വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ
മാന്നാനം: കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ നവോത്ഥാന ചരിത്രത്തിലെ യുഗപ്രഭാവനായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 12 -ാം വാർഷികാഘോഷങ്ങൾ 23ന് മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പള്ളിയിൽ നടക്കും.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികളുടെ തീർഥാടനം നടത്തും. സിഎംഐ സഭാസ്ഥാപനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭവന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിലെ 76 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മൂവായിരം വിദ്യാർഥികൾ രാവിലെ മാന്നാനം കെഇ സ്കൂൾ അങ്കണത്തിൽ സംഗമിച്ച ശേഷം ആശ്രമം പള്ളിയിലേക്ക് തീർഥാടനം നടത്തും. തുടർന്ന് വിശുദ്ധ കുർബാന നടക്കും.
ഉച്ചയ്ക്ക് 12.30നു നടക്കുന്ന സമ്മേളനത്തിൽ ആഘോഷപരിപാടികളുടെയും ഭവന പദ്ധതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി സിഎംഐ അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണവും നടത്തും.
വികാരി ജനറൽ ഫാ. ബെന്നി നൽക്കര സിഎംഐ, തിരുവന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളി സിഎംഐ, ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ തിരുവന്തപുരം പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളി സിഎംഐ, മാന്നാനം ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ, അസി. ഡയറക്ടർ ഫാ. ജയിംസ് മഠത്തിൽചിറ സിഎംഐ, പിആർഒ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സിഎംഐ എന്നിവർ പങ്കെടുത്തു.
200 സ്നേഹഭവനങ്ങൾ സമ്മാനിച്ച് ദ്വിശതാബ്ദി ആഘോഷം
2031ൽ നടക്കുന്ന സിഎംഐ സഭാസ്ഥാപനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങൾക്കു മുമ്പായി 200 ഭവനരഹിതർക്ക് സ്നേഹഭവനങ്ങൾ നിർമിച്ചു നൽകുന്ന പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇതിനായി ജാതിമത ഭേദമെന്യേ സ്ഥലം സ്വന്തമായുള്ള 200 പേരെ കണ്ടെത്തും.
ഒരു വീടിന് 8.5 ലക്ഷം രൂപ വച്ച് 17 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണിത്. 200 വീടാണ് ലക്ഷ്യം വച്ചിരിക്കുന്നതെങ്കിലും ലോകമെമ്പാടുമുള്ള മുഴുവൻ സിഎംഐ ഭവനങ്ങളും സ്ഥാപനങ്ങളും പദ്ധതി ഏറ്റെടുക്കുന്നതോടെ നിർമിച്ചു നൽകുന്ന വീടുകളുടെ എണ്ണം ആയിരം വരെയായി ഉയരാമെന്ന് പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളി സിഎംഐ പറഞ്ഞു.
Tags : Saint Kuriakose Elias Chavara Anniversary Celebration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash