആദമിന്റെ മകൻ അബു'വിലൂടെ അദ്ദേഹം തെളിയിച്ചു; അതിന്റെ ഡയറക്ടർ സലിം അഹമ്മദ്, നമ്മുടെ ഈ വേദിയിൽ, ഈ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉണ്ട്. സലീം കുമാറിനെ പോലുള്ള ഒരു താരത്തിന്റെ ഒരു റേഞ്ച്, അത് നമ്മളൊന്നും ഉദ്ദേശിക്കുന്ന തലത്തിലുള്ള ഒരു റേഞ്ച് അല്ല, അതിന് അപ്പുറത്തുള്ള ഒരു റേഞ്ച് ആണ് എന്ന് കണ്ടെത്തിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. അതാണ് അദ്ദേഹത്തെ ദേശീയ അവാർഡിലേക്ക് നയിച്ചത്, ഭരത് അവാർഡിലേക്ക് നയിച്ചത്. ആ ഭരത് അവാർഡ് സലീം കുമാറിനും മാത്രമല്ല കിട്ടിയത്; സലീം കുമാറിനെ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും, അദ്ദേഹത്തിന് ഒരു കുടുംബമായി കരുതുന്ന ഈ പറവൂരിനും നമുക്കെല്ലാവർക്കും കിട്ടിയ ഒരു ഭരത് അവാർഡ് ആണ്. ആ ഭരത് അവാർഡ് കിട്ടിക്കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം ഈ നാടിന് മുഴുവൻ കിട്ടിയ ഒരു സമ്മാനം എന്നുള്ള നിലയിലായിരുന്നു. ആ ഭരത് അവാർഡ് ആ ചിത്രവും അദ്ദേഹത്തെ മറ്റൊരു വ്യത്യസ്തമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടം എനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത നഷ്ടമാണ്. അക്ഷരാർഥത്തിൽ ഒരു സഹോദരനെ, ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ഇത്.
ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നൽകിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം എനിക്ക് ഈ പറവൂരിൽ നൽകിയ പൗരസ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, എനിക്ക് എല്ലാം പൂർത്തിയായതുപോലെയാണ് എന്ന്; അറം പറ്റിയ വാക്കുകൾ പോലെയാണ് ഇപ്പോൾ എനിക്ക് അത് തോന്നുന്നത്, ഇപ്പോൾ എല്ലാം പൂർത്തിയായതുപോലെയാണ് എന്ന്.
എനിക്ക് 2011-ൽ മന്ത്രിയാകാതെ വന്നപ്പോൾ വീട്ടിൽ ഇരുന്ന് ഒരുപാട് കരഞ്ഞു; ഇപ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തിൽ പങ്കെടുക്കുന്നത് കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തിൽ എല്ലാം പൂർത്തിയായതുപോലെ എന്ന്. തന്റെ ഒരു സുഹൃത്തിന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനം ലഭിച്ചപ്പോൾ അത് തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായി എന്ന് വിശ്വസിക്കുന്ന ഒരാളെ നമ്മൾ സുഹൃത്ത് എന്ന ചെറിയ വാക്കിൽ ഒതുക്കി നിർത്താൻ പറ്റുമോ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്; അതിനേക്കാൾ എത്രയോ അപ്പുറമാണത്, എന്റെ ജീവിതലക്ഷ്യം പൂർത്തിയായി എന്നാണ് എന്നോട് കൈ പിടിച്ചുകൊണ്ട് പറഞ്ഞത്. ഞാൻ പറഞ്ഞു, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാൻ ആശ്വസിപ്പിക്കുകയായിരുന്നു.
യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് എനിക്ക് ഈ മരണവിവരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി, എന്നോട് യാത്ര ചോദിക്കുകയായിരുന്നു. അത്ര വികാരനിർഭരമായിട്ടാണ് എന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞത്. സലീം കുമാർ, നമുക്ക് ആരും വിചാരിച്ചാൽ നമ്മുടെ ഹൃദയത്തിൽ നിന്ന് നിങ്ങളെ അടർത്തി മാറ്റാൻ നമുക്ക് പറ്റില്ല. അങ്ങയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഹൃദയത്തിൽ ഉണ്ടാകും എന്ന് മാത്രം വിനയപുരസരം പറഞ്ഞുകൊണ്ട് ഞാൻ ഈ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു".
Kerala
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർവകലാശാലസ വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കടുത്ത ഭാഷയിൽ മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങ് (വി.ഡി. സതീശൻ) തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലതെന്ന് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ വി.ഡി. സതീശൻ ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ. സുരേന്ദ്രൻ രംഗത്തെത്തിയത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ പാരമ്പര്യത്തിനും വി.സി പദവിയുടെ അന്തസിനും നിരക്കാത്ത നടപടിയാണ് വൈസ് ചാൻസലർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു വി.ഡി. സതീശന്റെ കുറ്റപ്പെടുത്തൽ. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള നീക്കങ്ങൾക്ക് കുടപിടിക്കുന്ന രീതിയിൽ ആർഎസ്എസ് വേദി പങ്കിട്ട മൂന്ന് വൈസ് ചാൻസലർമാരും കേരളത്തിലെ പ്രബുദ്ധ ജനതയോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കെ. സുരേന്ദ്രൻ നേരിട്ട് കമന്റുമായി എത്തിയത്.
ആരോഗ്യ സർവകലാശാല വി.സി. ഡോ. മോഹൻ കുന്നുമ്മൽ, എം.ജി. സർവകലാശാല വി.സി ഡോ. ഡി. മാവുത്ത്, മലയാളം സർവകലാശാല വിസിയുടെ ചുമതലയുള്ള ഡോ. സി.ആർ. പ്രസാദ് എന്നിവരാണ് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ മുഖ്യാതിഥികളായി പങ്കെടുത്തത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യംകൊണ്ടു പവിത്രമായ ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദത്തിൽ ആദ്യമായി ശിവഗിരി മഹാസമാധിയിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പ്രശസ്ത തീർഥാടന കേന്ദ്രമായ ശിവഗിരി അതിന്റെ ഉന്നതിയിലെത്തിക്കാൻ സർക്കാരിന്റെ എല്ലാ സഹായവുമുണ്ടാകും. ഗുരു സ്വപ്നം കണ്ട കേരളമാണ് യുഡിഎഫ് സർക്കാരിന്റെ മനസിലുള്ളത്. ജാതിമത ചിന്തകൾക്ക് അതീതമായി മതസൗഹാർദത്തോടെ എല്ലാവരും ഒരുമിച്ചു നിൽക്കുന്ന കേരളത്തിനായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയാണ് ഗുരുസമാധിയിൽ വച്ച് പുതുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ 8.30ഓടെ ശിവഗിരി മഠം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകണമെന്നു ശിവഗിരിമഠം
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻതൂക്കം നൽകണമെന്ന് ശിവഗിരിമഠം. മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ പ്രചാരണ സഭയെ സംസ്ഥാന സർക്കാരിന്റെ മദ്യവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കണമെന്ന ആവശ്യവും ശിവഗിരിമഠം സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനോട് സന്യാസിമാർ അഭ്യർഥിച്ചു.
ശിവഗിരി തീർഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിനു ഭക്തർക്കുള്ള അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ആറ് ഏക്കർ ഭൂമി ലഭ്യമാക്കണമെന്നത് അടക്കമുള്ള നിവേദനം ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ ഉൾപ്പടെയുള്ള സന്യാസിമാർ മുഖ്യമന്ത്രിക്കു സമർപ്പിച്ചു.
ശിവഗിരി മഠത്തിന്റെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകി.
Kerala
തിരുവനന്തപുരം :കേരളത്തിൽ ഇന്നേവരെ ഒരു സർക്കാരിനും നേരിടേണ്ടി വരാത്ത പ്രതിസന്ധികളിലൂടെയാണ് ഈ സർക്കാർ കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി വലിയ പ്രതിസന്ധികളുടെ ചിത്രം തുറന്നുകാട്ടിയത്
വൻ കടബാധ്യത
നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക ധവളപത്രം കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക ആരോഗ്യത്തിന്റെ സ്കാനിംഗ് റിസൾട്ട് ആണ്. 5.07 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ ബാധ്യത. മൊത്തം സംസ്ഥാന ജിഡിപിയുടെ പ 39.5 ശതമാനം കടമാണ്. ദേശീയ ശരാശരി 25% മാത്രമേ ഉള്ളൂ. പലിശയ്ക്കു വേണ്ടി മാത്രം നമ്മുടെ മൊത്തം വരുമാനത്തിന്റെ 17.3 ശതമാനം ചെലവാക്കേണ്ടി വരും . കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയ മൊത്തം പ്ലാനായ 35,000 കോടി രൂപയിൽ 20,500 കോടി രൂപയുടെ കണക്ക് കാണാനില്ല. 10,000 കോടി രൂപ മാത്രമേയുള്ളൂ .ഗവൺമെന്റ് ജീവനക്കാരുടെ ചെലവിനത്തിലായാലും സപ്ലൈകോ മെഡിക്കൽ കോർപ്പറേഷൻ പോലുള്ള ചെലവിനങ്ങളിൽ ആയാലും കൊടുക്കേണ്ട 48,733 കോടി രൂപ ഇനിയും കൊടുത്തിട്ടില്ല. 20,000 കോടി രൂപ പെട്ടെന്ന് അടച്ചു തീർക്കേണ്ടി വരും. സംസ്ഥാന ഖനാവിൽ ധാരാളം പൈസ ബാലൻസ് ഉണ്ടെന്നുള്ള മുൻധനമന്ത്രിയുടെ വാദം നൂറു ശതമാനം തെറ്റാണ്.
