പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: വാഹന മലിനീകരണ സർട്ടിഫിക്കറ്റുകളുടെ (പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ്-പിയുസി) കാലയളവിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ കാലപ്പഴക്കത്തിനനുസരിച്ച് വാഹന മലിനീകരണ പരിശോധനകൾ എത്ര തവണ നടത്തണമെന്നതിലാണ് പുതുക്കിയ നിയമങ്ങളിലൂടെ മാറ്റം വരുത്തിയിരിക്കുന്നത്.
കഴിഞ്ഞ 13ന് വിജ്ഞാപനം ചെയ്ത നിയമങ്ങൾപ്രകാരം പുതിയ ബിഎസ്-6 വാഹനങ്ങൾക്കു (ഭാരത് സ്റ്റേജ്-ആറ്) ലഭിക്കുന്ന മലിനീകരണ സർട്ടിഫിക്കറ്റുകൾക്ക് നീണ്ട കാലാവധിയുണ്ടാകും. പഴയ വാഹനങ്ങളാകട്ടെ ഹ്രസ്വമായ നിശ്ചിത ഇടവേളകൾക്കിടയിൽ മലിനീകരണ പരിശോധന നടത്തിക്കൊണ്ടേയിരിക്കണം.
നേരത്തേ എല്ലാ സ്വകാര്യ ബിഎസ്-6 വാഹനങ്ങൾക്കും 12 മാസം വരെ കാലാവധിയുള്ള മലിനീകരണ സർട്ടിഫിക്കറ്റുകളാണ് ലഭിച്ചിരുന്നത്. പുതിയ നിയമങ്ങൾപ്രകാരം ആറു വർഷംവരെ പഴക്കമുള്ള സ്വകാര്യ ബിഎസ്-6 വാഹനങ്ങൾ മൂന്നു വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കിയാൽ മതി. ആറു വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ളതും എന്നാൽ പത്തു വർഷം കവിയാത്തതുമായ വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റിന് 12 മാസം വരെയാണു കാലാവധി. പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളാകട്ടെ എല്ലാ ആറു മാസം കൂടുമ്പോഴും മലിനീകരണ സർട്ടിഫിക്കറ്റ് പുതുക്കണം.
പുതിയ നിയമങ്ങൾ ബിഎസ്-6 ഗതാഗത വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റുകൾക്കും നീണ്ട കാലാവധി നൽകുന്നുണ്ട്. ആറു വർഷം വരെ പഴക്കമുള്ള ബിഎസ്-6 ഗതാഗത വാഹനങ്ങൾ രണ്ടു വർഷത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കിയാൽ മതി. ആറു വർഷം മുതൽ പത്തു വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ എല്ലാ വർഷവും സർട്ടിഫിക്കറ്റ് പുതുക്കണം. പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഗതാഗത വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് കാലാവധി ആറു മാസമാണ്.
അതേസമയം ബിഎസ്-1, ബിഎസ്-2, ബിഎസ്-3 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റുകൾക്ക് മൂന്നു മാസത്തെ സാധുതയുണ്ടായിരിക്കും. ബിഎസ്-4 മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് ആറു മാസത്തെ സാധുതയായിരിക്കും ഉണ്ടാകുക.
പുതിയ നിയമങ്ങൾ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിലായെങ്കിലും വാഹന ഉടമകൾ ഉടൻതന്നെ പുതിയ സർട്ടിഫിക്കറ്റുകൾ എടുക്കേണ്ടതില്ല. പുതിയ വ്യവസ്ഥകൾ പുതിയ നിയമങ്ങൾക്കു കീഴിൽആദ്യമായി പുതുക്കുമ്പോഴാണ് ബാധകമാകുക. അതുവരെ നിലവിലുള്ള സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ടാകും. നിയമങ്ങൾ പുതുക്കിയെങ്കിലും അവ നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി സ്വയം നീട്ടുകയുമില്ല.
Tags : pollution certificates validity period vehicle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash