പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് കൈക്കലാക്കുന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. അന്യസംസ്ഥാന ഏജൻസികളും കണ്ണൂരിലെ ഒരു ട്രാവൽ ഏജൻസിയും ഉൾപ്പെടെയുള്ളവരാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വെർച്വൽ ക്യൂ ബുക്കിംഗ് സ്ലോട്ടുകൾ പൂർണമായും നിറഞ്ഞിരിക്കുമ്പോഴും സന്നിധാനത്ത് എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ബുക്ക് ചെയ്തവരിൽ പതിനായിരക്കണക്കിന് പേർ ദർശനത്തിന് എത്താത്തത് അരവണ വിറ്റുവരവിലും ക്ഷേത്രത്തിലെ മറ്റ് വരുമാനത്തിലും കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ ട്രാവൽ ഏജൻസികൾക്ക് പങ്കുണ്ടോയെന്നും ഒരേ ആധാർ നമ്പർ ഉപയോഗിച്ചാണോ കൂട്ടത്തോടെ ബുക്കിംഗ് നടക്കുന്നതെന്നും പരിശോധിക്കാൻ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് വിജിലൻസ് വ്യക്തമാക്കി. വെർച്വൽ ക്യൂ സോഫ്റ്റ്വെയർ രൂപകൽപ്പന ചെയ്ത ടിസിഎസിൽ നിന്നും അധികൃതർ വിവരങ്ങൾ തേടിയിട്ടുണ്ട്. വിഷയത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി.
വ്യാജ ബുക്കിംഗുകൾ തടയുന്നതിനായി വെർച്വൽ ക്യൂ ചട്ടങ്ങളിൽ കർശന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്: ബുക്കിംഗിന് ആധാർ അധിഷ്ഠിത ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി. ബുക്ക് ചെയ്ത സ്ലോട്ട് റദ്ദാക്കിയാൽ നിശ്ചിത സമയത്തേക്ക് വീണ്ടും ബുക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം തുടങ്ങുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി. ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
Tags : Sabarimala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash