ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ആദ്യ കൂടിക്കാഴ്ച ഇന്നു നടക്കും. രാവിലെ 11.15ന് പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.
ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണെങ്കിലും കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകും. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പൂർത്തിയാക്കാൻ സാധിക്കാതെപോയ വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിന് കേന്ദ്രസർക്കാരിന്റെ പിന്തുണ സംസ്ഥാനത്തിന് ആവശ്യമാണ്.
കേന്ദ്രസർക്കാരുമായി നയപരമായ വിയോജിപ്പുണ്ടെങ്കിലും തുടക്കത്തിലേ ഏറ്റുമുട്ടൽ ഒഴിവാക്കുക എന്ന നിലപാടാണ് സതീശന്. ഉച്ചകഴിഞ്ഞ് 2.30ന് ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാനായിരിക്കും മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി എക്കാലത്തും ഊന്നൽ കൊടുക്കുന്ന തുറമുഖ വികസനത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ പിന്തുണ അത്യാവശ്യമാണ്. കൂടാതെ എയിംസ് ഉൾപ്പെടെ കേരളം ആഗ്രഹിക്കുന്ന നിരവധി പദ്ധതികൾ കേന്ദ്രസർക്കാരിൽ നിന്നും സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് നേടിയെടുക്കേണ്ടതുണ്ട്.
Tags : V.D. Satheesan meet Modi