കിഫ്ബി എന്തു ഗുണം?
കിഫ്ബി എന്ന പ്രതിഭാസം എന്തു ഗുണമാണ് കേരളത്തിന് കിട്ടിയതെന്ന് അറിയില്ല കിഫ്ബി വൻതോതിൽ കടം വാങ്ങുന്നു . അതിനു ഗ്യാരണ്ടി ഗവൺമെന്റ് കൊടുക്കുന്നു. കിഫ്ബിയിൽ എന്തു ചെയ്യണം എന്നുള്ളത് ധനം വകുപ്പ് പഠനം നടത്തി തീരുമാനിക്കും. കിഫ്ബി ഉണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കാനുള്ള മാർഗങ്ങൾ ഗവൺമെന്റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പാക്കിയ പദ്ധതികളിൽ വലിയ വിവേചനം ഉണ്ടായിട്ടുണ്ട്. കണ്ണൂരിന് മാത്രം 20. 4 ശതമാനം തുക വിനിയോഗിച്ചു. മറ്റ് ജില്ലകൾക്കു വളരെ കുറവാണ്.
52 കോടി നൽകും
പാലക്കാട് കർഷകർക്കു നൽകാനുള്ള 52 കോടി രൂപ ഉടൻ വിതരണം ചെയ്യും. പാലക്കാട് നെല്ലു സംഭരണത്തിൽ പ്രാഥമിക സഹകരണസംഘങ്ങളെ മാറ്റി ദേശീയ ബാങ്കുകളെ ഏൽപ്പിക്കും.
കേരള ഹൈക്കോടതിയിലെ സ്പെഷൽ പ്ലീഡർ മാരെ ഉൾപ്പെടെയുള്ള എല്ലാ കോടതികളുടെയും പ്ലീഡർമാരെ മാറ്റിനിയമിച്ചിട്ടുണ്ട്. വിവിധ ബോർഡുകളുടെ ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും ഉടൻ നിയമിക്കും. നിലവിലുള്ളവരോടു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ധനസഹായം
തൃശൂർ വെടിക്കെട്ട് ദുരന്തത്തിലെ ആശ്രിതർക്ക് 13 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ഭാര്യയുടെ അപേക്ഷ പ്രകാരം അന്വേഷണം സിബിഐക്ക് വിട്ടുകൊടുത്തിട്ടുണ്ട് .നവീൻ ബാബുവിന്റെ മകളായ കുമാരി എൻ. നായർക്ക് ആശ്രിത നിയമം നൽകും. ജൂലൈ 19 വരെ നടക്കുന്ന 52 ദിവസ ട്രോളിംഗിനു ഗവൺമെന്റ് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉത്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉത്പദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉത്പാദനം വർധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ നിർദേശം നൽകും.
വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
നിലവിൽ അമ്പത് ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് ക്ഷീരസഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം.
പാൽ ഉത്പാദനം വർധിക്കുന്നുണ്ടോ എന്ന് ഓരോ ആറുമാസം കൂടുമ്പോഴും വിലയിരുത്തും. പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയാണെങ്കിലും പാൽ ഉത്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഈ കുറവുകൾ പരിഹരിച്ച് പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും.
ഉത്പാദന ചെലവിലുണ്ടായ വലിയ വർധനവ്, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, പാൽവിലയിൽ നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഈ മേഖലയിലുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കുട്ടികളാണ് സമൂഹത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ.സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സംസ്ഥാനത്ത് സജ്ജമാക്കും.
അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണം. കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവച്ച് അവയെ പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയുടെയും താത്പര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽതന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന ദൗത്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിജ്ഞാന വിസ്ഫോടനത്തിന്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം.നിർമിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സന്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിന്റെ അടിത്തറ. കേരളത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജവഹർലാൽ നെഹ്റുവിന്റെ പേരിൽ സംസ്ഥാനത്ത് ‘സെന്റേഴ്സ് ഓഫ് സയന്റിഫിക് ടെംപർ’ ആരംഭിക്കും. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. പൊതുവിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി. വി. രാജേഷ് വിശിഷ് ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ ഡയറക്റടർ ആസിഫ് .കെ. യൂസഫ് , കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെന്പഴന്തി ഉദയൻ, വാർഡ് കൗണ്‍സിലർ രേഷ്മ പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Business
തിരുവനന്തപുരം: കേരളത്തിന്റെ സന്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നതിന് ബാങ്കിംഗ് മേഖല വികസന പങ്കാളികളായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ അവലോകന യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാന്പത്തിക വർഷത്തിൽ കേരളത്തിലെ ബാങ്കിംഗ് മേഖല മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ആകെ ബാങ്കിംഗ് ബിസിനസ് 18 ലക്ഷം കോടി രൂപ പിന്നിട്ടു. നിക്ഷേപം 10.62 ലക്ഷം കോടി രൂപയും വായ്പ വിതരണം 7.74 ലക്ഷം കോടി രൂപയുമായി ഉയർന്നു.
വാർഷിക വായ്പാ പദ്ധതിയുടെ ലക്ഷ്യത്തെ മറികടക്കാൻ കഴിഞ്ഞതും കൃഷി, എംഎസ്എംഇ മേഖലകളിലേക്കുള്ള വായ്പാ പ്രവാഹം ശക്തമായി തുടരുന്നതും ശ്രദ്ധേയമാണ്. അതേസമയം വായ്പ നിക്ഷേപ അനുപാതം കുറയുന്നത് ആശങ്കാജനകമാണെന്നും ബാങ്കുകൾ കൂടുതൽ സജീവമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സേവനങ്ങളുടെയും ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങൾ ശക്തമാക്കും. വിദേശ സർവകലാശാലകളുമായും കോർപറേറ്റ് മേഖലയുമായും സഹകരിച്ച് വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കും. തൊഴിൽ വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി ’ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കും.
സംസ്ഥാനത്ത് 10,000 പുതിയ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. ഇതിനായി കുറഞ്ഞ പലിശ നിരക്കിൽ ധനസഹായവും സാങ്കേതിക പിന്തുണയും ഉറപ്പാക്കും. യുവ സംരംഭകർക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി നടപ്പാക്കും.
കേരളത്തിന്റെ സന്പദ്വ്യവസ്ഥയിൽ പ്രവാസികളുടെ സംഭാവന നിർണായകമാണ്. ഗൾഫ് മേഖലയിലെ മാറ്റങ്ങളും ടറിവേഴ്സ് റെമിറ്റൻസ് ’ പ്രതിഭാസവും വിശദമായി പഠിക്കേണ്ടതുണ്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മാതൃകയിൽ പ്രവാസി നിക്ഷേപങ്ങളെ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയ്ക്കും വിനിയോഗിക്കുന്ന പുതിയ ധനകാര്യ ഉത്പന്നങ്ങൾ ബാങ്കുകൾ രൂപകൽപ്പന ചെയ്യണം.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി പുനരുപയോഗ ഊർജ പദ്ധതികളും ഇലക്ട്രിക് വാഹനങ്ങളും സർക്കാർ പ്രോത്സാഹിപ്പിക്കും.
ഗ്രീൻ ഫിനാൻസിംഗിൽ ബാങ്കുകൾ പ്രധാന പങ്ക് വഹിക്കണം. നിക്ഷേപങ്ങളെ സംരംഭങ്ങളായും സംരംഭങ്ങളെ തൊഴിലവസരങ്ങളായും മാറ്റി കേരളത്തിലെ ഓരോ പൗരന്റെയും ജീവിതനിലവാരം ഉയർത്തുന്നതിനായി ബാങ്കുകളും സർക്കാരും കൈകോർത്ത് പ്രവർത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കാനറ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ അധ്യക്ഷനായ യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യപ്രഭാഷണം നടത്തി. എസ്എൽബിസി കണ്‍വീനറും കാനറ ബാങ്ക് ജനറൽ മാനേജറുമായ വി.എസ്. സന്തോഷ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ പ്രവീണ്‍ കുമാർ വസന്ത രാമചന്ദ്ര, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ, വിവിധ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥർ, ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ സന്നിഹിതരായി.
Kerala
കോട്ടയം: താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ദീപികയുടെ ശതോത്തര റൂബി ജൂബിലി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. എല്ലാവര്ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
അതുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കപ്പെടേണ്ടതുണ്ട്. വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോള്‍ തെറ്റുതിരുത്താന്‍ തയാറാകണം. അത്തരമൊരു തിരുത്തല്‍ ശക്തിയായി മുന്നോട്ടുപോകാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ. അതില്‍ നിര്‍ണായ പങ്കുവഹിക്കാന്‍ ദീപികയ്ക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
Kerala
ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശനു രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദീപിക കുടുംബത്തിന്റെ ജന്മദിനാശംസകള് നേര്‍ന്നു. മുഖ്യമന്ത്രിയെ ബൊക്കെ നല്കി മാനേജിംഗ് ഡയറക് ടര്‍ സ്വീകരിച്ചു.
Kerala
കൊച്ചി: മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനെ അഭിനന്ദിച്ച് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തിരുവനന്തപുരത്തായിരുന്നു കൂടിക്കാഴ്ച.
കേരളത്തിന്റെ പൊതുവായ വികസനത്തിനും പുരോഗതിക്കും കൂടുതൽ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നതോടൊപ്പം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസിക്ഷേമം കൂടുതലായി ഉറപ്പുവരുത്താനും കഴിയട്ടെയെന്നും യൂസഫലി ആശംസിച്ചു.
Kerala
തിരുവനന്തപുരം: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അഥോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം.
ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.
മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം.
ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ മന്ത്രി കെ. മുരളീധരൻ, റവന്യു മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ പങ്കെടുത്തു.
Kerala
കൊച്ചി: സീറോ മലബാർ സഭയുടെ പ്രതിനിധിസംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു.
ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്ബിഷപ് മാർ ജോസഫ് പാംബ്ലാനി, ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് മാർ ജോസ് പുളിക്കൽ, സഭയുടെ പിആർഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്, പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ സഭയുടെ തിരുവനന്തപുരത്തെ ലെയ്സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണു പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.
മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന പ്രതിനിധിസംഘം സഭയും സമുദായവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പരിഗണനയ്ക്കായുള്ള വിവിധ വിഷയങ്ങളടങ്ങിയ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ കത്ത് കൈമാറി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു താൻ മൗനിബാബയാണോയെന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെന്നും അതിൽ ഒരുതവണ മൈക്ക് മുഖത്ത് ഇടിച്ചെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൈക്ക് മുഖത്ത് ഇടിച്ചിട്ടും താൻ മിണ്ടാതെ പോയി.
ഇതൊക്കെ ശരിയാണോ എന്നു ചിന്തിക്കണം. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴും തിരിച്ചു വണ്ടിയിൽ കയറുന്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നു. ഡൽഹി വിമാനത്താവളത്തിലും കൊച്ചിയിൽ രാത്രി വിമാനമിറങ്ങിയപ്പോഴും ചാനലുകൾ പ്രതികരണം തേടി പിന്നാലെ വന്നു.
“ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. കണ്ട ഉടനെ ഞാൻ പറഞ്ഞു, ഇഡിയെ ക്കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോണ്‍ എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറയുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. ഞാൻ പറഞ്ഞു.
ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്’- ഇങ്ങനെയാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോടു പറയുന്നത്. ഇങ്ങനെയൊക്കെ മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ചു പിണറായി വിജയൻ ഇങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കേണ്ടത്. മാധ്യമങ്ങൾ ആവശ്യപ്പെടുന്പോഴല്ല. മറിച്ച്, താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണം. പ്രതികരണം പഠിച്ചിട്ടാകണം. വെറുതെ പറയാനാവില്ല. ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുത്. എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയനും കണ്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചു പഠിച്ചുവരുന്നതായും കൂടുതൽ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കിഫ്ബി ബോർഡ് യോഗം ചേർന്നെങ്കിലും അജൻഡകൾ മാറ്റിവച്ചത് ഇതിന്റെ ഭാഗമായാണ്. സമിതി റിപ്പോർട്ട് വന്നശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. നയപ്രഖ്യാപനത്തിൽ കിഫ്ബിയെക്കുറിച്ചു പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്റെ ബ്ലു ഇക്കണമിയല്ല കേരളത്തിന്റെ തുറമുഖ നഗര പദ്ധതി. ഇപ്പോൽ കപ്പലുകളിലും വെസലുകളിലും ഉല്ലാസ യാത്ര നടത്താൻ വിദേശത്തു പോകണം.
കേരളത്തിൽ ആഭ്യന്തര കപ്പൽ യാത്ര നടത്താൻ കഴിയുന്ന തരത്തിൽ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കും. വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ അതിജീവിച്ചു പുതുയുഗയാത്ര തുടരും.
ഇന്ദിരാഗാരന്റിയിൽ രണ്ടെണ്ണത്തിൽ ഇതിനോടകം തീരുമാനമെടുത്തു. ബാക്കിയുള്ളവ പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.
കേരളത്തെ തുറമുഖ നഗരമാക്കുകയാണ് ലക്ഷ്യം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചു വലിയ പദ്ധതിക്ക് തുടക്കമിടുന്നു. മത്സ്യബന്ധനം, കയറ്റുമതി, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകൾക്ക് അതു മുതൽക്കൂട്ടാകും.
ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റും. അതിനാവശ്യമായ ഏവിയേഷൻ പദ്ധതി സർക്കാരിന്റെ പക്കലുണ്ട്. 10,000 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ സഹായം നല്‍കും.
അവ ബജറ്റിൽ പ്രഖ്യാപിക്കും. നയപ്രഖ്യാപനത്തിന് അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങളുണ്ടാകും. വിസ്മയങ്ങൾ ബജറ്റിലുണ്ടാകുമെന്നും സതീശൻ പറഞ്ഞു.
Kerala
മലപ്പുറം: പാണക്കാട്ടെ ബലിപെരുന്നാൾ സന്തോഷങ്ങളിലേക്ക് അതിഥിയായെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രി പദവി ഏറ്റെടുത്തശേഷം ആദ്യമായാണ് മലബാറിലേക്ക് വി.ഡി. സതീശൻ എത്തുന്നത്.
അതും ആദ്യസന്ദർശനം പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിലേക്ക്. വ്യാഴാഴ്ച രാവിലെ എറണാകുളത്തെ വീട്ടിൽനിന്നാണു മുഖ്യമന്ത്രി പാണക്കാട്ടേക്ക് തിരിച്ചത്. എംഎൽഎമാരായ വി.എസ്. ജോയിയും കെ.പി. നൗഷാദലിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ-ഐടി വകുപ്പു മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ തുടങ്ങി പാണക്കാട്ടെ മറ്റു സയ്യിദൻമാരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവർക്കൊപ്പമായിരുന്നു വി.ഡി. സതീശൻ പ്രഭാതഭക്ഷണം കഴിച്ചത്.
എല്ലാ ജനവിഭാഗങ്ങളും ജാതി, മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തുചേരാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്ന് സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ഇനിയുള്ള നാളുകളിൽ അത്തരം ഐക്യം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബലിപെരുന്നാളിന്റെ ആഹ്ലാദ ദിനത്തിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേത് സ്വഭാവിക സന്ദർശനം മാത്രമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാവർക്കും മത സ്വാതന്ത്ര്യമുള്ളതു പോലെ എല്ലാ വിശ്വാസങ്ങളെയും ആദരിക്കാനും കൂടിയുള്ള കടമ പൗരൻമാർക്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചെർത്തു.
Kerala
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുകയാണ് തന്റെ സ്വപ്നമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി സംസ്ഥാനത്തെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ ടെർമിനലിനെയും 17 മിനി തുറമുഖങ്ങളെയും പരസ്പരം ഏകോപിപ്പിക്കും.
ഇതു കൂടാതെ കേരളത്തെ ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ഏവിയേഷൻ ഹബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണർവേകാൻ 10,000 ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പ്രത്യേക സഹായം നൽകും. ബജറ്റിൽ ഇതേക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടാകും.
പ്രതിസന്ധി നേരിടുന്ന കേരളത്തിലെ സഹകരണ മേഖലയെ ശക്തമായി തിരിച്ചുപിടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണമായി ആധുനികവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടിയുണ്ടാകും. സംസ്ഥാനത്തെ ലഹരി ശൃംഖലയെ പൂർണമായി തകർക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ നയരാഹിത്യത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. അവരുടെ നയമല്ല മറിച്ച് ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ സർക്കാരിന്റെ നയമാണ് തങ്ങൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. ഗവർണർ രാവിലെ ഒമ്പതിന് സഭയെ അഭിസംബോധന ചെയ്യും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന അടക്കം ഇന്ദിരാ ഗാരന്റികൾ ഉൾപ്പെട്ടേക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഗാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസംഗം. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉണ്ടാകുമോ എന്നതും ഉറ്റുനോക്കുന്നു.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ക്ഷേമപെൻഷൻ 3000 രൂപയാക്കുന്നതും വയോജനവകുപ്പ് രൂപീകരിച്ചതും അടക്കമുള്ള പ്രഖ്യാപനങ്ങൾക്കായിരിക്കും ഊന്നൽ. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ ഉൾപ്പെടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. രാവിലെ 8.55ഓടെ സഭയിൽ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവിന്റെ വീടുകളിൽ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിക്ക് പിന്നാലെ കേരളത്തിൽ എത്തിയിട്ടും വാർത്തകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചിട്ടും പ്രതികരിക്കാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
റെയ്ഡിന് പിന്നിൽ 'വിഡി-ഇഡി-മോദി' കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടന്നതെന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതേ കേസിൽ നിലവിലെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ന് ദേശത്തെ വീട്ടിൽ തങ്ങുന്ന മുഖ്യമന്ത്രി നാളെ രാവിലെ മലപ്പുറത്തേക്ക് തിരിക്കും. രാവിലെ 9.30-ഓടെ പാണക്കാട് സാദിഖ് അലി തങ്ങളെ സന്ദർശിക്കുന്ന അദ്ദേഹം, ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നടക്കുന്ന എം.പി. വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പൗരാവലിയുടെ സ്വീകരണത്തിലും പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.
National
ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, ഡൽഹിയിലെത്തിയ മുഖ്യമന്ത്രി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ചകളുടെ ഭാഗമായാണ് ഇത്. കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള കേന്ദ്ര സഹായം, സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികൾക്കുള്ള അനുമതി, വിവിധ കേന്ദ്ര-സംസ്ഥാന പങ്കാളിത്ത പദ്ധതികളുടെ ഏകോപനം എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളാകും. പുതിയ മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്ര ഭരണനേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കുക എന്നതും ഈ സന്ദർശനത്തിന്റെ ലക്ഷ്യമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തെത്തുടർന്ന് മേയ് 18നാണ് വി.ഡി. സതീശൻ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻപ് പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്.
National
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ ക്രൂരമായി ആക്രമിച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണസംഘം കൈമാറിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേ ആദ്യം നടപടി സ്വീകരിച്ചിരിക്കുന്നത്.
കേരളം മുഴുവനും കണ്ട ക്രൂരമായ മർദനമാണ് രക്ഷാപ്രവർത്തനം എന്നപേരിൽ കെഎസ്യു പ്രവർത്തകർക്കെതിരേ ഉദ്യോഗസ്ഥർ നടത്തിയത്. മക്കളുള്ള ആരു കണ്ടാലും സഹിക്കാത്ത തരത്തിലുള്ള ആക്രമണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത്.
ചില കാര്യങ്ങൾ മറക്കാൻ പറ്റില്ല. അധികാരമേറ്റശേഷം ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമായിരുന്നു വിഷയത്തിലെ തുടരന്വേഷണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
റിപ്പോർട്ട് പൂർണമായും പരിശോധിച്ച് സംഭവത്തിൽ ഇടപെട്ടവർക്കെതിരേ ഉചിതമായ നടപടിയുണ്ടാകും.ആദ്യപടി എന്ന രീതിയിലാണ് അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്നപദ്ധതികൾക്ക് സഹായവും സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രവിഹിതവും വേണമെന്നു കേന്ദ്രത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുനന്പത്തെ ജനതയ്ക്ക് അവരുടെ ഭൂമിയിൽ പൂർണാവകാശവും നികുതി അടയ്ക്കാനുള്ള സംവിധാനവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
പുതിയ കേരളം സൃഷ്ടിക്കാൻ എല്ലാവരുടെയും സഹായവും സഹകരണവും തേടുമെന്ന് സതീശൻ പറഞ്ഞു. എന്നാൽ കേരളത്തിന്റെ സ്വപ്നപദ്ധതികൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും നടത്തിയ ചർച്ച ഊഷ്ളവും ക്രിയാത്മകവുമായിരുന്നുവെന്ന് സതീശൻ പറഞ്ഞു.
പ്രധാനമായും മര്യാദയുടെ പേരിലുള്ള സൗഹൃദസന്ദർശമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനങ്ങളും വിശദമായ പദ്ധതിറിപ്പോർട്ടുകളും വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കും-പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഡൽഹിയിലെ കേരള ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സന്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം അടുത്ത മാസാദ്യം പുറത്തിറക്കും. സിൽവർ ലൈൻ ഉപേക്ഷിച്ചതു തന്റെ സർക്കാരല്ല. മുൻ സർക്കാരാണ്. സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം നിലനിന്നു. അതാണിപ്പോൾ റദ്ദാക്കിയത്. സാധാരണക്കാർക്കു സ്ഥലം വിൽക്കാൻ കഴിയാത്തതിനാലാണിത്. എങ്കിലും പുതിയൊരു അതിവേഗ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമല്ലേയെന്നു മുഖ്യമന്ത്രി ചോദിച്ചു. പുതിയ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയുടെ ഭാവി സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മന്ത്രിസഭായോഗത്തിലും ഇക്കാര്യം സംസാരിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനം കണ്ടെത്തണമെന്നാണ് പുതിയ നിർദേശം.സംസ്ഥാനത്തിന് കൂടുതൽ സാന്പത്തിക ബാധ്യതയാണിത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് പറഞ്ഞു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5,580 കോടി രൂപ കേരളം നൽകി. ഈ തുക കടമെടുപ്പുപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിൽനിന്നു പരമാവധി കാര്യങ്ങൾ നേടിയെടുക്കാനാകും ശ്രമം.
വിവിധ കേന്ദ്രപദ്ധതികളുടെ വിഹിതം, കേരളത്തിന് കിട്ടാനുള്ള തുക, കേന്ദ്രത്തിന്റെ സാങ്കേതിക തടസങ്ങൾ എന്നിവയെല്ലാം പരിശോധിക്കും. കിഫ്ബിയുടെ ഡയറക്ടർ ബോർഡ് ഉടൻ ചേർന്ന് അതു തുടരണമോയെന്നതിനെക്കുറിച്ച് തീരുമാനമെടുക്കും- മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിന് അർഹമായ ദുരിതാശ്വാസസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
നീറ്റ്, സിബിഎസ്ഇ ചോദ്യപേപ്പർ വിവാദത്തിലായ വിദ്യാർഥികളുടെ പ്രയാസമടക്കം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായും സതീശൻ ഇന്നു ചർച്ച നടത്തിയേക്കും.
ഡൽഹിയിലെ ട്രാവൻകൂർ പാലസ് മുഖ്യമന്ത്രി ഇന്നലെ സന്ദർശിച്ചു. ഡൽഹിയിലുള്ള കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂരിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് സതീശൻ വിശദചർച്ച നടത്തി.
National
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗവും മുതിർന്ന എംപിയുമായ ഡോ. ശശി തരൂരിനെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി.
"ഒരു മണിക്കൂർ നീണ്ട അദ്ഭുതകരമായ സംഭാഷണം'' എന്നാണ് സതീശനുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂർ എക്സിൽ വിശേഷിപ്പിച്ചത്.
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനു മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. വിവിധ മേഖലകളിൽ അദ്ദേഹം എന്റെ സഹായവും നയപരമായ ഉപദേശവും അഭ്യർഥിച്ചു.
പരിവർത്തനം ചെയ്യപ്പെട്ട ഒരു കേരളത്തെ കൊണ്ടുവരാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സഹകരണം വാഗ്ദാനം ചെയ്തു-
National
ന്യൂഡൽഹി: ഇന്ധനവില കൂടിയത് കേരളത്തെയാണ് കൂടുതൽ ബാധിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉപഭോക്തൃ സംസ്ഥാനമാണു കേരളം. വിദൂര സ്ഥലങ്ങളിൽനിന്നാണു ട്രക്കുകൾ കേരളത്തിലേക്ക് വരുന്നത്. അതിനാൽത്തന്നെ ഡീസൽ വില കൂടുന്നതിന്റെ ആഘാതം വലുതാണ്.
ഇന്ധന വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ കേരളത്തിന്റെ നികുതിവിഹിതം കുറയ്ക്കണമോയെന്നു പരിശോധിക്കാൻപോലും കഴിയാത്തരീതിയിൽ ദിവസേന വില കൂട്ടുകയാണ്.
കേരളത്തെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലക്കയറ്റം. ഇതടക്കം കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചുവെന്നും മുഖ്യമന്ത്രി ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസിൽ ഇടക്കാല ഉത്തരവ് പറയുന്നത് ജൂണ്‍ രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
കോടതി നടപടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ വരുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു സതീശൻ നൽകിയ ഉപഹർജിയിലാണ് കോടതി വിധി പറയുക. കൈരളി, ദേശാഭിമാനി ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വാർത്തകൾ വക്രീകരിച്ചു നൽകി തനിക്കെതിരേ അപകീർത്തികരമായ പ്രചാരണം നടത്തുന്നതു തടയണമെന്നാണ് ഉപഹർജിയിലെ ആവശ്യം.
