തിരുവനന്തപുരം: എങ്ങും തിണ്ണ നിരങ്ങാൻ പോകില്ലെന്നു പറഞ്ഞിട്ടില്ലെന്നും ബിഷപ്സ് ഹൗസിൽ പോകുന്നതിൽ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിനു മുൻപ് വോട്ടിനായി എങ്ങും തിണ്ണ നിരങ്ങാൻ പോയിട്ടില്ല. തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷമാണ് പോയത്.
തന്നെ വഴക്കു പറഞ്ഞവരെയും കാണാൻ പോകും. ഈ സ്ഥാനത്ത് ഇരിക്കുന്പോൾ എല്ലാവരെയും ചേർത്തു പിടിക്കാനാണ് ശ്രമിക്കുന്നത്. എല്ലാത്തിനോടും ക്ഷമിക്കാൻ കഴിയണം. എന്നാൽ, പ്രഖ്യാപിത നിലപാടിൽ മാറ്റമില്ല. അതിശക്തമായ സെകുലര്‍ നിലപാടാണ് സ്വീകരിക്കുക.
ആരു വർഗീയത പറഞ്ഞാലും അതിനെ ഇനിയും എതിർക്കും. നിലപാടിൽ മാറ്റമില്ല. എന്നാൽ, ആർക്ക് വിഷമം ഉണ്ടായാലും ഓടിയെത്തും.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തന്റെ ആത്മമിത്രമാണ്. അദ്ദേഹത്തെ കണ്ടിരുന്നു.
മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ പട്ടം ബിഷപ്സ് ഹൗസിലെത്തി കണ്ടിരുന്നു.
ശിവഗിരി മഠത്തിൽ പോകാൻ ഇരിക്കുന്നതേയുള്ളൂ. മഠാധിപതിയും സ്വാമിമാരും തന്നെ അഭിനന്ദിക്കാൻ എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തിണ്ണനിരങ്ങാൻ പോയെന്ന വിമർശനങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
Tags : V.D. Satheesan Bishop's House What's wrong