ഇന്ത്യ, യൂറോപ്യന്‍ യൂണിയൻ
ബ്രസൽസ് : രണ്ട് ദശാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പിനും ചര്‍ച്ചകള്‍ക്കും വിരാമമിട്ടുകൊണ്ട്, ഇന്ത്യയും 27 അംഗ യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള നിര്‍ണായക സ്വതന്ത്ര വ്യാപാരക്കരാര്‍ ഡിസംബര്‍ 16ന് ഒപ്പുവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ബ്രസല്‍സില്‍ നടത്തുന്ന സന്ദര്ശനവേളയിലായിരിക്കും കരാറില്‍ ഔദ്യോഗികമായി ഒപ്പുവയ്ക്കുക. അടുത്ത വര്‍ഷം മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന നേട്ടങ്ങളും സവിശേഷതകളും:
93 ശതമാനം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവയിളവ്: 'കരാറുകളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിലൂടെ ഇന്ത്യയില്‍ നിന്നുള്ള 93 ശതമാനം കയറ്റുമതി ഉത്പന്നങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് തീരുവയില്ലാതെ പ്രവേശനം ലഭിക്കും. ഇത് ഇന്ത്യയിലെ ഉത്പാദന~കയറ്റുമതി മേഖലകള്‍ക്ക് വന്‍ ഉണര്‍വേകും.
യൂറോപ്യന്‍ കാറുകള്‍ക്കും വൈനുകള്‍ക്കും വില കുറയും: കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള ആഡംബര കാറുകളുടെയും വൈനുകളുടെയും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചെലവ് ഗണ്യമായി കുറയും.
നടപടികള്‍ അന്തിമഘട്ടത്തില്‍: ഈ വര്‍ഷം ജനുവരി 27~നാണ് കരാറിനായുള്ള ചര്‍ച്ചകള്‍ ഇരുപക്ഷവും ഔദ്യോഗികമായി പൂര്‍ത്തിയാക്കിയത്. കരാറില്‍ ഒപ്പുവെക്കുന്നതിനുള്ള അനുമതി തേടി യൂറോപ്യന്‍ കമ്മീഷന് ഇതിനോടകം തന്നെ അന്തിമ നിയമരേഖകളും താരിഫ് ഷെഡ്യൂളുകളും യൂറോപ്യന്‍ യൂണിയന് കൗണ്‍സിലിന് സമര്‍പ്പിച്ചുകഴിഞ്ഞു.
രണ്ട് ബില്യണ്‍ ജനങ്ങളുടെ വന്‍ വിപണി: ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയെയും രണ്ടാമത്തെ വലിയ സാമ്പത്തിക കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനെയും ബന്ധിപ്പിക്കുന്നതിലൂടെ ഏകദേശം രണ്ട് ബില്യണ്‍ (200 കോടി) ജനങ്ങളുള്ള കൂറ്റന്‍ വിപണിയാണ് തുറന്നുകിട്ടുന്നത്. ആഗോള ജിഡിപിയുടെ 25 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ മൂന്നിലൊന്നും (ഏകദേശം 11 ട്രില്യണ്‍ ഡോളര്‍) പ്രതിനിധീകരിക്കുന്നത് ഇരു കൂട്ടായ്മകളും ചേര്‍ന്നാണ്.
ചരക്ക് വ്യാപാരത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും എത്തുമെന്നും, യൂറോപ്പിലെ പ്രവാസി വ്യവസായികള്‍ക്കും സംരംഭകര്‍ക്കും പുതിയ വാണിജ്യ സാധ്യതകള്‍ തുറന്നുകിട്ടുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
Tags : India and the European Union Deepika DeepikaNewspaper India and the European Union on the verge of a historic milestone