യോഗി ആദിത്യനാഥ്, അഖിലേഷ് യാദവ്
ഗോരഖ്പുർ: തനിക്കെതിരേ അയോധ്യയിൽ മത്സരിക്കാൻ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്നോടു നേർക്കു നേർ പോരാട്ടത്തിന് അഖിലേഷിന് ധൈര്യമില്ലെന്ന് യോഗി ആദിത്യനാഥ് ഗോരഖ്പുരിൽ ഒരു ചടങ്ങിനിടെ വെല്ലിവിളിച്ചു.
ഞാൻ അയോധ്യയിൽ മത്സരിക്കണമെന്ന് അഖിലേഷ് പറഞ്ഞു. പോയി നാമനിർദേശ പത്രിക സമർപ്പിക്കാൻ അഖിലേഷിനോടു ഞാൻ പറഞ്ഞു. ഞാനും പത്രിക സമർപ്പിച്ചു.
നേർക്കുനേർ പോരാട്ടത്തിനു നിങ്ങൾക്ക് (അഖിലേഷിന്) ധൈര്യമില്ല. പിന്നിൽനിന്നാണ് അദ്ദേഹത്തിന്റെ ആക്രമണം. ഭീരുക്കളുടെ രീതിയാണത്- യോഗി ആദിത്യനാഥ് പറഞ്ഞു.
ഈയിടെ അയോധ്യ സന്ദർശിച്ച അഖിലേഷ് യാദവ് ക്ഷേത്രനഗരിയിൽ മത്സരിക്കാൻ യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ചിരുന്നു.
ബുധനാഴ്ച അഖിലേഷിന്റെ ഗോരഖ്പുരിലെ റോഡ്ഷോയ്ക്കിടെ മണ്ണുമാന്തി യന്ത്രം തട്ടി പതിനാലുകാരൻ മരിച്ചതു വിവാദമുയർത്തി. പ്രാദേശിക ബിജെപി നേതാവ് ഓംകാർ സിംഗിന്റെ മകനായ ആര്യവർധൻ ആണു മരിച്ചത്.
എന്നാൽ, സംസ്ഥാന സർക്കാർ ബസാണ് കുട്ടിയെ ആദ്യം ഇടിച്ചതെന്നും പിന്നീടാണ് മണ്ണുമാന്തി യന്ത്രം തട്ടിയതെന്നു സമാജ്വാദി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കുട്ടി ഓടിച്ച സ്കൂട്ടറും മണ്ണുമാന്തി യന്ത്രവും കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ജില്ലാ കളക്ടർ ദീപക് മീണ പറഞ്ഞു.
Tags : Ayodhya Yogi challenges Akhilesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash