തിരുവനന്തപുരം: ബജറ്റ് അവതരണത്തിനു ശേഷം തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. രാത്രിയാത്രയുമായി ബന്ധപ്പെട്ട പ്രശ്നത്തിനു പരിഹാരം കാണാൻ കർണാടക മുഖ്യമന്ത്രിയെ കാണാമെന്ന് അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ ഉൾപ്പെടെ വെള്ളം പങ്കിടലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രിയുമായും ചർച്ച നടക്കും. ബജറ്റ് അവതരണ ജോലികളാണ് ഇത്തരത്തിലുള്ള ചർച്ചകൾ വൈകാൻ കാരണമാകുന്നത്. ഒരുപാട് പരിമിതികൾക്കിടയിലാണ് നാളത്തെ ബജറ്റ് അവതരണത്തിനുള്ള തയാറെടുപ്പു നടത്തുന്നത്.
കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ 35,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതിൽ 20,500 കോടി രൂപ ഇല്ല. കാണാനില്ലാത്ത തുകയുടെ ഇന്ദ്രജാലം വച്ചാകണം ബജറ്റ് തയാറാക്കേണ്ടത്. കഴിഞ്ഞ സർക്കാരിൽനിന്നു വ്യത്യസ്തമായ ബജറ്റാകും അവതരിപ്പിക്കുക- മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബജറ്റ് പ്രസംഗം ഇപ്പോൾ പറയാൻ പറ്റുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Tags : V.D. Satheesan Karnataka cm Tamil Nadu cm discussions