ശബരമല സ്വർണപ്പാളി കവർച്ചയുമായി ബന്ധപ്പെടുത്തി തനിക്കെതിരേ അപകീർത്തികരമായ പ്രസ്താവന നടത്തിയ വി.ഡി. സതീശൻ പരസ്യമായി മാപ്പു പറയണമെന്നും സമാനമായ പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കോട്ടയം: മുഖ്യമന്ത്രിയുമായി ലോക മലയാളി കൗണ്‍സില്‍ ആഗോള ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ എന്നിവയാണു ചർച്ച ചെയ്തത്.
ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, കള്‍ച്ചറല്‍ ഫോറം ചെയര്മാന് ജോഷി മാത്യു, ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടണിപ്പറമ്പില്, ഗ്ലോബല്‍ അംബാസഡര്‍ ജോണി കുരുവിള എന്നിവര്‍ പങ്കെടുത്തു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി ജോണ്‍, എം. ലിജു എന്നിവരുമായും ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, സാമൂഹികസേവന പദ്ധതികള്‍, ഭാവി സഹകരണ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ വിവിധ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
ലോക മലയാളി കൗണ്‍സില്‍ നടപ്പിലാക്കിവരുന്ന വിവിധ സേവനപദ്ധതികളുടെ രേഖകള്‍ നേതാക്കള്‍ക്കു സമര്‍പ്പിക്കുകയും ഭാവിയില്‍ സര്‍ക്കാര്‍-പ്രവാസി സംഘടനകളുടെ സഹകരണത്തോടെ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്കുള്ള പിന്തുണ തേടിയെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചുള്ള ധവളപത്രം ജൂണിൽ പുറത്തിറക്കും.
കേന്ദ്ര സംസ്ഥാന ബന്ധത്തിലെ ചില പ്രശ്നങ്ങൾ ഇരുവരുടെയും ശ്രദ്ധയിൽ പെടുത്തി. പരിഹരിക്കാമെന്ന് ഇരുവരും ഉറപ്പ് നൽകി. കടമെടുപ്പിന്റെ പരിധിയിൽ നിന്ന് ദേശീയ പാതാ വികസനത്തിനുള്ള തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. ധവളപത്രം ഇറക്കിയ ശേഷം വിശദമായ പ്രോജക്ട് സമർപ്പിക്കും.
പിഎം ശ്രീ പദ്ധതിയുടെ നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും. മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ല. എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തിൽ നടപടി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേസന്വേഷണത്തിൽ നിരവധി അട്ടിമറികൾ ഉണ്ടായി. അജിത് കുമാറിന്റെ ഇടപെടലുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നെല്ല് സംഭരണം സംബന്ധിച്ച് മന്ത്രിമാരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഇതു പഠിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തുടർച്ചയായി ഇന്ധനവില വർധന ഉണ്ടാകുന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ചും പഠിച്ചശേഷം എന്തു ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കും.
എത്രയാണ് കൂടുന്നത് എന്നറിയട്ടെ. അതിനുശേഷം ഇളവു നൽകുന്നതിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിപിഐ ജംഗ്ഷനിലെ ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 11.30ന് നടക്കുന്ന പരിപാടിയിൽ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷയാകും. ഗതാഗത മന്ത്രി സി.പി. ജോൺ മുഖ്യപ്രഭാഷണം നടത്തും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ആദ്യ കൂടിക്കാഴ്ച ഇന്നു നടക്കും. രാവിലെ 11.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.
ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണെങ്കിലും കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൂർത്തിയാക്കാൻ സാധിക്കാതെപോയ വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിന് കേന്ദ്രസർക്കാരിന്റെ പിന്തുണ സംസ്ഥാനത്തിന് ആവശ്യമാണ്.
കേന്ദ്രസർക്കാരുമായി നയപരമായ വിയോജിപ്പുണ്ടെങ്കിലും തുടക്കത്തിലേ ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന നിലപാടാണ് സതീശന്. ഉച്ചകഴിഞ്ഞ് 2.30ന് ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാനായിരിക്കും മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി എക്കാലത്തും ഊന്നൽ കൊടുക്കുന്ന തുറമുഖ വികസനത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ പിന്തുണ അത്യാവശ്യമാണ്. കൂടാതെ എയിംസ് ഉൾപ്പെടെ കേരളം ആഗ്രഹിക്കുന്ന നിരവധി പദ്ധതികൾ കേന്ദ്രസർക്കാരിൽ നിന്നും സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് നേടിയെടുക്കേണ്ടതുണ്ട്.
Kerala
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. പത്തുമിനിറ്റു കൊണ്ട് തീർക്കാവുന്ന പ്രശ്നം പിണറായി സർക്കാർ കുളമാക്കി. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്.
മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല.
പത്തു മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി.ഡി.സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘ്പരിവാർ വർഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കും.
ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാരിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വന്തം നാടായ പറവൂരിൽ നടന്ന സ്വീകരണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ അടക്കമുള്ളവരെ സാക്ഷിയാക്കി, താൻ കാരണം ആർക്കും തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള തുടക്കം ഉടനുണ്ടാകും. സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.
അതേസമയം മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും മോഹൻലാൽ പറഞ്ഞു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് നെഹ്റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുതെന്നും മോഹൻലാൽ പറഞ്ഞു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രിയായശേഷമുള്ള വി.ഡി. സതീശന്റെ കന്നി കൂടിക്കാഴ്ച ചൊവ്വാഴ്ച. എയിംസ് അടക്കം ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉയർത്തും.
കേന്ദ്രസർക്കാരുമായി തുടക്കത്തിലേ ഏറ്റുമുട്ടലിനില്ലെന്നും സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി പരമാവധി സഹകരിക്കാമെന്നുമാണ് സതീശന്റെ നിലപാട്. പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് സതീശന് ചൊവ്വാഴ്ച രാവിലെ കാണാൻ നിശ്ചയിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായും സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്നലെ ഉച്ചകഴിഞ്ഞ് കൊച്ചിയിലേക്കു മടങ്ങി.
National
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് സംസ്ഥാനഭരണത്തിൽ പൂർണ സ്വാതന്ത്ര്യമുണ്ടാകുമെന്നും പാർട്ടിയുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഹൈക്കമാൻഡ്.
മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ ഇന്നലെ രാവിലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി തിരക്കിട്ട ചർച്ചകൾ പൂർത്തിയാക്കി കേരളത്തിലേക്കു മടങ്ങി.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഇന്നലെ രാവിലെ ഒന്‍പതിന് അദ്ദേഹത്തിന്റെ ലോധി എസ്റ്റേറ്റിലെ വസതിയിലെത്തി കണ്ടു നടത്തിയ ചർച്ചയോടെയായിരുന്ന ഹൈക്കമാൻഡ് നേതാക്കളുമായുള്ള തിരക്കിട്ട കൂടിക്കാഴ്ചകളുടെ തുടക്കം.
പുറത്തിറങ്ങി വന്നു സ്വീകരിച്ചാണ് വേണുഗോപാൽ മുഖ്യമന്ത്രിയെ വീടിനുള്ളിലേക്ക് ആനയിച്ചത്. അവിടെനിന്നു നേരേ കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഖാർഗെയുടെ വീട്ടിലെത്തി. പൂച്ചെണ്ട് നൽകിയും ഷാൾ അണിയിച്ചും ഖാർഗെ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
പതിനൊന്നരയോടെ ജൻപഥിലെ സോണിയ ഗാന്ധിയുടെ വസതിയിലെത്തി. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർ ചേർന്നു കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി.
കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതടക്കം കേരളത്തിലെ വലിയ രാഷ്ട്രീയചർച്ചകൾ ഇന്നലെ ഉണ്ടായില്ലെന്ന് ഹൈക്കമാൻഡിനെ ഉദ്ധരിച്ച് ഒരുന്നത നേതാവ് അറിയിച്ചു. യുഡിഎഫിന്റെ വൻവിജയത്തിനു പിന്നാലെ നല്ല തുടക്കമാണ് സതീശൻ മന്ത്രിസഭയുടേത്. സന്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വകുപ്പുവിഭജനവും അടക്കം സാധാരണ കീറാമുട്ടിയാകുന്ന പ്രധാന തീരുമാനങ്ങൾ വേഗത്തിലെടുക്കാനായതിൽ മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അഭിനന്ദിച്ചു.
