മോഷണം നടന്ന വീട്
തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം വെമ്പായം കന്യാകുളങ്ങരയിൽ പൊലിസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വൻ കവർച്ച. വട്ടപ്പാറ പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. വീട്ടിൽ ആളില്ലാതിരുന്ന പകൽ സമയത്തായിരുന്നു മോഷണം നടന്നത്.
ജസ്നാദ് ഡ്യൂട്ടിക്കായി സ്റ്റേഷനിലേക്കും അധ്യാപികയായ ഭാര്യ ഡയാനയും മക്കളും സ്കൂളിലേക്കും പോയ തക്കം നോക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വൈകിട്ട് മൂന്നരയോടെ സ്കൂൾ വിട്ട് ഡയാന വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്.
അകത്തുകയറി നോക്കിയപ്പോൾ കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളും അടുക്കളയിലെ പാത്രങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടതായി വ്യക്തമായത്. ഉടൻ തന്നെ ഡയാന ഭർത്താവിനെ വിവരമറിയിച്ചു.
വിവരമറിഞ്ഞ് വെഞ്ഞാറമൂട്, വട്ടപ്പാറ സ്റ്റേഷനുകളിലെ സിഐമാർ ഉൾപ്പെടെയുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും വീട്ടിലെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലിസ് കേസെടുത്തു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Robbery Policemans House Gold Stolen