പ്രതീകാത്മക ചിത്രം
ഷിക്കാഗോ: ഇല്ലിനോയിസ് സംസ്ഥാനത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ
ലക്ഷ്യമിട്ട് പുതിയ നികുതി നിയമം 2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നു. ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ ഒപ്പുവച്ച സംസ്ഥാന ബജറ്റിന്റെ ഭാഗമായാണ് ഈ നികുതി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക്ടോക്ക്, സ്നാപ്ചാറ്റ്, എക്സ് എന്നിവ പോലുള്ള വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഈ നിയമം ബാധകമായേക്കും. എന്നാൽ സാധാരണ ഉപയോക്താക്കൾ ഓരോ മാസവും 50 സെന്റ് വീതം നേരിട്ട് നൽകണമെന്ന രീതിയിലുള്ള നികുതിയല്ല ഇത്.
നിയമപ്രകാരം ഇല്ലിനോയിസിൽ വലിയ ഉപയോക്തൃ അടിസ്ഥാനമുള്ള സോഷ്യൽ മീഡിയ കമ്പനികൾക്കാണ് നികുതി ചുമത്തുന്നത്. പത്ത് ലക്ഷത്തിലധികം ഇല്ലിനോയിസ് ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമുകൾക്ക് പ്രതിമാസം അടിസ്ഥാന തുകയും അതിന് മുകളിലുള്ള ഓരോ ഉപയോക്താവിനും അധിക നിരക്കും ഈടാക്കുന്ന രീതിയിലാണ് നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതോടെ ഭാവിയിൽ ഈ കമ്പനികൾ അധിക സാമ്പത്തിക ബാധ്യത ഉപയോക്താക്കൾക്ക് മേൽ ചുമത്തുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതായത്, ഇപ്പോൾ ഉപയോക്താക്കൾക്ക് നേരിട്ട് ഫീസ് ഇല്ലെങ്കിലും, ഭാവിയിൽ ചില പ്ലാറ്റ്ഫോമുകൾ സബ്സ്ക്രിപ്ഷൻ ഫീസോ മറ്റ് ചാർജുകളോ കൊണ്ടുവരാൻ ശ്രമിക്കുമോ എന്നതാണ് ചർച്ചയിലുള്ള പ്രധാന ചോദ്യം. എന്നാൽ അത്തരമൊരു തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, പുതിയ നികുതി പിൻവലിക്കണമെന്ന ആവശ്യവുമായി റിപ്പബ്ലിക്കൻ സംസ്ഥാന പ്രതിനിധി ട്രാവിസ് വീവർ എച്ച്ബി5806 എന്ന ബിൽ അവതരിപ്പിച്ചിട്ടുണ്ട്.നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് കേസ് ഫയൽ ചെയ്തിരിക്കുന്നതിനാൽ, നികുതി നടപ്പാക്കൽ സംബന്ധിച്ച് ഇപ്പോഴും നിയമപരമായ അനിശ്ചിതത്വം നിലനിൽക്കുന്നു.
Tags : tax for social media Illinois Deepika DeepikaNewspaper New tax for social media companies in Illinois