സ്വതന്ത്രമായ തീരുമാനങ്ങളും നടപടികളുമെടുക്കാനും ജനാഭിലാഷം മാനിച്ച് സുതാര്യ ഭരണം നടത്താനും മുഖ്യമന്ത്രിക്ക് പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്നും ഹൈക്കമാൻഡിലെ ഉന്നതൻ ദീപികയോട് പറഞ്ഞു. സർക്കാർ നിയമനങ്ങളിലും ഭരണകാര്യങ്ങളിലും അടക്കം മുഖ്യമന്ത്രിക്കു പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും പാർട്ടിയുടെ ഉന്നത നേതാക്കൾ പോലും ഇടപെടില്ലെന്നുമാണു ഹൈക്കമാൻഡിന്റെ നിലപാട്.
വേണുഗോപാലും സതീശനും നടത്തിയ ചർച്ച പ്രതീക്ഷിച്ചതുപോലെ സൗഹാർദപരമായിരുന്നു. വിവാദ വിഷയങ്ങളൊന്നും ചർച്ചയിൽ ഉയർന്നില്ല. എഐസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ പിന്നീട് നടന്ന കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് ഉപദേശകസമിതി യോഗം നടന്നു.
എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ പൂർത്തിക്കിയശേഷം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിമാനത്തിൽ മുഖ്യമന്ത്രി കൊച്ചിയിലേക്കു മടങ്ങി. മുഖ്യമന്ത്രിയായശേഷം ആദ്യമായി പറവൂരിലെത്തുന്ന സതീശന് സ്വന്തം വോട്ടർമാർ നൽകിയ സ്വീകരണത്തിനായാണു ഡൽഹി സന്ദർശനം വേഗം പൂർത്തിയാക്കിയത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി ചെവ്വാഴ്ച വീണ്ടും ഡൽഹിയിലെത്തും.
വെള്ളിയാഴ്ച രാത്രി വൈകി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സതീശന് കോണ്‍ഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണമാണു നൽകിയത്. എൻജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സതീശൻ കേക്ക് മുറിച്ചു. വിവിധ സംഘടനകൾക്കുവേണ്ടി ഭാരവാഹികൾ പൂച്ചെണ്ടുകൾ സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ ഇന്നലെ വൈകുന്നേരത്തോടെ ഡൽഹിക്കു പോയി.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഡൽഹിക്കു പോയതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിന്റെ വിശദീകരണം.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിമാർ എന്നിവരെ സന്ദർശിച്ചശേഷം ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തും.
മുഖ്യമന്ത്രിയായ ശേഷം ഹൈക്കമാൻഡ് നേതൃത്വവുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അനുമതി തേടിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. 29നു ശേഷം പ്രധാനമന്ത്രി ഡൽഹിയിലുണ്ടാകുമെന്ന മറുപടിയാണു ലഭിച്ചത്.
ഇന്നു രാത്രി കൊച്ചിയിൽ മടങ്ങിയെത്തുന്ന വി.ഡി. സതീശൻ നാളെ കൊച്ചിയിലെ സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച തിരുവനന്തപുരത്തു മടങ്ങിയെത്തും.
Kerala
തിരുവനന്തരം: മുനന്പം വിഷയത്തിനു പരിഹാരം കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പു നൽകിയെന്ന് ആക്ട്സ് പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ബിഷപ് മാത്യുസ് മോർ സിൽവാനിയോസ് എന്നിവർ പറഞ്ഞു.
മുനന്പം ജനതയുടെ റവന്യൂ അവകാശങ്ങൾ സന്പൂർണമായി പുന:സ്ഥാപിക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു.
സമര സമിതി ഭാരവാഹികൾ വരും ദിവസങ്ങളിൽ മുഖ്യമന്തിയെ കാണുന്നുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുവാൻ സർക്കാർ കാട്ടുന്ന പരിശ്രമത്തെ ആക്ട്സ് നേതാക്കൾ അഭിനന്ദിച്ചു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്ക് തുടക്കമായി. മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മാധ്യമപ്രവർത്തകനായ സീജി ജി.എസിനെ പ്രസ് സെക്രട്ടറിയായും മുൻ ഭരണപരിചയമുള്ള ടി. ശ്രീകുമാറിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള കാര്യശേഷിയുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പെടെ 20 പേരുടെ ആദ്യഘട്ട പേഴ്സണൽ സ്റ്റാഫ് പട്ടികയ്ക്കാണ് ഇപ്പോൾ പൊതുഭരണ വകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.
റോയ് മാത്യു (മീഡിയ സെക്രട്ടറി): ദീർഘകാലത്തെ ദൃശ്യ-അച്ചടി മാധ്യമപ്രവർത്തന പരിചയമുള്ള റോയ് മാത്യു, മുൻപ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലയളവിലും അദ്ദേഹത്തിന്റെ മാധ്യമ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്നു. സർക്കാരിന്റെ നയരൂപീകരണങ്ങളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഇദ്ദേഹത്തിന് മുഖ്യ ചുമതല.
സീജി ജി.എസ് (പ്രസ് സെക്രട്ടറി): മാധ്യമങ്ങളുമായുള്ള ദൈനംദിന ആശയവിനിമയങ്ങളും വാർത്താ ഏകോപനവും സീജി ജി.എസിന്റെ ചുമതലയിലായിരിക്കും. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ടി. ശ്രീകുമാർ (സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി): സെക്രട്ടേറിയറ്റ് ഭരണത്തിലും ഫയൽ നീക്കങ്ങളിലും ദീർഘനാളത്തെ പരിചയസമ്പത്തുള്ള ടി. ശ്രീകുമാറിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുപ്രധാന ചുമതലകളിലൊന്നായ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരമേറ്റ യുഡിഎഫ് സർക്കാർ, മുൻ സർക്കാരുകളുടെ കാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിൽ വലിയ നിയന്ത്രണം വരുത്തുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ നിയമന ഉത്തരവുകൾ പുറത്തിറങ്ങും.
Kerala
തിരുവനന്തപുരം: പുതിയ കാലത്തേക്കു രാജ്യത്തെ കൂട്ടിക്കൊണ്ടുപോയ പ്രതിഭാധനനായ പ്രധാനമന്ത്രിയായിരുന്നു രാജീവ്ഗാന്ധിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെപിസിസിയിൽ സംഘടിപ്പിച്ച രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി, മന്ത്രിമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, കെ.എ. തുളസി, ഒ.ജെ. ജെനീഷ് എന്നിവരും ചെറിയാൻ ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, ജെബി മേത്തർ എംപി, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാർ, പന്തളം സുധാകരൻ, കെ. മോഹൻകുമാർ, ജി.എസ്. ബാബു, എം.എ. വാഹിദ്, ആർ. ലക്ഷ്മി എന്നിവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: എങ്ങും തിണ്ണ നിരങ്ങാൻ പോകില്ലെന്നു പറഞ്ഞിട്ടില്ലെന്നും ബിഷപ്സ് ഹൗസിൽ പോകുന്നതിൽ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിനു മുൻപ് വോട്ടിനായി എങ്ങും തിണ്ണ നിരങ്ങാൻ പോയിട്ടില്ല. തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷമാണ് പോയത്.
തന്നെ വഴക്കു പറഞ്ഞവരെയും കാണാൻ പോകും. ഈ സ്ഥാനത്ത് ഇരിക്കുന്പോൾ എല്ലാവരെയും ചേർത്തു പിടിക്കാനാണ് ശ്രമിക്കുന്നത്. എല്ലാത്തിനോടും ക്ഷമിക്കാൻ കഴിയണം. എന്നാൽ, പ്രഖ്യാപിത നിലപാടിൽ മാറ്റമില്ല. അതിശക്തമായ സെകുലര്‍ നിലപാടാണ് സ്വീകരിക്കുക.
ആരു വർഗീയത പറഞ്ഞാലും അതിനെ ഇനിയും എതിർക്കും. നിലപാടിൽ മാറ്റമില്ല. എന്നാൽ, ആർക്ക് വിഷമം ഉണ്ടായാലും ഓടിയെത്തും.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തന്റെ ആത്മമിത്രമാണ്. അദ്ദേഹത്തെ കണ്ടിരുന്നു.
മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ പട്ടം ബിഷപ്സ് ഹൗസിലെത്തി കണ്ടിരുന്നു.
ശിവഗിരി മഠത്തിൽ പോകാൻ ഇരിക്കുന്നതേയുള്ളൂ. മഠാധിപതിയും സ്വാമിമാരും തന്നെ അഭിനന്ദിക്കാൻ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തിണ്ണനിരങ്ങാൻ പോയെന്ന വിമർശനങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറപ്പെടുവിക്കാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു.
ആദ്യ മന്ത്രിസഭായോഗത്തിൽ സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പഠിക്കാൻ ധവളപത്രം പുറത്തിറക്കാൻ തീരുമാനിക്കുമെന്നു നേരത്തെ ’ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കൂടാതെ സാന്പത്തിക വിദഗ്ധർ അടങ്ങിയ ടീം ആകും സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം ഇറക്കുകയെന്നു മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ സംസ്ഥാനത്തിന്റെ പൊതുകടവും കുടിശികകളും വൻതോതിൽ ഉയർന്നെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. വൈകാതെ സംസ്ഥാനത്തിന്റെ സാന്പത്തിക നില സംബന്ധിച്ച ധവളപത്രം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുകയാണ് ലക്ഷ്യം.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ വിവിധ വിഭാഗങ്ങൾക്കു നൽകാനുള്ള കുടിശിക 1.5 ലക്ഷം കോടി രൂപ എങ്കിലും വരുമെന്നാണു വിലയിരുത്തൽ. പെൻഷൻ കന്പനിക്ക് കുടിശിക ഇനത്തിൽ മാത്രം 15,000 കോടി രൂപയെങ്കിലും നൽകാനുണ്ട്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ കുടിശികയും ശന്പള പരിഷ്കരണം, ലീവ് സറണ്ടർ കുടിശികകൾ വഴി ഏകദേശം 50,000 കോടി രൂപയുടെ കുടിശികയുണ്ടെന്നാണ് ജീവനക്കാരുടെ സംഘടനകൾ നൽകിയിട്ടുള്ള കണക്ക്.
Kerala
തിരുവനന്തപുരം: പാലക്കാട് പല്ലശനയിൽ നിന്നും ഒൻപതു വയസുകാരിയായ വിനോദിനി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയത് തന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശനു അദ്ദേഹം സമ്മാനിച്ച കൈകൾ കൊണ്ട്പൂച്ചെണ്ടു സമർപ്പിക്കാൻ. വി.ഡി. സതീശനു പൂച്ചെണ്ടു നല്‍കിയും രാഹുൽ ഗാന്ധിയെ കണ്ടതിനു ശേഷവുമാണ് വിനോദിനി ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്.
വിനോദിനിയുടെ വലതു കൈ ഇന്നു ചലിക്കുന്നത് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടത്തിയ ഇടപെടലിലൂടെയായിരുന്നു. ചികിത്സാപ്പിഴവുമൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ഇടപെട്ട് കൃത്രിമ കൈ വച്ചുപിടിപ്പിക്കാനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു.
കൃത്രിമ കൈക്ക് ആവശ്യമായ മുഴുവൻ തുകയും സതീശനാണ് നല്‍കിയത്. പാലക്കാടുകാരിയായ വിനോദിനിയെ കൊച്ചിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. കൊച്ചിലെ വിദഗ്ധ പരിശോധനകൾക്കുശേഷം കൃത്രിമ കൈ വിദേശത്തുനിന്നും എത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കൈ വച്ചുപിടിപ്പിച്ചത്.
അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്പോൾ അത് ഏറ്റവും സന്തോഷകരമായ കാര്യമെന്നു വിനോദിനിയും മാതാപിതാക്കളും പറയുന്നു. രാവിലെ തന്നെ സ്റ്റേഡിയത്തിലെത്തിയ വിനോദിനിയും മാതാവും അതിരൂക്ഷമായ തിരക്കിലും തന്റെ പ്രിയപ്പെട്ട സാറിനെ കണ്ടശേഷമേ മടങ്ങുകയുള്ളൂവെന്നു വ്യക്തമാക്കി. ഒടുവിൽ സത്യപ്രതിജ്ഞയ്ക്കുശേഷം മുഖ്യമന്ത്രിയേയും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും കണ്ടശേഷമാണ് വിനോദിനി മടങ്ങിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിനോദിനിക്ക് എറണാകുളത്തെ ഹോപ്പ് എന്ന സ്ഥാപനത്തിൽ കൃത്രിമ കൈ ഘടിപ്പിച്ചത്. അന്ന് കൈ വച്ചുപിടിപ്പിച്ചതിനു പിന്നാലെ വി.ഡി. സതീശൻ നേരിട്ട് വിനോദിനിയെ കാണാനെത്തി ചോക്ലേറ്റും പാവക്കുട്ടിയും സമ്മാനിച്ചിരുന്നു. ഇന്ന് മാതാവ് പ്രസീതയ്ക്കൊപ്പമാണ് വിനോദിനി തന്റെ പ്രിയപ്പെട്ട സാറിനെ കാണാനായി എത്തിയത്.
Kerala
“സ്കൂൾ പഠനകാലം മുതൽ ഞാൻ വായിക്കുന്ന പത്രമാണ് ദീപിക. വളരെ കൃത്യമായ നിലപാടുകളുള്ള, സത്യം മാത്രം എപ്പോഴും റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന, വാർത്തകളെ വളച്ചൊടിക്കാത്ത പത്രമാണ് ദീപിക എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.
ദീപികയുടെ എഡിറ്റോറിയലുകളും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. കുറെ നാളുകളായി ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും മനോഹരമായ എഡിറ്റോറിയലുകളാണ് ദീപിക സംഭാവന ചെയ്യുന്നത്.
അത് പറയാൻ എനിക്കൊരു മടിയുമില്ല. കാരണം ഞാൻ ചില സമയത്ത് ദീപിക മാനേജ്മെന്റിനെപോലും വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട് .
ശക്തമായ നിരീക്ഷണവും വിമർശനവും എല്ലാമുള്ളതാണ് ദീപികയുടെ എഡിറ്റോറിയലുകൾ. ദീപികയുടെ 140ാം വാർഷിക പരിപാടികൾ വരുന്നു എന്നറിഞ്ഞു. ഉപരാഷ്ട്രപതി എത്തുന്നുണ്ട്. ഞാനും ഒപ്പമുണ്ടാകും. അതിൽ പങ്കെടുക്കും. വളരെ സന്തോഷം.”
Kerala
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടേയോ ചിത്രങ്ങൾ വേണ്ടെന്ന നിർദേശം നല്കി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഇതോടെ ഇന്നലെ സത്യ പ്രതിജ്ഞ നടന്നപ്പോൾ കാണാനായത് വേദിയുടെ പിന്നിൽ സ്ഥാപിച്ച എൽഇഡി വാളിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള വാക്കുകളും തീയതിയും മാത്രം. മുഖ്യമന്ത്രിയുടെ പോലും ചിത്രം ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല.
സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയുടെ പിന്നിൽ സ്വന്തം മുഖവും മറ്റ് നേതാക്കളുടെ മുഖവും വേണ്ടെന്ന് മുഖ്യമന്ത്രി കർശന നിർദേശം നല്‍കിയിരുന്നു.
മഞ്ഞ നിറത്തിലുള്ള എൽഇഡി വാളിൽ വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുത്തിനൊപ്പം തീയതിയും സർക്കാർ ചിഹ്നവും മാത്രമാണ് പ്രദർശിപ്പിച്ചത്.
മുൻ സർക്കാരുകളുടെ കാലത്തെ ചില വിമർശനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടിയെന്നും സൂചനയുണ്ട്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തി ജനം. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള ജനപ്രവാഹം ആരംഭിച്ചിരുന്നു. അതേസമയം തലേദിവസംതന്നെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി ഇരുന്നും തറയില്‍ കിടന്നും നേരം വെളുപ്പിച്ചവരും നിരവധി.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഞായറാഴ്ച വൈകുന്നേരം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തിയിരുന്നു. വേദിയുടെ ഒരുക്കങ്ങള്‍ കാണാന്‍ എത്തിയവര്‍ കുറച്ചുപേര്‍ രാത്രിയോടെ മടങ്ങിയെങ്കിലും നിരവധി പേരാണ് രാത്രി ഉറക്കമില്ലാതെ സദസില്‍ രാത്രി കഴിച്ചുകൂട്ടിയത്.
പുലര്‍ച്ചെതന്നെ ഇവര്‍ പൊതുജനങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മുന്‍നിരയില്‍തന്നെ ഇടം പിടിച്ചു. വിവിധ ജില്ലകളില്‍ നിന്നും ഒരുമിച്ചെത്തിയവരും കൂട്ടുകാരുമൊത്ത് വന്നവരുമായിരുന്നു ഇവരില്‍ അധികവും.
രാവിലെ ഏഴോടെ സ്റ്റേഡിയത്തിനുള്ളില്‍ പ്രത്യേകം സജ്ജമാക്കിയ ഏരിയകള്‍ മിക്കതും നിറഞ്ഞിരുന്നു. അപ്പോഴും സ്റ്റേഡിയത്തിനുള്ളിലേക്ക് ജനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
രാവിലെ എട്ടോടെ വേദിക്കു മുന്നിലുള്ള വിഐപി ഒഴികെയുള്ള എല്ലാ കസേരകളെല്ലാം നിറഞ്ഞു. പിന്നീട് രാവിലെ ഒന്പതുവരെ മാത്രമേ ജനങ്ങളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കൂവെന്നു അറിയിപ്പുണ്ടായി.
