x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യം വാങ്ങിനൽകാൻ വിസമ്മതിച്ചു; യുവാവിനുനേരെ തോക്കുചൂണ്ടി ഭീഷണി: മൂന്നുപേർ പിടിയിൽ

വെബ് ഡെസ്ക്
Published: November 19, 2026 11:36 PM IST | Updated: November 19, 2026 11:36 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: മദ്യം വാങ്ങിനൽകാത്തതിന്‍റെ പേരിൽ യുവാവിനുനേരെ തോക്കുചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ബസ് ഉടമ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എടത്തല മുരിങ്ങാശേരി വീട്ടിൽ യൂസഫ് (50), ചുണങ്ങംവേലി മനയിൽ വീട്ടിൽ ഷഫീഖ് (45), കൊടികുത്ത് മല കൊട്ടിയാറ വീട്ടിൽ വിജുകുമാർ (46) എന്നിവരെയാണ് എടത്തല പൊലിസ് പിടികൂടിയത്.

ചുണങ്ങംവേലിയിലെ ബാറിനു മുന്നിലായിരുന്നു സംഭവം. ബാറിനു പുറത്തുനിന്ന വാഴക്കുളം സൗത്ത് ഏഴിപ്രം സ്വദേശിയായ യുവാവിനോട് യൂസഫും ഷഫീഖും മദ്യം വാങ്ങിനൽകാൻ ആവശ്യപ്പെട്ടു. യുവാവ് ഇത് നിരസിച്ചതോടെ പ്രകോപിതനായ ബസ് ഉടമ യൂസഫ് തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കൈമാറിയത് വിജുകുമാറാണെന്നും അന്വേഷണത്തിൽ വ്യക്തമായി.

പിന്നീട് നടത്തിയ പരിശോധനയിൽ യൂസഫിന്‍റെ കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ വടിവാൾ പൊലിസ് കണ്ടെത്തി. കൊച്ചിൻ ബാങ്ക് പരിസരത്തെ ഗോഡൗണിൽനിന്ന് തോക്കും പെല്ലറ്റുകളും പൊലിസ് കസ്റ്റഡിയിലെടുത്തു.

പിടിയിലായ മൂന്നുപേരും വിവിധ പൊലിസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലിസ് അറിയിച്ചു. ആലുവ, എടത്തല, ചേരാനല്ലൂർ, നെടുമ്പാശേരി സ്റ്റേഷനുകളിലായി ഏഴ് കേസുകൾ യൂസഫിനെതിരെയും എടത്തല, കാസർഗോഡ് റെയിൽവേ, അമ്പലമേട് സ്റ്റേഷനുകളിലായി ആറ് കേസുകൾ ഷഫീഖിനെതിരെയും നെടുമ്പാശേരി, ആലുവ സ്റ്റേഷനുകളിലായി മൂന്ന് കേസുകൾ വിജുകുമാറിനെതിരെയും നിലവിലുണ്ട്.

Tags : Crime Alcohol Gunpoint Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up