മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണം വാരാഘോഷം വിപുലമായി സംഘടിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വിലക്കയറ്റം തടയുന്നതിനായി ദിവസേനയുള്ള വിപണി നിരീക്ഷണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി.
അവശ്യസാധനങ്ങളുടെ വിലയിൽ വർധനവ് കണ്ടെത്തിയാൽ ഇടപെടാൻ റവന്യൂ, പോലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. ഇവരുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പരിശോധനകൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.
സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ചെലവുകൾ ഖജനാവിന് ഭാരമാകാത്ത രീതിയിൽ, പരമാവധി സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് സംസ്ഥാന-ജില്ലാ തലങ്ങളിൽ ട്രേഡ് ഫെയറുകളും സപ്ലൈകോ ഉൾപ്പെടെയുള്ളവ വഴി വിലക്കുറവിൽ അവശ്യസാധനങ്ങളുടെ വിപണനവും നടത്തും.
പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുക. ആഘോഷങ്ങളുടെ സമാപന ഘോഷയാത്രയിൽ വിവിധ വകുപ്പുകൾ അവതരിപ്പിക്കുന്ന ഫ്ലോട്ടുകൾ പുതുയുഗ കേരളം എന്ന വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നതാവണമെന്നും യോഗത്തിൽ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, അനൂപ് ജേക്കബ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Onam v.d. satheesan control price