അന്തരിച്ച പ്രിയ സുഹുത്തും നടനുമായ സലിം കുമാറിന്റെ വേർപാടിൽ വിതുന്പുന്ന ഓർമകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പറവൂരിൽ നടന്ന സലിം കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷരാർഥത്തിൽ ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് താനെന്നു വികാരഭരിതനായി അദ്ദേഹം പറഞ്ഞു.
2011-ൽ മന്ത്രിയാകാൻ കഴിയാതെ വന്നപ്പോൾ സലീം കുമാർ വീട്ടിലിരുന്ന് ഒരുപാട് കരഞ്ഞിരുന്നുവെന്നും, എന്നാൽ പിന്നീട് താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കഴിഞ്ഞതോടെ തന്റെ ജീവിതലക്ഷ്യം പൂർത്തിയായെന്ന് സലീം കുമാർ പറഞ്ഞതായും മുഖ്യമന്ത്രി ഓർത്തെടുത്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ, "നമ്മളെല്ലാവരും നമ്മുടെ ഹൃദയത്തിൽ ഇടം കൊടുത്തിട്ടുള്ള സലീം കുമാറിന്റെ വേർപാടിൽ അതുമായി ബന്ധപ്പെട്ട ഒരു അനുസ്മരണ സമ്മേളനത്തിലാണ് നമ്മളെല്ലാം ഒത്തുചേർന്നിരിക്കുന്നത്. നമുക്ക് അദ്ദേഹം രോഗബാധിതനായിരുന്നു എങ്കിലും അവിശ്വസനീയമായ ഒരു വേർപാടാണ് പെട്ടെന്നുണ്ടായത്. സത്യത്തിൽ നമ്മുടെ കുടുംബത്തിൽ നിന്ന് ഒരാൾ പോയ ഒരു അനുഭവമാണ് എല്ലാവർക്കും, അദ്ദേഹത്തെ അറിയാവുന്നവർക്ക് എല്ലാവർക്കും ഉണ്ടായത്. അടുപ്പമുള്ളവർക്കെല്ലാം അദ്ദേഹം കുടുംബത്തിൽ അംഗമായിരുന്നു, സഹോദരനായിരുന്നു, മകനായിരുന്നു; സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളായിരുന്നു.
സോഷ്യൽ മീഡിയയിൽ ഒരു ട്രോൾ വന്നാൽ പോലും ആ ട്രോളുകളിൽ വരുന്ന 80 ശതമാനവും സലീം കുമാറിന്റെ ഒരു മുഖം കാണിച്ചുകൊണ്ടിട്ടുള്ള ട്രോളുകൾ ആയിരിക്കും; കാരണം അത്രമാത്രം ആളുകളെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ജീവിത അവസ്ഥകളെ കുറിച്ച്, ജീവിതത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളെ കുറിച്ച്, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് സലീം കുമാർ ഇവിടെ പറഞ്ഞതുപോലെ എല്ലാവരെയും ചിരിപ്പിക്കുകയായിരുന്നു.
എന്നാൽ തനിക്ക് ചിരിപ്പിക്കാൻ മാത്രമല്ല, തനിക്ക് ഗൗരവത്തോടുകൂടിയ ഒരു കഥാപാത്രത്തെ, ദേശീയ രംഗത്ത് ശ്രദ്ധേയമാകുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന് 'ആദമിന്റെ മകൻ അബു'വിലൂടെ അദ്ദേഹം തെളിയിച്ചു; അതിന്റെ ഡയറക്ടർ സലിം അഹമ്മദ്, നമ്മുടെ ഈ വേദിയിൽ, ഈ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ഉണ്ട്. സലീം കുമാറിനെ പോലുള്ള ഒരു താരത്തിന്റെ ഒരു റേഞ്ച്, അത് നമ്മളൊന്നും ഉദ്ദേശിക്കുന്ന തലത്തിലുള്ള ഒരു റേഞ്ച് അല്ല, അതിന് അപ്പുറത്തുള്ള ഒരു റേഞ്ച് ആണ് എന്ന് കണ്ടെത്തിയ സംവിധായകൻ കൂടിയാണ് അദ്ദേഹം. അതാണ് അദ്ദേഹത്തെ ദേശീയ അവാർഡിലേക്ക് നയിച്ചത്, ഭരത് അവാർഡിലേക്ക് നയിച്ചത്. ആ ഭരത് അവാർഡ് സലീം കുമാറിനും മാത്രമല്ല കിട്ടിയത്; സലീം കുമാറിനെ ഇഷ്ടപ്പെടുന്ന നമുക്കെല്ലാവർക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും, അദ്ദേഹത്തിന് ഒരു കുടുംബമായി കരുതുന്ന ഈ പറവൂരിനും നമുക്കെല്ലാവർക്കും കിട്ടിയ ഒരു ഭരത് അവാർഡ് ആണ്. ആ ഭരത് അവാർഡ് കിട്ടിക്കഴിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം ഈ നാടിന് മുഴുവൻ കിട്ടിയ ഒരു സമ്മാനം എന്നുള്ള നിലയിലായിരുന്നു. ആ ഭരത് അവാർഡ് ആ ചിത്രവും അദ്ദേഹത്തെ മറ്റൊരു വ്യത്യസ്തമായ തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
എനിക്ക് വ്യക്തിപരമായി ഉണ്ടായ നഷ്ടം എനിക്ക് പറഞ്ഞറിയിക്കാൻ വയ്യാത്ത നഷ്ടമാണ്. അക്ഷരാർഥത്തിൽ ഒരു സഹോദരനെ, ഒരു കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടതിന്റെ ദുഃഖമാണ് ഇത്.
ഏറ്റവും അവസാനം അദ്ദേഹം പങ്കെടുത്ത ഒരു പൊതുചടങ്ങ് എനിക്കിവിടെ നൽകിയ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം എനിക്ക് ഈ പറവൂരിൽ നൽകിയ പൗരസ്വീകരണത്തിൽ പങ്കെടുത്തുകൊണ്ടാണ്. അന്ന് എന്നോട് എന്റെ അടുത്ത് ചേർന്നിരുന്നുകൊണ്ട് എന്റെ കൈ പിടിച്ചുകൊണ്ട് എന്നോട് പറഞ്ഞു, എനിക്ക് എല്ലാം പൂർത്തിയായതുപോലെയാണ് എന്ന്; അറം പറ്റിയ വാക്കുകൾ പോലെയാണ് ഇപ്പോൾ എനിക്ക് അത് തോന്നുന്നത്, ഇപ്പോൾ എല്ലാം പൂർത്തിയായതുപോലെയാണ് എന്ന്.
എനിക്ക് 2011-ൽ മന്ത്രിയാകാതെ വന്നപ്പോൾ വീട്ടിൽ ഇരുന്ന് ഒരുപാട് കരഞ്ഞു; ഇപ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ഇവിടെ വന്ന് പറവൂരിലെ സ്വീകരണത്തിൽ പങ്കെടുക്കുന്നത് കാണാൻ എനിക്ക് ഭാഗ്യം ഉണ്ടായി, ജീവിതത്തിൽ എല്ലാം പൂർത്തിയായതുപോലെ എന്ന്. തന്റെ ഒരു സുഹൃത്തിന് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാനം ലഭിച്ചപ്പോൾ അത് തന്റെ ജീവിതത്തിലെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായി എന്ന് വിശ്വസിക്കുന്ന ഒരാളെ നമ്മൾ സുഹൃത്ത് എന്ന ചെറിയ വാക്കിൽ ഒതുക്കി നിർത്താൻ പറ്റുമോ എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത്; അതിനേക്കാൾ എത്രയോ അപ്പുറമാണത്, എന്റെ ജീവിതലക്ഷ്യം പൂർത്തിയായി എന്നാണ് എന്നോട് കൈ പിടിച്ചുകൊണ്ട് പറഞ്ഞത്. ഞാൻ പറഞ്ഞു, ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പറഞ്ഞ് തിരിച്ചു കൈപിടിച്ച് ഞാൻ ആശ്വസിപ്പിക്കുകയായിരുന്നു.
യാത്ര ചോദിക്കുകയായിരുന്നു എന്ന് പിന്നീട് എനിക്ക് ഈ മരണവിവരം കേട്ടപ്പോൾ എനിക്ക് മനസ്സിലായി, എന്നോട് യാത്ര ചോദിക്കുകയായിരുന്നു. അത്ര വികാരനിർഭരമായിട്ടാണ് എന്റെ കൈ പിടിച്ചുകൊണ്ട് അത് പറഞ്ഞത്. സലീം കുമാർ, നമുക്ക് ആരും വിചാരിച്ചാൽ നമ്മുടെ ഹൃദയത്തിൽ നിന്ന് നിങ്ങളെ അടർത്തി മാറ്റാൻ നമുക്ക് പറ്റില്ല. അങ്ങയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ഹൃദയത്തിൽ ഉണ്ടാകും എന്ന് മാത്രം വിനയപുരസരം പറഞ്ഞുകൊണ്ട് ഞാൻ ഈ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു".
Tags : brother V.D. Satheesan Salim Kumar