ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളില്‍നിന്ന് വിട്ടുനിന്നിരുന്ന സമാജ്വാദി പാര്‍ട്ടിയും (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവും ഇന്നലെ നടന്ന പ്രതിഷേധത്തിന്റെ കരുത്തുറ്റ മുഖമായപ്പോള്‍ അത് പ്രതിപക്ഷ ഐക്യത്തിന് കൂടുതല്‍ ഊര്‍ജം പകർന്നു. ആറിന് നടന്ന എസ്ഐആര്‍ പ്രതിഷേധത്തിനിടയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആകാശവാണിയിലെ അപ്രതീക്ഷിത കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്ന് സഖ്യത്തില്‍ വിയോജിപ്പുണ്ടായിരുന്നു.
ഇതിനെ ശരിവയ്ക്കുന്ന തരത്തില്‍ ആദ്യദിവസത്തെ രാവിലത്തെ പ്രതിഷേധത്തിലെ നിറസാന്നിധ്യമായിരുന്ന എസ്പി നേതാക്കളും എംപിമാരും പിന്നീട് ഉച്ചയ്ക്കുശേഷം മുതലുള്ള സമരങ്ങളില്‍നിന്ന് വിട്ടുനിന്നു. സഖ്യത്തിലെ മറ്റ് പാര്‍ട്ടികളെ രാഹുലിന്റെ അപ്രതീക്ഷിത സമരത്തെക്കുറിച്ച് അറിയിച്ചില്ല എന്നതായിരുന്നു പ്രധാന വിഷയം. പിന്നീട് നടന്ന ജന്തര്‍ മന്തര്‍, രാജ്ഘട്ട് തുടങ്ങിയിടങ്ങളിലെക്കുള്ള സമരങ്ങളില്‍നിന്ന് എസ്പി വിട്ടുനിന്നിരുന്നു.
അഖിലേഷിന്റെ അസാന്നിധ്യം, ഇന്ത്യ സംഖ്യത്തില്‍ വിള്ളല്‍ എന്ന തരത്തില്‍ ഭരണപക്ഷം വ്യാഖ്യാനിച്ചതോടെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളായി. അഖിലേഷ് യാദവ് സമാജ്വാദി പാർട്ടിയും പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. അഖിലേഷിനെ പ്രതിഷേധത്തിലേക്ക് വീണ്ടും എത്തിച്ചത് രാഹുല്‍ ഗാന്ധിക്കും വിജയമായി. വോട്ടിംഗ് സുതാര്യതയും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും, ഇതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്നും എസ്പി നേതാക്കള്‍ വ്യക്തമാക്കി.