എന്നാല്‍ പുറത്ത് അപ്പോഴും ജനങ്ങള്‍ തിങ്ങിനിറഞ്ഞുകൊണ്ടിരുന്നു. പിന്നീട് പാസ് ഉള്ളവരെ മാത്രമാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്.എന്നാല്‍ വിഐപികള്‍ കടന്നു പോകുന്ന വാഹനത്തിനു പിന്നാലെ ഒരു പറ്റം ആളുകള്‍ തിങ്ങിക്കയറുന്ന രീതിയുണ്ടായിരുന്നു. ഇത് പിന്നീടും തുടര്‍ന്നു.
ഒന്‍പതരയോടെയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ആര്‍പ്പുവിളികളോടെയും കൈയടികളോടെയുമാണ് നിയുക്ത മുഖ്യമന്ത്രിയെ ജനം വരവേറ്റത്.
സത്യപ്രതിജ്ഞയ്ക്കു 20 മിനിറ്റ് മുന്‍പ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഗാര്‍ഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും പത്തോടെയാണ് എത്തിയത്.
ദേശീയ നേതാക്കള്‍ക്കും വന്‍ സ്വീകരണമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തകര്‍ നല്‍കിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു എന്നിവരെയും ഹര്ഷാരവതത്തോടെയാണ് ജനം വരവേറ്റത്.
Kerala
തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ലത്തീൻ സഭയ്ക്ക് പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കടുത്ത അതൃപ്തി പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയ മുഖ്യമന്ത്രി, ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ അടക്കമുള്ള സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിസഭയിൽ ലത്തീൻ കത്തോലിക്കാ സഭയിൽ നിന്നുള്ള പ്രതിനിധിയെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സഭ പൂർണമായി ബഹിഷ്കരിച്ചിരുന്നു. കോവളം എംഎൽഎ എം. വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു സഭയുടെ പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിലാണ് അതൃപ്തി തണുപ്പിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തിര സന്ദർശനം.
മുഖ്യമന്ത്രിയുടെ സന്ദർശനത്തോടെ സഭയുടെ പിണക്കം മാറിയതായി തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര മാധ്യമങ്ങളോട് വ്യക്തമാക്കി. തീരദേശ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും അതീവ ശ്രദ്ധയോടെയുള്ള ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സഭയുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
ഷിക്കാഗോ: കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും മറ്റ് മന്ത്രിമാർക്കും അനുമോദനങ്ങൾ നേർന്ന് ഷിക്കാഗോ യുഡിഎഫ് പ്രവർത്തകർ.
യുഡിഎഫിനെ ഉജ്വല വിജയത്തിലേക്ക് നയിച്ചുകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ വി.ഡി. സതീശൻ കേരളത്തെ മുന്നോട്ടു നയിക്കാനുള്ള അമരക്കാരനായി മാറിയിരിക്കുകയാണ്. കേരളത്തെ ഒരു പുതിയ ദിശയിലേക്കു അദ്ദേഹം നയിക്കുമെന്നും ഷിക്കാഗോ യുഡിഎഫ് വിലയിരുത്തി.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും അഭിവാദ്യങ്ങളർപ്പിച്ച് ഷിക്കാഗോ യുഡിഎഫ് ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, ഷിക്കാഗോ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് പ്രസിഡന്റ് ലൂയി ഷിക്കാഗോ, പോൾ പറമ്പി ( മുൻ കിൻഫ്ര ഡയറക്ടർ), പ്രവാസി കേരളകോൺഗ്രസ് (ജെ) കൺവീനർ സണ്ണി വള്ളിക്കളം, രാജൻ തോമസ് കുറ്റിപ്പുറം, ഗ്ലാഡ്സൺ വർഗീസ്, സിനു പാലാക്കാത്തടം, ജോർജ് ജോസഫ് കൊട്ടുകപ്പിള്ളി, തോമസ് മാത്യു, റിൻസി കുര്യൻ, സ്റ്റീഫൻ ഉതുപ്പാൻ, ഡോ. അനുപം രാധാകൃഷ്ണൻ, ചാക്കോ ചിറ്റലക്കാട്ട്, കുര്യൻ ഫിലിപ്പ്, ബിജു പൂത്തുറയിൽ, സാബു അച്ചേട്ട്, ബിജു തോമസ്, ജോസ് പിണർകയിൽ, ആന്റോ കവലക്കൽ, സജി തോമസ്, മനോജ് അച്ചേട്ട്, സന്തോഷ് നായർ, ടോമി അമ്പേനാട്ട്, ജോർജ് മാത്യു, ജോൺസൻ മാളിയേക്കൽ, സാവിയോ ജോസഫ്, സജി വടക്കേക്കൂട്, ജോസ് വർഗീസ്, ഷിബു വർഗീസ്, മോളി തോമസ്, മിനി ജോൺ, അലക്സ് തോമസ്, അനു തോമസ്, സാബു ജോൺ, ലിസി വർഗീസ്, വത്സമ്മ സാബു തുടങ്ങിയവർ അനുമോദനങ്ങൾ അർപ്പിച്ചു.
NRI
ന്യൂയോർക്ക്: നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം യുഡിഎഫിന് സമ്മാനിച്ച കേരള ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ. പിണറായി വിജയന്റെ കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ കൊടുത്ത ചുട്ട മറുപടിയാണ് ഈ വിജയമെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച കെ. സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും വി.ഡി. സതീശനും അതുപോലെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദിയർപ്പിക്കുന്നതായി ഐഒസി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, പോൾ കറുകപ്പള്ളി, ഐഒസി യുഎസ്എ ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ്, വിവിധ ചാപ്റ്റർ പ്രസിഡന്റുമാർ തുടങ്ങിയവർ അറിയിച്ചു.
മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ, വൈസ് പ്രസിഡന്റുമാരായ തമ്പി മാത്യു, തോമസ് ഒലിയാംകുന്നേൽ, സന്തോഷ് കാപ്പിൽ, സന്തോഷ് നായർ, ജോസ് ചാരുംമൂട്, സന്തോഷ് എബ്രഹാം, സെക്രട്ടറിമാരായ കുര്യൻ വർഗീസ്, സൈമൺ വാളാച്ചേരിൽ, ജോർജ് ജെ. കൊട്ടുകാപ്പള്ളി, ആന്റോ കവലയ്ക്കൽ, ട്രെഷറർ ഡോ. മാത്യു വർഗീസ്, ജോയിന്റ് ട്രഷറർ മോൻസി വർഗീസ്, ലീഗൽ അഡ്വൈസർ മാത്യു വൈരമൺ, റേച്ചൽ വർഗീസ്, ശാലു പുന്നൂസ്,ചെറിയാൻ കോശി, സൂസമ്മ ആൻഡ്രൂസ്,ഉഷാ ജോർജ്, ജോൺ വർഗീസ്, ന്യൂജഴ്സി പ്രസിഡന്റ് ജെയിംസ് ജോർജ് തുടങ്ങി വിവിധ മേഖലകളിൽ നിന്ന് അനേകം കോൺഗ്രസ് പ്രവർത്തകർ ടീം യുഡിഎഫിനും വി.ഡി. സതീശനും ആശംസകൾ അർപ്പിച്ചു.
National
ന്യൂഡൽഹി: മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി.സതീശന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ മലയാളത്തിൽ എഴുതി ആശംസകൾ നേർന്നത്.
സർക്കാരിന് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി. ഡി.സതീശൻ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എന്റെ എല്ലാ ആശംസകളും നേരുന്നു.
ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പ്രവർത്തിക്കണം. പുതുതായി രൂപീകൃതമായ കേരള ഗവൺമെന്റിന് കേന്ദ്ര ഗവൺമെന്റ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും മോദി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് അധികാരമേൽക്കും. 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
വേദിയിൽ ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവൻ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.
ആദ്യ കാബിനറ്റിൽ വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. ആശ പ്രവർത്തകരുടെ ഓണറേറിയം കൂട്ടും. കൊച്ചി മാതൃകയിൽ സംസ്ഥാനത്താകെ ഇന്ദിര കാന്റീൻ. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രയിലും പ്രഖ്യാപനം വന്നേക്കും.
Kerala
തിരുവനന്തപുരം: പയ്യന്നൂരിൽ നിന്നുള്ള നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ കന്റോണ്‍മെന്റ് ഹൗസിലെത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെയും വഴുതക്കാടുള്ള വസതിയിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും സന്ദർശിച്ചു.
മണ്ഡല വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതു പരിഹരിക്കുന്നതിനായുള്ള പരിശ്രമങ്ങൾ നടത്തുമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഞായറാഴ്ച ഉച്ചയോടെ മുഴുവൻ മന്ത്രിമാരുടെയും പട്ടിക ഗവർണർക്കു കൈമാറുമെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. എഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ വീട്ടിലെത്തി കണ്ടശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് മന്ത്രിമാരുടെ ചർച്ചകൾ വളരെ വേഗത്തിലാണ് പൂർത്തീകരിക്കുന്നത്. പാർട്ടിയുമായി ചർച്ച ചെയ്താണ് പട്ടിക തയാറാക്കുന്നത്. പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതിയും ആവശ്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.