കൊച്ചി: കേരളത്തെ തുറമുഖ നഗരമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വന്തം നാടായ പറവൂരിൽ നടന്ന സ്വീകരണച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. മോഹൻലാൽ അടക്കമുള്ളവരെ സാക്ഷിയാക്കി, താൻ കാരണം ആർക്കും തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്നെ കുറിച്ച് ഓർത്ത് അപമാന ഭാരത്താൽ ഒരു പറവൂരുകാരനും തല കുനിച്ചു നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കില്ല എന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള തുടക്കം ഉടനുണ്ടാകും. സർക്കാരിന് കൃത്യമായ പ്ലാൻ ഉണ്ടെന്നും മുഖ്യമന്ത്രി വിവരിച്ചു.
അതേസമയം മനസിൽ ചങ്ങാതിയുടെ സ്ഥാനം ആണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് നടൻ മോഹൻലാൽ ചടങ്ങിൽ പറഞ്ഞു. ഇരട്ടി സന്തോഷമുള്ള നേരമാണിത്. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്. നാട് അദ്ദേഹത്തെ സിഎം ആക്കാൻ മുറവിളി കൂട്ടിയത് അമ്പരപ്പിച്ചുവെന്നും മോഹൻലാൽ പറഞ്ഞു.
സത്യസന്ധ്യതയും സുതാര്യതയും ഇഴ ചേർന്ന ആളാണ് അദ്ദേഹം. അതാവും ജനം വിഡിക്കായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ പറഞ്ഞു. കേരളത്തിലെ വിഭവങ്ങൾ നന്നായി ഉപയോഗിക്കാൻ കഴിയട്ടെ.
നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നെഹ്‌റുവിനെ പോലത്തെ ഡ്രീമർ ആവാതെ തരമില്ല. ചില ആകുലതകളും മോഹൻലാൽ പങ്കുവച്ചു. റോഡുകൾ ആളുകളെ കൊല്ലുന്ന അവസ്ഥയിൽ നിന്നും മാറണം. മാലിന്യം രോഗത്തിന് വഴി മാറരുതെന്നും മോഹൻലാൽ പറഞ്ഞു.