പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് വിമാനം നഷ്ടമായ ദമ്പതികൾക്ക് 63,199 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിട്ടു. സേവനത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജമ്മു ജില്ലാ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.
ജമ്മു സ്വദേശികളായ മോഹിത് സിംഗ് ഭാവു, ഭാര്യ ദാമിനി ബില്ലോറിയ എന്നിവർ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. 2022 ഡിസംബർ 19-ന് ജമ്മുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഡൽഹി ദുരന്തോ എക്സ്പ്രസിലാണ് ദമ്പതികൾ യാത്ര തിരിച്ചത്. ഡിസംബർ 20-ന് പുലർച്ചെ 3:55-ന് ഡൽഹിയിൽ എത്തേണ്ട ട്രെയിനിൽ ഇറങ്ങി രാവിലെ 7:15-ന് ഗുവാഹത്തിയിലേക്കുള്ള കണക്ടിംഗ് ഫ്ലൈറ്റിൽ യാത്ര തുടരാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ ട്രെയിൻ നാല് മണിക്കൂറോളം വൈകിയാണ് ഡൽഹിയിലെത്തിയത്. ഇതോടെ ഗുവാഹത്തിയിലേക്കുള്ള വിമാനം ഇവർക്ക് നഷ്ടമായി. തുടർന്ന് യാത്ര തുടരുന്നതിനായി പുതിയ വിമാന ടിക്കറ്റുകൾ എടുക്കാൻ 35,699 രൂപയും ഡൽഹിയിൽ ഹോട്ടലിൽ താമസിക്കാൻ 2,500 രൂപയും ഉൾപ്പെടെ ആകെ 38,199 രൂപയുടെ അധികച്ചെലവ് ഇവർക്കുണ്ടായി.
കനത്ത മൂടൽമഞ്ഞാണ് ട്രെയിൻ വൈകാൻ കാരണമായതെന്നും അതിനാൽ തങ്ങളെ ഉത്തരവാദികളാക്കാൻ കഴിയില്ലെന്നുമാണ് റെയിൽവേയുടെ വാദം. എന്നാൽ, ട്രെയിൻ വൈകാനുണ്ടായ യഥാർഥ കാരണം വ്യക്തമാക്കുന്ന രേഖകളോ തെളിവുകളോ ഹാജരാക്കാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. കൃത്യസമയത്ത് രേഖാമൂലം മറുപടി നൽകുന്നതിലും റെയിൽവേ വീഴ്ച വരുത്തി. തെളിവുകളില്ലാതെ മൂടൽമഞ്ഞിനെ പഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ കർശനമായി നിരീക്ഷിച്ചു.
തുടർന്നാണ് ദമ്പതികൾക്കുണ്ടായ അധികച്ചെലവായ 38,199 രൂപയും മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ ആകെ 63,199 രൂപ നൽകാൻ ഉത്തരവിട്ടത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ആറാഴ്ചയ്ക്കുള്ളിൽ ഈ തുക പരാതിക്കാർക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Tags : Train Delay Court Railway